അ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ശാ​ന്തി​ഭൂ​മി പൊ​തു​ശ്മ​ശാ​നം

അരൂർ ശാന്തിഭൂമി പൊതുശ്മശാനം പ്രവർത്തനരഹിതം

അരൂർ: അരൂർ ഗ്രാമപഞ്ചായത്തിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ശാന്തിഭൂമി എന്ന പേരിലുള്ള പൊതുശ്മശാനം കുറച്ചുനാളുകളായി പ്രവർത്തനരഹിതമാണ്. കോടികൾ മുടക്കി ഗ്യാസിൽ പ്രവർത്തിക്കുന്ന രണ്ട് ക്രിമിറ്റോറിയം സംവിധാനത്തോടെ വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ചതാണിത്. കോവിഡിന് ശേഷം ക്രിമിറ്റോറിയത്തിന്‍റെ താളം തെറ്റി. പ്ലാസ്റ്റിക്കോടുകൂടി മൃതശരീരം സംസ്കരിച്ചതാണ് കാരണമെന്ന് പറയുന്നു. പിന്നീടും കേടുപാടുകൾ തീർക്കാൻ ലക്ഷങ്ങൾ മുടക്കിയെങ്കിലും കുറ്റമറ്റ രീതിയിൽ ക്രിമിറ്റോറിയം പ്രവർത്തന സജ്ജമായില്ല. പുക പുറത്തേക്ക് തള്ളുന്ന സംവിധാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതാണ് കാരണമെന്ന് വൈസ് പ്രസിഡന്റ് മോളി ജസ്റ്റിൻ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതാണ് അറ്റകുറ്റപ്പണികൾക്ക് തടസ്സമെന്നും ഉടൻതന്നെ തകരാറുമാറ്റി ശ്മശാനം പ്രവർത്തനസജ്ജമാക്കുമെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

പ്രതിഷേധം വ്യാപിക്കുന്നു

അടുത്തിടെ അരൂരിൽ മരണപ്പെട്ടവരെ അടുത്തുള്ള പഞ്ചായത്തുകളിൽ സംസ്കരിക്കേണ്ടിവരുന്നത് നാണക്കേടാണെന്ന് അരൂർ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ടി.ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. എൽ.ഡി.എഫ് പഞ്ചായത്ത് ഭരിക്കുമ്പോൾ ശ്മാശാനത്തിന്‍റെ തകരാറുകൾക്കെതിരെ വലിയ പ്രക്ഷോഭം നടത്തി അധികാരത്തിലെത്തിയതാണ് ഇപ്പോൾ ഭരിക്കുന്ന യു.ഡി.എഫ്. ക്രിമിറ്റോറിയം തകരാറിലാണെങ്കിൽ സാധാരണ മൊബൈൽ ക്രിമിറ്റോറിയമെങ്കിലും പകരമായി ഏർപ്പെടുത്താൻ ഭരണസമിതിക്ക് കഴിയണമെന്ന് ഉണ്ണികൃഷ്ണൻ ആവശ്യപ്പെട്ടു. ക്രിമിറ്റോറിയം ആവർത്തിച്ച് അറ്റകുറ്റപ്പണികൾ നടത്തി അഴിമതി നടത്താനുള്ള സാഹചര്യം ഉണ്ടാകരുത്. ഉത്തരവാദിത്വമുള്ള സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തി, വാറന്‍റിയോടെയുള്ള സജ്ജീകരണമാണ് വേണ്ടതെന്നും പ്രതിപക്ഷം പറഞ്ഞു.

ശ്മശാനത്തിന്‍റെ തകരാറ് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ആളുകൾ കൂട്ടമായി താമസിക്കുന്ന ഉന്നതികളെയാണെന്ന് മുക്കം റസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് കെ.കെ. വാസവൻ, സെക്രട്ടറി ഇ.എം. സജിമോൻ എന്നിവർ പറഞ്ഞു. പരിമിതമായ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് അത്യാവശ്യമായതുകൊണ്ടാണ് ശ്മശാനം വ്യവസായ കേന്ദ്രത്തിന് അരികിൽ തന്നെ അനുവദിച്ചത്. പണ്ടുകാലങ്ങളിൽ വിറകിലാണ് സംസ്കാരം നടത്തിയിരുന്നത്. പിന്നീടാണ് ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയത്. ഇപ്പോൾ സ്ഥിതി പഴയതിനേക്കാൾ ദയനീയമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഉടൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടക്കുമെന്ന് വാസവൻ മുന്നറിയിപ്പ് നൽകി.

