എൽ.ഡി.എഫ് സ്ഥാനാർഥി ദലീമ തുറവൂർ റെയിൽവേ
സ്റ്റേഷനിൽ പ്രചരണവുമായി എത്തിയപ്പോൾ, യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ കെ.പി.സി.സി മാധ്യമ വക്താവ് ഡോ. ജിന്റോ ജോണിനൊപ്പം മണ്ഡല
പര്യടനത്തിൽ
അരൂർ: മണ്ഡലത്തിൽ വികസന തുടർച്ചക്ക് വോട്ട് തേടുകയാണ് ദലീമ. വികസനം പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് എൽ.ഡി.എഫ് ഒരിക്കൽ കൂടി തന്നെ സ്ഥാനാർഥിയാക്കിയതെന്നാണ് സ്വീകരണ യോഗങ്ങളിൽ ദലീമ പറയുന്നത്. നടന്ന വികസനങ്ങളിൽ വലിയ അഭിമാനം ഉണ്ട്. പെരുമ്പളം പാലത്തിന്റെ പൂർത്തീകരണം കേരളത്തിന്റെ വികസന പാതയിൽ ചരിത്രം കുറിക്കുമെന്ന് ദലീമ പറയുന്നു. ഇനിയും മാക്കേക്കടവ്-നേരെകടവ് പാലം ഉൾപ്പെടെ നിരവധി പാലങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവ പൂർത്തീകരിക്കാനുണ്ട്. ഇതിനായി 300 ലധികം കോടികൾ അനുവദിച്ചിട്ടുണ്ട്. ഈ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഒരിക്കൽ കൂടി അവസരം നൽകണമെന്നാണ് ദലീമയുടെ അഭ്യർഥന.
ബുധനാഴ്ച വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതോടെ പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. പൂർത്തിയായതും, പൂർത്തിയാക്കാനുള്ളതുമായ നിരവധി വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനങ്ങൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് മണ്ഡലമാകെ നടത്തിയത് പ്രധാന പ്രവർത്തനമായിരുന്നു.
ജില്ലാ പഞ്ചായത്തിലേക്ക് അരൂർ ഡിവിഷനിൽ നിന്ന് രണ്ട് തവണ വിജയിച്ച ദലീമക്ക് വോട്ടുപിടുത്തം പാട്ട് പാടുന്നത് പോലെ ആയാസരഹിതമായിരുന്നു. ബുധനാഴ്ച തൊഴിലുറപ്പ് തൊഴിലാളികളെയും, ചെമ്മീൻ സംസ്കരണ ശാലകളിലെ തൊഴിലാളികളെയും കാണാനായിട്ടാണ് ചെലവഴിച്ചത്. എഴുപുന്ന ശ്രീനാരായണപുരം, കോങ്കേരി എന്നിവിടങ്ങളിൽ പ്രവർത്തകർക്കൊപ്പം രാവിലെ എത്തി. ഇടത് നേതാക്കളായ മധുകുട്ടനും മനോജുമാണ് ഒപ്പമുണ്ടായിരുന്നത്.
ഇതിനിടെയാണ് അരൂരിലേക്ക് എത്താനുള്ള നിർദ്ദേശം വരുന്നത്. ചൊവ്വാഴ്ച വൈകിട്ട് ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് കുടിവെള്ളം പാഴായിരുന്നു. സംഭവസ്ഥലത്തേക്ക് അടിയന്തരമായി ജാഥ നടത്തുന്നതിനായിട്ടാണ് വിളിച്ചുവരുത്തിയത്. അരൂർ സി.പി.എം എൽ.സി ഓഫിസിനു മുന്നിൽ നിന്ന് പി. പ്രസാദ്, എൻ.പി. ഷിബു, മനു. സി പുളിക്കൻ, സാബു എന്നിവരുടെ നേതൃത്വത്തിൽ ഉയരപ്പാത നിർമാണം നടക്കുന്ന ദേശീയപാതയിലൂടെ വടക്കോട്ട് പടുകൂറ്റൻ പ്രകടനം സംഘടിപ്പിച്ചു. പ്രകടനം ബൈപ്പാസ് ചുറ്റി അരൂർ വില്ലേജ് ഓഫിസിന് എതിർവശത്ത് എത്തി.
