അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള ജനകീയ സ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന്റെ തെരത്തെടുപ്പ് സമ്മേളനം കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം
അമ്പലപ്പുഴ: പൊതുസമൂഹത്തിന് മന്ത്രി എന്ന നിലയിൽ കളങ്ക രഹിതമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജനനേതാവായ ജി. സുധാകരനെ ചെറ്റ എന്ന് വിളിച്ച പിണറായി വിജയന്റെ ചെകിട്ടത്ത് കൊള്ളുന്ന വിധി ആയിരിക്കും അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ നൽകുകയെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പി. അമ്പലപുഴയിൽ യു.ഡി.എഫ് പിന്തുണയുള്ള ജനകീയസ്വതന്ത്ര സ്ഥാനാർഥി ജി.സുധാകരന്റെ തെരത്തെടുപ്പ് പ്രചാരണാർഥം വളഞ്ഞവഴിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതു പക്ഷം വിട്ട് ബി.ജെ.പിയിൽ ചേർന്ന് മത്സരിക്കുന്ന സി.സി. മുകുന്ദൻ, അജിത്, രാജേന്ദ്രൻ എന്നിവരിൽ പിണറായി വിജയൻ ഇതുവരെ ഒരു കുറ്റവും കണ്ടിട്ടില്ല.
സ്വതന്ത്രൻ ആയി മത്സരിക്കുന്ന ജി.സുധാകരനാണ് പിണറായിയ്ക്ക് കണ്ണിലെ കരടായി മാറിയതെന്നും ഷാഫി പറഞ്ഞു. അമ്പലപ്പുഴയിൽ മുസ്ലിം വോട്ടർമാർക്കിടയിൽ ഭിന്നിപ്പ് ഉണ്ടാക്കുവാൻ എൽ.ഡി.എഫ് ശ്രമിക്കുന്നതായി ജി. സുധാകരൻ പറഞ്ഞു. മതനിരപേക്ഷത മുറുകെ പിടിക്കുന്നവരാണ് അമ്പലപ്പുഴയിലെ വോട്ടർമാർ. ഇവിടെ ഒരു വർഗീയതയും വിൽക്കുവാൻ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. രാത്രി പതിനൊന്ന് വരെ പ്രചാരണം നടത്തുന്ന എൽ.ഡി.എഫിന്റെ നിയമലംഘനത്തിനെതിരെ പൊലീസ് നടപടി എടുക്കുന്നില്ലെന്നും ഇതിനെതിരെ കമീഷന് പരാതി നൽകുമെന്നും ജി. സുധാകരൻ പറഞ്ഞു.
യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ കമാൽ എം.മാക്കിയിൽ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി നീരീക്ഷകനും രാജസ്ഥാൻ എം.എൽ.എയുമായ ജാഫർ ഖാൻ, യു.ഡി.എഫ് ജില്ല കൺവീനർ അഡ്വ.ബി. രാജശേഖരൻ, യു.ഡി.എഫ് മണ്ഡലം കൺവീനർ അഡ്വ.ആർ.സനൽ കുമാർ, അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി.എ ഹാമിദ്, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എ.എം.നസീർ, ഡി.സി.സി ജനറൽ സെക്രട്ടറി സജ്ഞീവ് ഭട്ട്, കെ.എഫ്. തോബിയാസ്, എ.ആർ. കണ്ണൻ, സഫീർ പീടിയേക്കൽ, പ്രഭുകുമാർ, ഷിനോയ് എന്നിവർ സംസാരിച്ചു. തുടർന്ന് ഷാഫി പറമ്പിൽ സ്വയം ഡ്രൈവ് ചെയ്ത് ചുവന്ന ജീപ്പിൽ സ്ഥാനാർഥി ജി. സുധാകരനൊപ്പം തീരദേശ റോഡിലൂടെ ആലപ്പുഴ സഖരിയ ബസാർ വരെ റോഡ് ഷോ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.