സി.പി.എം സമ്മേളനങ്ങളിലെ വിഭാഗീയത; പാർട്ടി അന്വേഷണ കമീഷൻ ജില്ലയിലേക്ക്

ആലപ്പുഴ: സി.പി.എം ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത അന്വേഷിക്കുന്നതിന്​ നിയോഗിച്ച പാർട്ടി കമീഷൻ ജില്ലയിലേക്ക്​. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ. ബിജുവും ടി.പി. രാമകൃഷ്ണനുമാണ് കമീഷൻ അംഗങ്ങൾ. ഈയാഴ്ച ഇവർ ജില്ലയിലെത്തും. ഹരിപ്പാട്, ആലപ്പുഴ സൗത്ത്, തകഴി, മാന്നാർ ഏരിയ സമ്മേളനങ്ങളിൽ മത്സരം നടന്നതി​‍ൻെറ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃത്വം അന്വേഷണത്തിന്​ തീരുമാനിച്ചത്. കമീഷൻ അംഗങ്ങൾ ആലപ്പുഴയിലെത്തിയശേഷം വിവിധ സ്ഥലങ്ങളിലെ അന്വേഷണത്തിന്​ സമയം നിശ്ചയിക്കും. ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ല, ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ കൂടാതെ പരാതിക്കാരിൽനിന്നുമാകും വിവരങ്ങൾ ശേഖരിക്കുക. തെളിവെടുപ്പി​‍ൻെറയും നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കമീഷൻ അംഗങ്ങളിൽനിന്ന്​ ലഭിക്കുന്ന നിർദേശങ്ങൾ കണക്കിലെടുത്ത്​ ഈ ഏരിയ കമ്മിറ്റികളിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. മത്സരത്തിലൂടെ പുറത്തായ ചിലരെ കമ്മിറ്റികളിൽ ഉൾപ്പെടുത്തിയേക്കും. ഹരിപ്പാട് ഏരിയ കമ്മിറ്റിയിലാണ് വിഭാഗീയത കൂടുതൽ പ്രകടമായത്. ഇവിടെ മത്സരമുണ്ടായപ്പോൾ ഔദ്യോഗിക പാനലിലെ ഏഴുപേർ തോറ്റിരുന്നു. ആലപ്പുഴ സൗത്തിൽ വിഭാഗീയ നീക്കങ്ങളിലൂടെ അഞ്ചുപേരെ ഒഴിവാക്കിയെന്ന്​ പരാതിയുണ്ടായി. തകഴിയിലും മാന്നാറിലും മത്സരമുണ്ടായതും കമീഷൻ പരിശോധിക്കും. ജില്ലയിൽ പാർട്ടി പിടിച്ചെടുക്കാൻ സംഘടിത ശ്രമമുണ്ടായെന്ന പരാതി സംസ്ഥാന നേതൃത്വത്തിന്​ മുന്നിലെത്തിയിരുന്നു. ചില ഏരിയ സമ്മേളനങ്ങളിൽ തുടർച്ചയായി മത്സരമുണ്ടാകുന്ന സാഹചര്യം കമീഷ‍‍ൻെറ അന്വേഷണ പരിധിയിലുണ്ട്​. വിഭാഗീയത പൂർണമായും ഒഴിവാക്കാനാണ് നേതൃത്വ തീരുമാനം. സമ്മേളനത്തിന്​ മുന്നോടിയായ ചില നടപടികളുടെ പേരിലും മറ്റും ശാക്തീയ ചേരികളിൽ വന്ന മാറ്റം പാർട്ടി സമ്മേളനങ്ങളിൽ പ്രതിഫലിച്ചിരുന്നു. സജി ചെറിയാൻ പക്ഷം മേൽക്കൈ നേടിയാണ്​ ജില്ല സമ്മേളനങ്ങൾ സമാപിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.