പൂർത്തിയാകാത്ത ഉയരപ്പാത
അരൂർ: അരൂർ -തുറവൂർ ഉയരപ്പാതയുടെ നിർമാണം പൂർത്തിയാക്കൽ ഇനിയും വൈകും. ദേശീയപാത മറികടക്കുന്ന ടവർ ലൈൻ ഉയർത്താൻ കഴിയാത്തതാണ് പ്രശ്നം. ഉയരപ്പാതയുടെ നിർമാണ പൂർത്തീകരണകരാർ കാലാവധി മൂന്നുവർഷമായിരുന്നു. 2026 ഫെബ്രുവരിയിൽ കരാർ കാലാവധി അവസാനിച്ചു. 2026 മേയിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും പിന്നെയും വൈകാനാണ് സാധ്യത. 2026 ഡിസംബറിൽ പണിപൂർത്തീകരിച്ച് തുറക്കാൻ കഴിയുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ പറയുന്നത്. എന്നാൽ, അടുത്ത വർഷത്തേക്ക് നീളുമെന്നാണ് കെ.എസ്.ഇ.ബിയുടെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.
2023-ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 12.75 കിലോമീറ്റർ നീളമുള്ള ഈ പാത, ദേശീയപാത 66-ന്റെ ഭാഗമായി, അരൂർ ബൈപാണ് ജങ്ഷനിൽനിന്ന് ആരംഭിച്ച് തുറവൂരിന് തെക്ക് വരെയാണ് നിർമിക്കുന്നത്. പാത അവസാനിക്കുന്ന തുറവൂരിലും ആരംഭിക്കുന്ന അരൂരിലും ലാൻഡിങ് പ്രവൃത്തി നടത്തിയിട്ടില്ല. പാതയുടെ ഇരുവശങ്ങളിലെ കാനനിർമാണവും പൂർത്തിയായിട്ടില്ല. കാന നിർമാണത്തെക്കുറിച്ച് നാട്ടുകാരുടെ പരാതികൾക്ക് ഇനിയും പരിഹരിച്ചിട്ടില്ല. ഇതിൽ ഏറ്റവും പ്രധാനം ഉയരപ്പാത ഇപ്പോഴും പൂർത്തിയാകാതെ വിടവോടെയാണ് കിടക്കുന്നത്. വിടവ് നികത്താൻ 14 ഗാർഡറുകൾ സ്ഥാപിക്കണം. അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ ദൂരത്തി ലുള്ള ഉയരപ്പാത രാജ്യത്തെ ഏറ്റവും നീളം കൂടിയ ഉയരപ്പാതയാണ്. മൂന്നുവർഷത്തിനകം പൂർത്തീകരിക്കുമെന്ന് കരാർ ഏറ്റെടുത്ത അശോക ബിൽഡ്കോൺ കമ്പനി അവകാശപ്പെട്ടിരുന്നു. 110 കെ.വി ലൈൻ ഉയർത്താനുള്ള നടപടികൾ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഉയരപ്പാതയുടെ 25,26,27 നമ്പരുകളിലെ തൂണുകളുടെ മുകളിലെ നിര്‍മാണം ടവർ ലൈൻ ഉയർത്താത്തതാണ് ഉയരപ്പാത നിർമാണം ഇനിയും താമസിക്കാൻ കാരണം. ഇ.ആര്.എസ് സംവിധാനത്തിനായി 16 താൽക്കാലിക ടവറുകള്‍ ഒരുക്കുന്നുണ്ട്. ഇലക്ട്രിസിറ്റി ബോർഡിൽ കരാർ അനുസരിച്ച് പണികളുടെ മുഴുവൻ തുകയും കരാർ കമ്പനി അടച്ചിട്ടുള്ളതാണ്. എന്നാൽ സങ്കീർണമായ ഇലക്ട്രിക് വർക്കുകൾ ചെയ്യാനുള്ള കാലതാമസമാണ് ടവർ ലൈൻ ഉയർത്തുന്നതിന് തടസ്സം.
