സ​ലീ​ന​ക്ക് പാ​മ്പ് ക​ടി​യേ​റ്റ കൊ​റ്റു​കു​ള​ങ്ങ​ര പാ​ഞ്ചേ​രി​ൽ പു​ര​യി​ടം കാ​ട് ക​യ​റി​യ നി​ല​യി​ൽ    

കൊറ്റുകുളങ്ങര: പാമ്പുകളുടെ ആവാസകേന്ദ്രം

കായംകുളം: ഉഗ്രവിഷമുള്ള പാമ്പുകൾ കൊറ്റുകുളങ്ങര പ്രദേശത്തിന്‍റെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇവിടുത്തെ പൊന്തക്കാടുകളും ആക്രി-പ്ലാസ്റ്റിക് ഗോഡൗണുകളും കാടുകയറിയ പുരയിടങ്ങളും ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമാണ്.വിവാഹ സത്കാരത്തിന് എത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചതോടെ ജനങ്ങളുടെ ഭീതി വർധിക്കുകയാണ്. ആറാട്ടുപുഴ കാപ്പൂരിക്കാട്ടിൽ നാജിമിന്‍റെ ഭാര്യ സലീനയുടെ (42) മരണത്തോടെ പഴയ സംഭവങ്ങളും ജനങ്ങൾ ഓർത്തെടുക്കുകയാണ്. പാമ്പ് കടിയേറ്റെങ്കിലും അത്‌ഭുതകരമായി രക്ഷപ്പെട്ട അനുഭവങ്ങളും നാട്ടുകാർക്ക് പങ്കുവെക്കാനുണ്ട്.

കൈപ്പത്തിക്ക് അണലിയുടെ കടിയേറ്റ ഇപ്പോൾ സംഭവം നടന്നതിന്‍റെ സമീപം താമസിച്ചിരുന്ന മല്ലൻചേരിൽ സൈനബ (80) യഥാസമയം വിദഗ്ധ ചികിത്സ ലഭിച്ചതിനാലാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം മേയിലായിരുന്നു സംഭവം.വീടിന്‍റെ ഉമ്മറത്തിട്ടിരുന്ന സോഫയിൽ ഇരിക്കാൻ ശ്രമിക്കുമ്പോഴാണ് കൈപ്പത്തിക്ക് കടിയേറ്റത്. പുറത്തെ പറമ്പിൽ നിന്ന് ഇഴഞ്ഞെത്തിയ അണലി സോഫയിൽ ഇടം പിടിക്കുകയായിരുന്നു. നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ ഒരു മാസത്തോളം നടത്തിയ ചികിൽസയിലൂടെയാണ് ജീവൻ തിരികെ പിടിച്ചത്. കൈയിലെ വ്രണം ഇപ്പോഴും ഭേദമായിട്ടില്ല. പാമ്പുപിടുത്തക്കാരെ എത്തിച്ചാണ് ഇതിനെ പിടികൂടിയത്.

കഴിഞ്ഞ റമദാനിൽ ദാറുൽ അമാൻ മസ്ജിദിൽ കയറിയ പാമ്പിനെ യഥാസമയം കാണാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. പിന്നീട് പ്രദേശത്ത് പലഭാഗത്തും പാമ്പുകൾ പ്രത്യക്ഷപ്പെടാറുള്ളത് ശ്രദ്ധിക്കാതെ പോകുകയായിരുന്നു. മിക്കപ്പോഴും വഴികളിൽ പാമ്പുകളെ കാണുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. പാമ്പുകൾ പെരുകിയതോടെ ജീവൻ രക്ഷക്ക് വഴി തേടുകയാണ് നാട്. അണലി വർഗക്കാരാണ് കൂടുതലായും പെരുകുന്നത്.

ദേശീയ പാത നിർമാണത്തിനായി എത്തിക്കുന്ന മണ്ണ് ലോറികളിലൂടെ കിഴക്കൻ നാടുകളിൽ നിന്നാണ് പാമ്പുകൾ ഇവിടേക്ക് എത്തിയതെന്നാണ് സംശയം. പ്രദേശത്തെ കാടും പടലും പടർന്ന പുരയിടങ്ങളും ആക്രി-പ്ലാസ്റ്റിക് ഗോഡൗണുകളും പാമ്പുകൾക്ക് സുരക്ഷിത താവളങ്ങളായി മാറി. ഇവിടെ ശുചീകരണം കാര്യക്ഷമമാക്കുന്നതിൽ നഗരസഭയും ഗുരുതര വീഴ്ച വരുത്തുന്നതായാണ് ആക്ഷേപം.

Tags:    
News Summary - Kottukulangara: A habitat for snakes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.