തകർച്ചയിലായ കെ.എസ്.ഇ.ബി ചാരുംമൂട് മേജർ സെക്ഷൻ ഓഫിസ് കെട്ടിടം
ചാരുംമൂട്: കെ.എസ്.ഇ.ബി ചാരുംമൂട് മേജർ സെക്ഷൻ ഓഫിസ് കെട്ടിടം തകർച്ചയിൽ. ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ് കെട്ടിടം. ചാരുംമൂട്, നൂറനാട്, കറ്റാനം സെക്‌ഷൻ ഓഫിസുകളാണ് ചാരുംമൂട് മേജർ സെക്‌ഷന്റെ പരിധിയിലുള്ളത്. അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറും അസി. എൻജിനീയറുമടക്കം നിരവധി ജീവനക്കാരാണ് ഇവിടെയുള്ളത്.
കല്ലട ജലസേചന പദ്ധതിയുടെ (കെ.ഐ.പി) വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി ഓഫിസ് 2017ലാണ് ചാരുംമൂട് ജങ്ഷനു തെക്ക് സ്വന്തം സ്ഥലത്തു നിർമിച്ച കെട്ടിടത്തിലേക്കു മാറിയത്. 2017 ഒക്ടോബർ 11ന് വൈദ്യുതിമന്ത്രി എം.എം. മണിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. തിരുവനന്തപുരത്തു നടന്ന ദേശീയ ഗെയിംസിൽ പങ്കെടുത്തവർക്കു താമസിക്കുന്നതിനു നിർമിച്ച താൽക്കാലിക സാമഗ്രികൾ പൊളിച്ചുകൊണ്ടുവന്നാണ് ചാരുംമൂട് വൈദ്യുതി ഓഫിസ് നിർമിച്ചത്. മുറികൾക്കു ചുറ്റും മെറ്റൽ, ഫൈബർ ഷീറ്റുകളാണ് ഭിത്തിക്കുപകരം ഉപയോഗിച്ചത്. ഫൈബർ ഷീറ്റുകൾ നിർമിച്ചതാണ് മേൽക്കൂര. ഒമ്പതു മുറികളാണ് കെട്ടിടത്തിലുള്ളത്. ലക്ഷങ്ങൾ മുടക്കിയായിരുന്നു നിർമാണം. എന്നാൽ, 10 വർഷത്തിൽ കൂടുതൽ കെട്ടിടത്തിന് ആയുസ്സില്ലെന്ന് അന്ന് നിർമാണച്ചുമതലയിലുണ്ടായിരുന്നവർ പറഞ്ഞിരുന്നു.
കൊല്ലം-തേനി ദേശീയപാതയുടെ നിരപ്പിൽനിന്ന് താഴ്ന്ന പ്രദേശത്താണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. മഴപെയ്യുമ്പോൾ റോഡിലെ വെള്ളം ഇവിടേക്ക് ഒഴുകിയിറങ്ങുന്ന അവസ്ഥയാണ്. ഇതുകാരണം കെട്ടിടത്തിന്റെ അടിത്തറയിലുള്ള ഷീറ്റുകൾ ദ്രവിച്ചുതുടങ്ങി. മുകളിലിട്ടിരിക്കുന്ന പൊടിഞ്ഞ ഷീറ്റുകളിലൂടെ മഴപെയ്യുമ്പോൾ മുറിയിലേക്കു വെള്ളം വീഴുന്നതു മൂലം കെട്ടിടത്തിൽ ഇരിക്കാനാവാത്ത സ്ഥിതിയാണ്.
ഓഫിസിലെത്തുന്ന ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും വാഹനങ്ങൾ സൂക്ഷിക്കാനും സ്ഥലമില്ല. ആളുകൾ റോഡരികിലാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്.
സ്വന്തം സ്ഥലമായതിനാൽ പുതിയ കെട്ടിടം എത്രയും വേഗം നിർമിക്കാനുള്ള നടപടി വൈദ്യുതിവകുപ്പ് സ്വീകരിക്കണമെന്നാണ് ആവശ്യം. ഒട്ടേറെ പരാതികൾ നൽകിയിട്ടും പരിഹാരമായില്ലെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.