ദേശീയപാത അതോറിറ്റിയുടെ ഉത്തരവാദിത്വത്തിൽ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരുടെ നോട്ടത്തിലാണ് ജോലികൾ നടക്കുന്നത്. ഇതിനുള്ള കോടിക്കണക്കിന് രൂപ കരാർ കമ്പനി കെട്ടിവെച്ചിട്ടുണ്ട്. അരൂർ ബൈപ്പാസിനരികിൽ ഉണ്ടായിരുന്ന ടവർ ലൈൻ ഉയർത്തുന്ന ജോലികൾ പൂർത്തിയാക്കി കഴിഞ്ഞു. ഇനി പണികൾ നടക്കേണ്ടത് എസ്.എൻ നഗറിന് അരികിലാണ്. പണികൾ നടക്കുന്നുണ്ടെങ്കിലും കാലതാമസം ഉണ്ടാകുമെന്നാണ് സൂചന.
ദേശീയപാതക്ക് കുറുകെ കെ.എസ്.ഇ.ബി. 110 കെ.വി. പ്രസരണ ലൈന്‍ ഉയര്‍ത്തുന്ന ജോലികളാണ് നടക്കേണ്ടത്. കളമശേരിയില്‍ നിന്നും പുന്നപ്രയില്‍നിന്നും ഉള്ള രണ്ട് ലൈനുകളിലൊന്ന് അരൂര്‍ ബൈപാസ് ജങ്ഷനിലും മറ്റൊന്ന് അരൂര്‍ എസ്.എന്‍ നഗറിന് സമീപവുമാണ് പാതക്ക് കുറുകെ കടന്നുപോകുന്നത്. ഇതില്‍ ബൈപാസ് ജങ്ഷനിലെ ജോലികള്‍ പൂർത്തിയായി. എമര്‍ജന്‍സി റീസ്റ്റൊറേഷന്‍ സിസ്റ്റം(ഇ.ആര്.എസ്) അഴിച്ച് എസ്.എന്‍ നഗറില്‍ സ്ഥാപിക്കണം. വൈദ്യുതി വിതരണം തടസപ്പെടാതെ (ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താതെ) പ്രസരണ ലൈന്‍ ഉയര്‍ത്താനുള്ള സംവിധാനമാണിത്. നിലവില്‍ എസ്.എന്‍ നഗറിന് സമീപം ലൈന്‍ ഉയര്‍ത്തുന്നതിനായി നാല് ടവറുകള്‍ സ്ഥിരമായി നിര്‍മിക്കുന്ന ജോലികൾ നടക്കുന്നുണ്ട്. ഇതിനൊപ്പം ഇ.ആര്.എസ്. എന്ന താൽക്കാലിക സംവിധാനം ഒരുക്കുന്നതിനായി മറ്റ് 16 ടവറുകള്‍ കൂടി നിർമിക്കണം.
താരതമ്യേന വലിപ്പം കുറഞ്ഞ ഈ ടവറുകളിലൂടെ കടന്നുപോകുന്ന ഇ.ആര്.എസ്. സംവിധാനമാകും ലോഡ്ഷെഡിങ് അടക്കം ഒഴിവാക്കിയുള്ള നിര്‍മാണജോലികള്‍ക്ക് വഴിയൊരുക്കുക. ഈ ടവറുകള്‍ ജോലികള്‍ പൂര്‍ത്തീകരിക്കുന്ന മുറക്ക് ലൈനുകൾ അഴിച്ച് മാറ്റി താൽക്കാലിക ടവറുകളിലേക്ക് സ്ഥാപിക്കും. നിലവിലുള്ള ടവറുകളുടെ ഉയരം കൂട്ടും. അതിനുശേഷം ടവറുകളിലേക്ക് ലൈനുകൾ മാറ്റി സ്ഥാപിക്കും. ഈ വക ജോലികൾക്ക് സമയം ഏറെ എടുക്കും എന്നാണ് സൂചന. 25,26,27 തൂണുകള്‍ക്ക് മുകളില്‍ വി ക്യാപ്പും ഗർഡറും സ്ഥാപിച്ചിട്ടില്ല. ഇതിന് കാരണം മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത പ്രസരണ ലൈനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.