1.അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ജി. സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കർണാടക 2.എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സലാമിനായി അമ്പലപ്പുഴ പുറക്കാടുനിന്ന് ആരംഭിച്ച തീരദേശ റാലി
ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നയിച്ച റോഡ് ഷോ
അമ്പലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയകേരളം ഉറ്റുനോക്കുന്ന മണ്ഡലത്തിൽ യു.ഡി.എഫ് പിന്തുണയോടെയാണ് ജി. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുന്നത്. ഒരുകാലത്ത് പാർട്ടിയെ നിയന്ത്രിച്ചിരുന്ന തലപ്പൊക്കമുള്ള നേതാവ് എതിരാളിയായി വരുമ്പോൾ സി.പി.എം അണികളിലും ആശയക്കുഴപ്പമുണ്ട്. ഇതിനൊപ്പം എം.എൽ.എയും മന്ത്രിയുമായി സുധാകരൻ നടത്തിയ വികസനവും അദ്ദേഹത്തിന്‍റെ വ്യക്തിപ്രഭാവവും അനുകൂലമാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ഇതിന് മങ്ങലേൽക്കില്ലെന്ന ഉറച്ചവിശ്വാസത്തിലാണ് പര്യടനം.
തിങ്കളാഴ്ച രാവിലെ ആലപ്പുഴ കുതിരപ്പന്തയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുറന്നവാഹനത്തിലാണ് ജി.സുധാകരൻ വോട്ട് ചോദിക്കാനെത്തിയത്. ‘അമ്പലപ്പുഴയുടെ വികസന നായകൻ’ കടന്നെത്തുവെന്ന അനൗൺസ്മെന്‍റ് മുഴുങ്ങിയതിന് പിന്നാലെ അകമ്പടിവാഹനങ്ങളും പ്രവർത്തകരും അണിനിരന്നു. വഴിയിൽ കാത്തുനിന്നവർക്ക് കൈ വീശിയും അഭിവാദ്യമർപ്പിച്ചുമാണ് മുന്നോട്ടുനീങ്ങിയത്. യാത്രക്കിടെ കണ്ടുമുട്ടിയവരോട് കുശലാന്വേഷണം നടത്താനും മറന്നില്ല. സ്വീകരണകേന്ദ്രങ്ങളിൽ ജനപങ്കാളിത്തം ഏറെയുണ്ടായിരുന്നു. സ്വീകരണസ്ഥലങ്ങളിൽ പാർട്ടിനേതൃത്വത്തിനെതിരെയും മുഖ്യമന്ത്രിയെയും വിമർശിച്ചു. ഇതിനിടെ പറവൂരിൽ നടന്ന ചടങ്ങിലാണ് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാതക്കെതിരെയും കടന്നാക്രമിച്ചത്. അതിനൊപ്പം തന്‍റെ സഹോദരൻ ഭുവനേശ്വരനെ കൊലപ്പെടുത്തിയത് എസ്.എഫ്.ഐ ഗുണ്ടകളാണെന്നും നിർബന്ധിച്ച് കോളജിലേക്ക് അയച്ചത് പന്തളത്തെ സി.പി.എം നേതാക്കളാണെന്നും തുറന്നടിച്ചു. പ്രസംഗത്തിന് പിന്നാലെ അടുത്ത സ്വീകരണയോഗ സ്ഥലത്തേക്ക് പോയി. തനിക്ക് പോസ്റ്ററും ചുവരെഴുത്തും വേണ്ടെന്നും തന്നെ അറിയുന്നവരാണ് മണ്ഡലത്തിലെ ജനങ്ങളെന്നുമാണ് യു.ഡി.എഫ് പ്രവര്‍ത്തകരോട് ജി. സുധാകരന്‍ പറഞ്ഞത്. ജി. സുധാകരന്‍ മന്ത്രിയായപ്പോൾ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് പ്രചാരണ ആയുധം. എന്നാല്‍ എല്‍.ഡി.എഫ് മന്ത്രിസഭ നടപ്പാക്കിയ പദ്ധതികളല്ലേയെന്ന ചോദ്യത്തിന് കഴിഞ്ഞ അഞ്ച് വര്‍ഷവും എല്‍.ഡി.എഫ് തന്നെ ആയിരുന്നല്ലൊ; എന്നിട്ട് എന്ത് വികസനമാണ് നടന്നതെന്ന മറുചോദ്യവും ഉന്നയിച്ചു.
രാവിലെ 11.30ന് പറവൂർ ഹയർസെക്കൻഡറി സ്കൂളിന് സമീപം നടന്ന പൊതുപരിപാടി എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. വൈകീട്ട് 3.30ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നയിച്ച റോഡ് ഷോയിലും ജനപങ്കാളിത്തം ഏറെയായിരുന്നു. പുന്നപ്ര കാർമ്മൽ എൻജിനിയറിങ് കോളജിന് സമീപത്ത് നിന്നാരംഭിച്ച റോഡ് ഷോ കളർകോട് കൈതവനയിലൂടെ കടന്ന് പഴയനടക്കാവ് റോഡ് വഴി അമ്പലപ്പുഴയിൽ സമാപിച്ചു. വൈകീട്ട് കെ.സി. വേണുഗോപാൽ എം.പി നയിച്ച റോഡ് ഷോ ആലപ്പുഴ കണ്ണൻവർക്കി പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് തീരദേശ റോഡ് വഴി അമ്പലപ്പുഴ, കരുമാടി, കരൂർ, പുറക്കാട്, തോട്ടപ്പള്ളി പ്രദേശത്തുകൂടി സഞ്ചരിച്ച് കാക്കാഴത്ത് സമാപിച്ചു.