സംസ്കരിക്കാൻ വീട്ടുമുറ്റത്ത് സ്ഥലമില്ലാത്ത പാവപ്പെട്ട വരാണ് പൊതുശ്മശാനത്തെ ആശ്രയിക്കുന്നത്. മറ്റെന്തിനെക്കാളും മുൻഗണന നൽകേണ്ട വികസന പ്രവർത്തനമാണ് ശ്മശാനമെന്ന് തിരിച്ചറിയാൻ ഭരണാധികാരികൾക്ക് കഴിയണമെന്ന് പി.ഡി.പി മണ്ഡലം പ്രസിഡന്‍റ് അമീർ ഷാജി, ജില്ല വൈസ് പ്രസിഡന്‍റ് കെബീർ, സംസ്ഥാന കൗൺസിൽ അംഗം ഷാഹുൽ ഹമീദ് എന്നിവർ പറഞ്ഞു. ഉടൻ ശ്മാശാനം പ്രവർത്തനസജ്ജമാക്കിയില്ലെങ്കിൽ പ്രക്ഷോഭം നടത്തുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. പ്രവർത്തിക്കാത്ത ശ്മശാനത്തിനെതിരെ നിരന്തരമായ പ്രക്ഷോഭങ്ങൾ നടത്തിയാണ് യു.ഡി.എഫ് അധികാരത്തിൽ വന്നത്. എന്നിട്ട് ശ്മശാനത്തിന്‍റെ പ്രവർത്തനം പോലും കാര്യക്ഷമമാക്കാൻ കഴിയാത്തത് കെട്ടുകാര്യസ്ഥതയാണെന്ന് കെ.പി.എം.എസ് അരൂർ മണ്ഡലം കമ്മിറ്റി ചൂണ്ടിക്കാട്ടി. മറ്റു പഞ്ചായത്തുകളിൽ സംസ്കരിക്കാൻ മൃതശരീരവുമായി അലയേണ്ട ഗതികേട് അരൂർ നിവാസികൾക്ക് ഉണ്ടാകരുതെന്ന് കെ.പി.എം.എസ് അരൂർ പ്രസിഡൻറ് പി.കെ. ബാലൻ, സെക്രട്ടറി കെ.പി. മധു എന്നിവർ പറഞ്ഞു. നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ച് ശക്തമായ സമരം നടത്തുമെന്ന് കെ.പി.എം.എസ് മുന്നറിയിപ്പ് നൽകി.

പരിശോധനക്ക് വിദഗ്ധസംഘം തിങ്കളാഴ്ച എത്തും

അരൂർ: ക്രിമിറ്റോറിയത്തിന്‍റെ സാങ്കേതിക തകരാറുകൾ പരിശോധിക്കാൻ തിങ്കളാഴ്ച വിദഗ്ധർ എത്തുമെന്ന് അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ പറഞ്ഞു. പഞ്ചായത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയപ്പോൾ തന്നെ വൈസ് പ്രസിഡന്റ് മോളി ജസ്റ്റിനെയും കൂട്ടി താൻ ക്രിമിറ്റോറിയം സന്ദർശിക്കുകയും പോരായ്മകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തതാണ്. എന്നാൽ, പുക പുറത്തേക്ക് തള്ളുന്ന സാങ്കേതിക സംവിധാനം തകരാറിലാണെന്ന് നടത്തിപ്പുകാർ പറഞ്ഞു. ഇനിയും അറ്റകുറ്റപ്പണികൾക്ക് കൂടുതൽ കാശ് ചെലവാക്കുന്നതിൽ കാര്യമില്ലെന്നാണ് പുതിയ ഭരണസമിതിയുടെ അഭിപ്രായം. കഴിഞ്ഞഭരണസമിതിയിൽ ശ്മശാനത്തിന്‍റെ കാര്യം ഗൗരവത്തിൽ ചർച്ച ചെയ്തു. ഇത് സ്ഥാപിച്ചവരെതന്നെ വിളിച്ചുവരുത്തി തകരാറുകൾ പരിഹരിക്കാനാണ് കമ്മിറ്റി തീരുമാനം.

മൂന്നുവർഷമെങ്കിലും വാറന്‍റിയോടെയുള്ള അറ്റകുറ്റപ്പണികൾക്ക് നടപടികൾ ഉണ്ടാകണം. തിങ്കളാഴ്ച സാങ്കേതിക വിദഗ്ധരെ വിളിച്ചിട്ടുണ്ടെന്നും പുഷ്പൻ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷങ്ങൾ ചെലവാക്കി അറ്റകുറ്റപ്പണികൾ നടത്തിയതാണ്. ഇനിയും ലക്ഷങ്ങൾ മുടക്കുന്നതിനുപകരം. തകരാറ് സ്ഥിരമായി മാറ്റാനുള്ള നടപടികളാണ് ആവശ്യം. ഇക്കാര്യത്തിൽ പ്രതിപക്ഷം യോജിക്കുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു. പുകക്കുഴൽ, മേൽക്കൂര എന്നിവ തകരാറിലാണ്. ഇതെല്ലാം മാറ്റി പൂർണസംവിധാനത്തോടെ പൊതുശ്മശാനം പുനരാരംഭിക്കുന്നത് വരെ താൽക്കാലിക പകരം സംവിധാനം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് കമ്മിറ്റി തീരുമാനമെടുക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

Tags:    
News Summary - Aroor Shanthibhoomi Public Crematorium is out of operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.