പോകുന്ന വഴിയിൽ എല്ലാം നിർമാണ പ്രവൃത്തി നടത്തുന്ന കമ്പനി അധികൃതരോട് പൈപ്പ് പൊട്ടിക്കുന്നത് ആവർത്തിക്കരുതെന്ന് താക്കീത് നൽകി. പൈപ്പ് പൊട്ടിയ സ്ഥലത്ത് എത്തിയ നേതാക്കൾ ഉടൻ പണികൾ പൂർത്തീകരിച്ച് ജലവിതരണം സാധ്യമാക്കാൻ ആവശ്യപ്പെട്ടു. നിരന്തരം പൈപ്പ് പൊട്ടിക്കുന്നത് ആളുകൾക്കുണ്ടാക്കുന്ന ദുരിതം എം.എൽ.എ വിശദീകരിച്ചു. കുറച്ചു പ്രവർത്തകരെ പണി പൂർത്തീകരിക്കുന്നത് വരെ കാത്തിരിക്കാൻ ആവശ്യപ്പെട്ട് ബാക്കിയുള്ളവർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നീങ്ങി.
ജലവിതരണം മുടങ്ങുന്നത് ആവർത്തിക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് എൽ.ഡി.എഫ് പ്രവർത്തകർ നിർമാണ കമ്പനി അധികൃതർക്ക് മുന്നറിയിപ്പു നൽകി. ദലീമയും പ്രവർത്തകരും എഴുപുന്ന ഭാഗത്തേക്ക് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേണ്ടി നീങ്ങി. മുഖ്യമന്ത്രിക്ക് ഒപ്പമുള്ള യോഗത്തിന് ശേഷം സ്വകാര്യ സന്ദർശനങ്ങളിലൂടെയുള്ള വോട്ട് ഉറപ്പിക്കലിലേക്ക് കടന്നു.
അരൂർ: അരൂർ മണ്ഡലം തിരികെ പിടിക്കാൻ അരയും തലയും മുറുക്കിയ കടുത്ത പോരാട്ടത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ. ഇടക്കാല തെരഞ്ഞെടുപ്പിൽ കൈയ്യിൽ കിട്ടിയ മണ്ഡലം തലനാരിഴക്കാണ് കഴിഞ്ഞതവണ കൈവിട്ടത്. ഒരിക്കൽ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നതിന്റെ ആത്മവിശ്വാസത്തിലാണ് ഇടപെടലുകൾ. നാട് നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. പ്രദേശങ്ങളും ജനങ്ങളെയും വികസന കാര്യങ്ങളും അറിയാമെന്നത് പ്രവർത്തനങ്ങളിലെ മുതൽക്കൂട്ടാണ്.
കായൽ ബന്ധമുള്ള 10 പഞ്ചായത്തുകൾ അടങ്ങുന്നതാണ് അരൂർ നിയോജക മണ്ഡലം. കായലോരത്തുള്ളവരുടെ ഏറ്റവും വലിയ പ്രശ്നം കരയിലേക്കടിക്കുന്ന ഉപ്പുവെള്ളവും തീര മേഖലയിലേക്ക് എത്താത്ത കുടിവെള്ളവുമാണ്. കടലോരത്തെ തൊഴിലില്ലായ്മയും ജനങ്ങളെ പ്രയാസപ്പെടുത്തുന്നു. ഈ പ്രശ്നങ്ങളെല്ലാം നിയമസഭയിൽ അവതരിപ്പിക്കാനും പരിഹാരം കാണാനും ഒരിക്കൽ കൂടി അവസരം ചോദിക്കുകയാണ് ഷാനിമോൾ. ബുധനാഴ്ച യു.ഡി.എഫ് സ്ഥാനാർഥിയുടെ മണ്ഡലത്തിലെ പര്യടന പരിപാടിയുടെ തുടക്ക ദിവസമായിരുന്നു.
