ആലപ്പുഴ: പാമ്പുകടിയേറ്റ് ജില്ലയിൽ രണ്ടുമരണം. ജനം ഭീതിയിൽ. കൊറ്റുകുളങ്ങരയിൽ വിവാഹ സൽകാര ചടങ്ങിനെത്തിയ കായംകുളം മർക്കന്‍റയിൽ വെൽഫെയർ കോഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറിയും വടക്കേതോപ്പിൽ കുടുംബാംഗവുമായ സലീന (42) മരിച്ചതിന്‍റെ നൊമ്പരം വിട്ടുമാറും മുമ്പാണ് കുട്ടനാട് വൈശ്യംഭാഗത്ത് വീട്ടമ്മയുടെ ദാരുണാന്ത്യം. വീടിനോട് ചേർന്ന ശുചിമുറിയിൽവെച്ച് മൂർഖന്‍റെ കടിയേറ്റ് വൈശ്യംഭാഗം പുതുവന വീട്ടിൽ രഘുവിന്‍റെ ഭാര്യ ഇന്ദിരയാണ് (65) മരിച്ചത്.
ചൂട് വർധിച്ചതോടെ പാമ്പുകൾ കൂട്ടത്തോടെ ജനവാസമേലഖയിലേക്ക് ഇറങ്ങിയതോടെ പാമ്പുകടിയേൽക്കുന്നവരുടെ എണ്ണവും കൂടി. കായംകുളത്ത് 15കാരിയായ വിദ്യാർഥിക്കും തോട്ടപ്പള്ളിയിൽ മധ്യവയസ്കനും പാമ്പുകടിയേറ്റു. കായംകുളം എരുവ തറയിൽ സന്തോഷിന്‍റെ മകൾ അനാമികക്കാണ് (15) കടിയേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഉടൻ കായംകുളം ആശുപത്രിയിലെത്തിച്ച് അഞ്ച് ഡോസ് ആന്റിവെനം നൽകിയശേഷം നൂറനാട് സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട നിലതരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാത്രി 12.30നാണ് തോട്ടപ്പള്ളി സ്വദേശി സാലിക്ക് (51) പാമ്പുകടിയേറ്റത്. വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഇയാൾ ഐ.സി.യുവിൽ ചികിത്സയിലാണ്. കത്തുന്നചൂടിൽ മാളത്തിൽ നിന്ന് ഉഗ്രവിഷകാരികളായ പാമ്പുകൾ ഒന്നാകേ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയതോടെ ആളുകൾ പരിഭ്രാന്തിയിലാണ്. ദിവസേന പാമ്പുകടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ജനങ്ങൾ ആശങ്കയിലാണ്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വേനൽക്കാലത്ത് പാമ്പുകടിയേറ്റ് മരിക്കുന്നവരുടെയും പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം കൂടിയിട്ടുണ്ട്.
ആലപ്പുഴ: രാത്രിയിലും പകലും കനത്തചൂട് വർധിച്ചതോടെ രാപകൽവ്യത്യാസമില്ലാതെയാണ് പാമ്പുകളിൽനിന്ന് രക്ഷതേടിഫോൺവിളികൾ. പാമ്പുശല്യം വർധിച്ചതോടെ നെട്ടോട്ടത്തിലാണ് സർപ്പടീമിലും ആർ.ആർ.ടി സംഘവും. ജില്ലയിൽ വനം വകുപ്പിന് കീഴിലാണ് ഇരുടീമുകളുടെയും പ്രവർത്തനം. സർപ്പ പൂർണമായും സന്നദ്ധ സംഘമാണ്. ഇതിൽ 33 വളന്‍റിയേഴ്സ് സജീവമായി പാമ്പുപിടുത്തത്തിലുള്ളത്. ഇവർക്ക് ശാസ്ത്രീയമായി പരിശീലനം ലഭിച്ചവരും വർഷങ്ങളായി ഈ രംഗത്തുള്ളവരുമാണ്. ഇവരെ കൂടാതെ 13 പേർകൂടി പുതിയതായി സർപ്പയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവർ പഴയ ആളുകൾക്കൊപ്പം സഹായികളായി പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. വനം വകുപ്പിലെ ജീവനക്കാർ അടങ്ങുന്ന റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടിയും) സജീവമാണ്. ആർ.ആർ.ടിയിൽ അഞ്ചു ജീവനക്കാരാണുള്ളത്.
പലയാളുകളും സമീപകാലത്തുണ്ടായ സംഭവങ്ങൾ കണ്ടും കേട്ടും ഭയന്നിട്ടുണ്ട്. അതിനാൽ പമ്പുകളെ എവിടെ കണ്ടാലും വിളിക്കും. സർപ്പയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നവർ പല ജോലികളും ചെയ്യുന്നവരാണ്. ഇതിനിടിയിലാണ് വിളിയെത്തുമ്പോൾ ഓടിയെത്തുന്നത്. വെളുപ്പിന് മൂന്നിനും നാലിനും വരെ വിളികൾ എത്താറുണ്ട്. അതിനാൽ വിശ്രമമില്ലാതെ ഓട്ടത്തിലാണിവർ.
