ആലപ്പുഴ: ജയിക്കുന്നവൻ പറയുന്നതാണ് പലപ്പോഴും ചരിത്രമായി രേഖപ്പെടുത്തിയതെന്നും ഇത് വസ്തുതാപരമായ ശരി ഇതായിക്കൊള്ളണമെന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന് തുടക്കം കുറിച്ച വാടപ്പുറം ബാവയെ മറന്നു പോകുന്നത് നന്ദികേടാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വാടപ്പുറം ബാവ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ചരിത്രം സംസ്കരിച്ച തിരുവിതാംകൂർ ലേബർ അസോസിയേഷൻ നൂറാം ജന്മവാർഷിക സമ്മേളനം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബാവയിലൂടെ ആണെന്നത് യഥാർഥ ചരിത്രമാണ്. തൊഴിലാളി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ വാടപ്പുറം ബാവയുടെ ചിത്രം ഓഫിസിൽ വെക്കാൻ എല്ലാ തൊഴിലാളി സംഘടനകളും തയാറാകണം. തന്‍റെ മേഖലയിൽ ഐ.എൻ.ടി.യു.സി ഓഫിസുകളിൽ ഇത് ചെയ്യും. ചരിത്രം തിരസ്കരിക്കപ്പെട്ടവന്‍റേത് കൂടിയാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ എജുക്കേഷൻ ആൻഡ് റിസർച് ഉദ്ഘാടനം ചെയ്ത എ.എം. ആരിഫ് എം.പി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികളുടെ ജനനം എന്നെന്നത് പോലും തർക്കവിഷയമാണ്. വാടപ്പുറം ബാവയെ കമ്യൂണിസ്റ്റുകാർ വിസ്മരിച്ചെന്ന വാദം തീർത്തും ശരിയല്ല. ആദ്യപാർട്ടി സെക്രട്ടറി മുഹമ്മദ് ഷെഫീക്കിന്‍റെ ചരമദിനമോ ജന്മദിനമോ ആചരിക്കാത്തത് ആരിഫ് ചൂണ്ടിക്കാട്ടി. ശ്രീനാരായണ ഗുരു പോലും തമസ്കരിക്കപ്പെടുന്ന കാലത്ത് വാടപ്പുറം ബാവയെപ്പോലുള്ളവരെ മറന്നില്ലെങ്കിലേ അത്ഭുതമുള്ളൂയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ശിവഗിരി ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. വൈകുണ്ഡസ്വാമിയും തൈക്കാട്ട് അയ്യയും ചട്ടമ്പിസ്വാമികളും എന്നല്ല അയ്യങ്കാളി പോലും കഴിഞ്ഞിട്ടാണ് ശ്രീനാരായണ ഗുരുവിനെ പരാമർശിക്കുന്നതെന്നും രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. വാടപ്പുറം ബാവ ഫൗണ്ടേഷൻ പ്രസിഡന്‍റ് സജീവ് ജനാർദനൻ അധ്യക്ഷത വഹിച്ചു. സജീവ് ജനാർദനൻ രചിച്ച 'വാടപ്പുറം ബാവ തമസ്കരിക്കപ്പെട്ട വിപ്ലവ നായകൻ' ഡോ. കെ.വി. പ്രമോദിന് നൽകി സ്വാമി പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം മലയാള മനോരമ ഡെ. എഡിറ്റർ രവിവർമ തമ്പുരാൻ ഏറ്റുവാങ്ങി. സ്വാമി അസ്പർശാനന്ദ, ഡോ. നെടുമുടി ഹരികുമാർ, ഷാബു പ്രസാദ്, ഉദയഭാനു വാടപ്പുറം,വി. കമലാസനൻ, പി.ഡി. ശ്രീനിവാസൻ, ജാക്സൺ ആറാട്ടുകുളം എന്നിവർ സംസാരിച്ചു. -------- ചിത്രം:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.