തുറവൂർ കളരിക്കൽ പുന്നക്കൽ പുരയിടത്തിൽ കെ.പി.സി.സി മാധ്യമ വക്താവ് ഡോ. ജിന്റോ ജോണായിരുന്നു സ്വീകരണ പര്യടനം ഉദ്ഘാടനം ചെയ്തത്. ഇലക്ഷൻ കമ്മറ്റി ചെയർമാൻ പി.കെ. ഫസലുദ്ദീൻ അധ്യക്ഷത വഹിച്ചു. നിരവധി യു.ഡി.എഫ് നേതാക്കൾ എത്തിയെങ്കിലും കുറച്ചുപേർ മാത്രമാണ് സംസാരിച്ചത്.
സ്വീകരണ സ്ഥലങ്ങളിൽ ജനങ്ങൾ സ്ഥാനാർഥിയെ കാണാൻ തിങ്ങിക്കൂടി നിന്നിരുന്നു. വളരെ ചെറിയ വാക്കുകളിലാണ് ഷാനിമോൾ ഉസ്മാൻ സ്വീകരണങ്ങൾക്ക് നന്ദി പറഞ്ഞത്. യോഗ സ്ഥലത്തേക്ക് എത്തിയവരോട് നേരിട്ട് സംസാരിച്ച് വോട്ട് ഉറപ്പിക്കുന്നതിലാണ് താൽപര്യം കാണിച്ചത്. പുത്തൻകാവ്, മാസ്റ്റേഴ്സ് കോളജിന് സമീപം, തേവലപ്പൊഴി, കൊല്ലൻകവല, മാനവ സഹായ സമിതി, നാളികാട്ട്, തഴുപ്പ് കവല, തുറവൂർ എന്നിവിടങ്ങൾ പിന്നിട്ട് കുത്തിയ തോട്ടിലേക്ക് സ്ഥാനാർഥിയെയും വഹിച്ചുള്ള തുറന്ന ജീപ്പ് കടന്നുവന്നപ്പോൾ സമയം ഉച്ചയോടെ അടുത്തു. 11 മണിക്ക് സ്വീകരണം പറഞ്ഞ സ്ഥലത്ത് എത്താനും മണിക്കൂറുകൾ വൈകി.
വേനൽ ചൂടിനെ വകവെക്കാതെയുള്ള ആവേശം സ്വീകരണ കേന്ദ്രങ്ങളിൽ നിറഞ്ഞുനിന്നു. സ്ഥാനാർഥി വൈകിയിട്ടും സ്വീകരണ സ്ഥലത്ത് പ്രവർത്തകർ ആവേശത്തോടെ കാത്തുനിൽക്കുകയായിരുന്നു. സ്വീകരണ യോഗങ്ങളിൽ ആൾക്കൂട്ടങ്ങളുണ്ടാക്കാൻ യു.ഡി.എഫിന് കഴിയുന്നുണ്ട്. പ്രചരണ ജാഥ നായിലത്ത് കോളനിയിൽ എത്തിയപ്പോൾ ചെമ്മീൻ തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കാത്ത സർക്കാരുകളെ കുറിച്ച് അൽപം രൂക്ഷമായി തന്നെ സ്ഥാനാർഥി സംസാരിച്ചു. കരയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ 100 കോടിയുടെ പദ്ധതി എൽ.ഡി.എഫ് പ്രഖ്യാപിച്ചിരുന്നത് എവിടെ എന്ന് അവർ ചോദിച്ചു.
ഭക്ഷണം തീരുമാനിച്ചിരുന്ന നാലുകുളങ്ങരയിൽ എത്തിയപ്പോൾ രണ്ട് മണി പിന്നിട്ടു. തുടർന്ന് ചാവടി, ടി.ഡി പടിഞ്ഞാറെനട, പനയ്ക്കൽ പുരയിടം, ഇല്ലിക്കൽ, റോഡ് മുക്ക് ചാപ്പക്കടവ് പിന്നിട്ടപ്പോഴേക്കും ഏറെ വൈകിയിരുന്നു. തുടർന്ന് പള്ളിത്തോട്ടിൽ നിന്ന് തീരദേശത്തോടെയുള്ള റോഡ് ഷോയിലൂടെയായിരുന്നു സമാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.