ആലപ്പുഴ: ജില്ലയിൽ പ്രധാനമായും കാണപ്പെടുന്നത് ഉഗ്രവിഷമുള്ള അണലിയും മൂർഖനുമാണ്. ഭൂരിഭാഗം കേസിലും ഇവ ആളുകളെ കടിക്കുന്നത് രാത്രികാലത്താണ്. ആളുകൾ അറിയാതെ ഇവയെ ചവിട്ടുമ്പോഴും അവയെ ആക്രമിക്കാൻ പോകുന്നുവെന്ന് തോന്നുമ്പോഴുമാണ് പ്രതിരോധമെന്ന നിലയിൽ പാമ്പുകൾ കടിക്കുന്നത്. അതിനാൽ രാത്രികാലത്ത് വീടുകൾക്ക് പുറത്തിറങ്ങുമ്പോൾ ഏറെശ്രദ്ധിക്കണം. രാത്രികാലത്ത് പുറത്തിറങ്ങിയാൽ മൊബൈൽ ടോർച്ചെങ്കിലും അടിച്ച് നിലം പരിശോധിക്കണം. ആളുകളുടെ പേടിസ്വപ്നമായ ശംഖുവരയൻ ജില്ലയിൽ പൊതുവേ കുറവാണ്. ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്.
രാത്രികാലത്താണ് ഇരപിടിക്കുന്നതിനും ചൂടിൽനിന്ന് രക്ഷതേടാനുമാണ് പാമ്പുകൾ പുറത്തേക്കിറങ്ങുന്നത്. വീടും പരിസരവും ശുചിത്വത്തോടെ സംരക്ഷിക്കണം. മാലിന്യങ്ങൾ വലിച്ചെറിയരുത്. പാമ്പുകൾക്ക് വീടുകളിൽ കയറാനുള്ള ഒരുവഴിയും ഉണ്ടാകരുത്.
ആലപ്പുഴ: പാമ്പു കടിയേൽക്കുന്നവർക്ക് ജില്ലയിലെ 11 ആശുപത്രികളിൽ ചികിത്സ സൗകര്യം. ജില്ലയിലെ താലൂക്ക് ആശുപത്രികൾ മുതൽ മുകളിലേക്കുള്ള ഇടങ്ങളിലെല്ലാം പാമ്പുവിഷ പ്രതിരോധമരുന്ന് (ആന്റിവെനം) ലഭ്യമാണ്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, മാവേലിക്കര, ചെങ്ങന്നൂർ ജില്ല ആശുപത്രികൾ, കടപ്പുറം വനിതാ-ശിശു ആശുപത്രി, നൂറനാട് ലെപ്രസി സാനിട്ടോറിയം, താലൂക്ക് ആശുപത്രികളായ ഹരിപ്പാട്, കായംകുളം, പുളിങ്കുന്ന്, ചേർത്തല, തുറവൂർ എന്നിവിടങ്ങളിലാണ് സൗകര്യമുള്ളത്. പ്രതിരോധമരുന്ന് നൽകുന്നതിലെ കാലതാമസവും വീഴ്ചയുമാണ് മരണത്തിലേക്ക് കടക്കുന്നത്.
രക്തത്തിൽ കലർന്ന വിഷത്തെ മാത്രമേ ആന്റിവെനം ഉപയോഗിച്ച് നിർവീര്യമാക്കാനാവൂ. ശരീരകോശങ്ങളിലേക്ക് വ്യാപിച്ചാൽ ഫലപ്രദമാകില്ല. പാമ്പുകടിയേറ്റാലുടൻ ആന്റിവെനം ലഭ്യമായ ആശുപത്രിയിൽ വേഗത്തിൽ എത്തിക്കുക. പാമ്പുകടിച്ചെന്ന് പലപ്പോഴും ഉറപ്പിക്കാനാകുമെങ്കിലും ഏത് പാമ്പാണ് കടിച്ചതെന്ന് വ്യക്തമാകാറില്ല. ഇത്തരം സന്ദർഭങ്ങളിൽ ഉപയോഗിക്കാവുന്ന പ്രതിവിഷമാണ് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നൽകിയിട്ടുള്ള പോളിവാലന്റ് ആന്റിവെനം. അണലി, മൂർഖൻ, വെള്ളിക്കെട്ടൻ (ശംഖുവരയൻ), ചുരുട്ടയണലി (ചുരുട്ട മണ്ഡലി) എന്നിവിയിലേത് കടിച്ചാലും ഈ പ്രതിവിഷമാണ് നൽകുക. ജില്ലയിലെ മെഡിക്കൽ കോളേജ് ആശുപത്രിയുൾപ്പെടെയുള്ള 11 ആശുപത്രികളിലായി 1,899 വയൽ പോളിവാലന്റ് ആന്റിവെനം ലഭ്യമാണ്. ഇതിനുപുറമെ ജില്ലതല വെയർ ഹൗസിൽ 254 വയലും സ്റ്റോക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.