ഇടത് സ്ഥാനാർഥി യു. പ്രതിഭ കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് വലിയപള്ളിയിലെ ദുഃഖ വെള്ളി ആചരണത്തിൽ പങ്കുചേർന്നപ്പോൾ
കായംകുളം: ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ പ്രചാരണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. മത്സര ചിത്രം തെളിയുന്നതിന് മുമ്പെ കളം പിടിച്ച ഇടതിനൊപ്പം മത്സരകളത്തിലേക്ക് വൈകിയെത്തിയിട്ടും ഓടിയെത്താൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എൽ.ഡി.എഫിലെ അഡ്വ. യു. പ്രതിഭയും യു.ഡി.എഫിലെ അഡ്വ. എം. ലിജുവും തമ്മിൽ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. 10 വർഷം മുമ്പ് പ്രതിഭയെ നേരിട്ടപ്പോൾ സംഭവിച്ച വീഴ്ചകളിൽ നിന്നുള്ള അനുഭവങ്ങളുമായാണ് ഇത്തവണ അപ്രതീക്ഷിതമായി ലിജു മത്സരത്തിനെത്തിയത്.
എൻ.ഡി.എക്കായി ബി.ഡി.ജെ.എസിലെ തമ്പി മേട്ടുതറയാണ് മത്സരിക്കുന്നത്. ഇരു മുന്നണികളെയും മാറിമാറി തുണച്ചിട്ടുള്ള മണ്ഡലത്തെ കഴിഞ്ഞ 20 വർഷമായി ഇടതുമുന്നണിയാണ് പ്രതിനിധീകരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ശക്തി കേന്ദ്രങ്ങളിൽ എൻ.ഡി.എ പക്ഷത്തേക്കുണ്ടായ വോട്ട് ചോർച്ച ഇടതുപക്ഷത്തിന് കനത്ത ആഘാതമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വീഴ്ചകൾ പരിഹരിച്ച് വോട്ടുകൾ തിരികെയെത്തിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ് മത്സരത്തെ നേരിടുന്നത്. കഴിഞ്ഞ ലോക്സഭയിൽ മണ്ഡലത്തിലുണ്ടായ മുന്നേറ്റം ആവർത്തിക്കുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ലോക്സഭയുടെ ആവർത്തനം പ്രതീക്ഷിച്ച് എൻ.ഡി.എ നടത്തുന്ന മുന്നേറ്റം ഏത് മുന്നണിയെ ബാധിച്ചുവെന്നറിയണമെങ്കിൽ ഫലം വരണം. സി.പി.ഐയിൽ നിന്നും ബി.ഡി.ജെ.എസിലെത്തിയ പത്തിയൂരുകാരനായ തമ്പി മേട്ടുതറയുടെ സ്ഥാനാർഥിത്വം ഇടതിനെ ആശങ്കപ്പെടുത്തുന്ന ഘടകമാണ്.
മുൻ തെരഞ്ഞെടുപ്പുകളിൽ ഇല്ലാതിരുന്ന കെട്ടുറപ്പാണ് യു.ഡി.എഫിെൻറ ഇത്തവണത്തെ കൈമുതൽ. ഇതോടൊപ്പം സ്ഥാനാർഥിയുടെ സൗമ്യവ്യക്ത്യത്വവും അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ വികസന മുരടിപ്പിന് പരിഹാരമാണ് ലിജു മുന്നോട്ടുവെക്കുന്നത്. സിറ്റിംഗ് എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ നേടിയെടുത്ത സൗഹൃദമാണ് പ്രതിഭയുടെ അടിത്തറ. പത്ത് വർഷമായി നടപ്പാക്കിയ വികസനങ്ങളും അനൂകൂലമാകുമെന്നാണ് ഇടതിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ കായംകുളം നഗരസഭയും കൃഷ്ണപുരം പഞ്ചായത്തും യു.ഡി.എഫ് ഭരിക്കുമ്പോൾ പത്തിയൂർ, ചെട്ടികുളങ്ങര, ഭരണിക്കാവ്, കണ്ടല്ലൂർ, ദേവികുളങ്ങര പഞ്ചായത്തുകളിലാണ് എൽ.ഡി.എഫ് ഭരണമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദൻ, ബൃന്ദ കാരാട്ട്, പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ തുടങ്ങിയവരാണ് ഇടത് പ്രവർത്തനങ്ങളെ സജീവമാക്കാനാണ് മണ്ഡലത്തിൽ എത്തിയത്.
യു.ഡി.എഫിനായി കെ.സി. വേണുഗോപാൽ എം.പി, എ.ഐ.സി.സി സെക്രട്ടറി ദീപാദാസ് മുൻഷി, രമേശ് ചെന്നിത്തല, പാണക്കാട് മുനവ്വറലി തങ്ങൾ എന്നിവർ എത്തി. ഷാഫി പറമ്പിൽ എം.പി ഞായറാഴ്ച രാവിലെ മണ്ഡലത്തിൽ റോഷ് ഷോ നടത്തും. ഇരുമുന്നണി സ്ഥാനാർഥികളും സ്വീകരണ പര്യടനങ്ങളുമായി സജീവമാണ്. ഇതോടൊപ്പം വിവിധ ആരാധനാലയങ്ങളും ആൾക്കൂട്ട ഭാഗങ്ങളും വ്യക്തിഗത സന്ദർശനങ്ങളുമായി വോട്ടുറപ്പിക്കലും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.