പുന്നപ്ര-വയലാർ രക്തസാക്ഷികളുടെ മണ്ണിൽ ചെങ്കൊടി പാറിക്കാനാണ് എൽ.ഡി.എഫ് സ്ഥാനാർഥി എച്ച്. സലാമിന് മത്സരം. ‘അവസരവാദികളുടെ നിലപാടിനെതിരെ’ പാർട്ടിയെ ഒറ്റക്കെട്ടായി അണിനിരത്തിയാണ് പ്രചാരണം.
എൽ.ഡി.എഫ് സ്ഥാനാർഥിയെ വിജയിപ്പിക്കാൻ പാർട്ടി നിയോഗിച്ച കേന്ദ്രകമ്മിറ്റിയംഗം സി.എസ്. സുജാതക്കെതിരെയുള്ള ജി. സുധാകരന്‍റെ അധിക്ഷേപത്തിനും മറുപടി നൽകിയാണ് പ്രചാരണപ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണത്. കത്തുന്ന മീനച്ചൂടിലും ആവേശം ഒട്ടും കുറയാതെ സ്ഥാനാർഥിക്കൊപ്പം പ്രവർത്തകരുമുണ്ടായിരുന്നു. പര്യടനത്തിന്റെ സ്വീകരണ കേന്ദ്രങ്ങളിൽ നിരവധി പേരാണ് സ്ഥാനാർഥിയെ സ്വീകരിക്കാനെത്തിയത്.
പല ചടങ്ങുകളിലും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഷാളും തോർത്തും അണിയിച്ചാണ് സ്വീകരിച്ചത്. ചൂടില്‍ തളരാതിരിക്കാന്‍ തണ്ണിമത്തനും പഴങ്ങളും നല്‍കിയാണ് സ്ഥാനാര്‍ഥിക്ക് ആവേശം പകര്‍ന്നത്. എൽ.ഡി.എഫ് സർക്കാറിന്റെ 10 വർഷത്തെ വികസനങ്ങൾ, ക്ഷേമപ്രവർത്തനങ്ങൾ എന്നിവയാണ് അവതരിപ്പിക്കുന്നത്.
തീരദേശത്തെ ചെങ്കടലാക്കി എൽ.ഡി.എഫ് റാലിയായിരുന്നു പ്രധാനപരിപാടി. ഉച്ചക്ക് രണ്ടോടെ അമ്പലപ്പുഴ അയ്യന്‍ കോയിക്കലിൽനിന്ന് നൂറുകണക്കിനാളുകൾ ചെങ്കൊടിയേന്തിയും ചുവപ്പു തൊപ്പി അണിഞ്ഞുമാണ് റാലിയിൽ അണിനിരന്നത്. അയ്യൻ കോയിക്കൽ പടിഞ്ഞാറ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത എച്ച്. സലാമിന് പതാക കൈമാറി റാലി ഉദ്ഘാടനം ചെയ്തു.
അന്തരിക്ഷം അണികളുടെ മുദ്രാവാക്യം വിളികളാൽ മുഖരിതമായി. പിന്നീട് ഒരോകേന്ദ്രങ്ങളിലും സ്ഥാനാർഥിയെ കാണാനും അഭിവാദ്യം ചെയ്യാനും നിരവധിപേരെത്തി.
121 കോടി രൂപ ചെലവിൽ പുന്നപ്ര മുതൽ തോട്ടപ്പള്ളി വരെ നിർമിക്കുന്ന 43 പുലിമുട്ടുകളിൽ 13 എണ്ണം മാത്രമാണ് ഇനി പൂർത്തിയാക്കാനുള്ളതെന്ന് എച്ച്. സലാം എം.എ.എ പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ, എൽ.ഡി.എഫ് നേതാക്കളായ എ. ഓമനക്കുട്ടൻ, ഇ.കെ. ജയൻ, അജയ് സുധീന്ദ്രൻ, സി. ഷാംജി, പി.പി. പവനൻ, മുജീബ് റഹ്മാൻ, ജമാൽ പളളാത്തുരുത്തി, പി.കെ. സദാശിവൻ പിള്ള, സാദിക് മാക്കിയിൽ, പി.എസ്.എം. ഹുസൈൻ, അഡ്വ. ആർ. രാഹുൽ, ബി. നസീർ, വി.കെ. ബൈജു, സാദിക് ഉലഹൻ, കെ മോഹൻകുമാർ, വി.കെ. ബൈജു, എ.പി. ഗുരുലാൽ, കെ.എം ജുനൈദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.