1.എൽ.ഡി.എഫ് സ്ഥാനാർഥി പി. പ്രസാദ് തൈക്കൽ മേഖലയിൽ റോഡ് ഷോയിൽ 2.യു.ഡി.എഫ് സ്ഥാനാർഥി കെ.ആർ. രാജേന്ദ്രപ്രസാദ് അന്ധകാരനഴി കടൽ തീരത്ത്
മത്സ്യത്തൊഴിലാളികൾക്കൊപ്പം
ചേർത്തല: ചേർത്തലക്കാരുടെ മനം കവരാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി സ്ഥാനാർഥി പി. പ്രസാദ് പ്രചാരണം കൊഴുപ്പിക്കുന്നത്. മന്ത്രിയെന്ന നിലയിൽ കാർഷിക മേഖലയിൽ നടത്തിയ ഇടപെടലുകളും മണ്ഡലത്തിൽ നടപ്പാക്കിയ വികസനവും മുൻനിർത്തിയാണ് വോട്ട് തേടുന്നത്.
അഞ്ച് വർഷത്തിനുള്ളിൽ ആയിരം കോടിയിലധികം രൂപയുടെ വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കിയെന്നാണ് അവകാശവാദം. മത്സ്യബന്ധന തുറമുഖം പൂർത്തീകരണത്തിനുള്ള 153 കോടി രൂപയുടെ പദ്ധതിയടക്കം ഉയർത്തിക്കാട്ടിയാണ് തീരദേശ മേഖലയിൽ മത്സ്യത്തൊഴിലാളികൾക്കിടയിലെ പ്രചരണം. നഗരത്തിൽ 84 കോടി രൂപ ചെലവിൽ താലൂക്കാശുപത്രി കെട്ടിടം പൂർത്തീകരിച്ചതും ചേർത്തല സെന്‍റ് മേരീസ് പാലം, വിളക്ക് മരം പാലം എന്നിവയുടെ നവീകരണവും പ്രധാന വികസന നേട്ടങ്ങളായി ഉയർത്തിക്കാട്ടുന്നു.
തിങ്കളാഴ്ച രാവിലെ അർത്തുങ്കലിൽ നിന്നാണ് അവസാനവട്ട പ്രചാരണം തുടങ്ങിയത്. കളവംകോടം, വയലാർ, കഞ്ഞിക്കുഴി, തിരുവിഴ ഭാഗങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടതിനൊപ്പം ക്ഷേത്ര ചടങ്ങുകളിലും ഭാഗമായി. മന്ത്രിയെന്ന ജാഡയില്ലാതെ ജനങ്ങളോട് ഇടപെടുന്ന പ്രസാദിന് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന നേട്ടങ്ങൾ അനുകൂലമാകുമെന്നാണ് പ്രതീക്ഷ. സൗഹൃദം പുതുക്കിയുള്ള ഓട്ടപ്രദക്ഷിണത്തിൽ ഒപ്പമെത്താൻ കൂടെയുള്ളവർ പ്രയാസപ്പെടുകയാണ്. ഈ വേഗതയും പ്രസംഗചാതുരിയുമാണ് പ്രസാദിന്‍റെ കൈമുതൽ. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ടി.ജെ. ആഞ്ചലോസ്, മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് വി.ജി. മോഹനൻ, സെക്രട്ടറി എൻ.എസ്. ശിവപ്രസാദ്, ബി. സലിം, കെ.ബി. ബിമൽറോയ്, എം.സി. സിദ്ധാർഥൻ, ആർ. വിനോദ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ഒപ്പമുണ്ടായിരുന്നു.
കോൺഗ്രസ് കുടുംബത്തിലെ കാരണവൻമാരായ എ.കെ. ആന്‍റണി, വയലാർ രവി എന്നിവരുടെ പിൻമുറക്കാരനായി മണ്ഡലം തിരികെ പിടിക്കാനുള്ള ഓട്ടത്തിലാണ് യു.ഡി.എഫിലെ കെ.ആർ. രാജേന്ദ്രപ്രസാദ്. ചെറുകിട കയർ ഫാക്ടറി ഉടമ കൂടിയായ രാജേന്ദ്രപ്രസാദ് കയർ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയും പരിഹാരം നിർദേശിച്ചുമാണ് വോട്ട് തേടുന്നത്. രണ്ടര പതിറ്റാണ്ടായി ഇടതുപക്ഷം കുത്തകയാക്കിയ മണ്ഡലം തിരികെപിടിക്കുകയെന്നത് യു.ഡി.എഫിന്‍റെ അഭിമാനപ്രശ്നമാണ്. ഇതിനായി സമുദായ സമവാക്യങ്ങൾ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് രാജേന്ദ്രപ്രസാദിനെ കളത്തിലിറക്കിയത്. മണ്ഡലത്തിലെ വികസന പോരായ്കളും സർക്കാർ വീഴ്ചകളും ചൂണ്ടിക്കാകാട്ടിയാണ് പ്രചാരണം.
തിങ്കളാഴ്ച രാവിലെ മുഹമ്മ കേന്ദ്രീകരിച്ചായിരുന്നു പ്രചരണ തുടക്കം. വ്യക്തിപരമായി വോട്ട് ഉറപ്പിക്കുന്നതിനൊപ്പം ചില സ്വകാര്യ ചടങ്ങുകളിലും പങ്കാളിയായി. ഉച്ചക്ക് ശേഷം കെ.സി. വേണുഗോപാൽ എം.പിയോടൊപ്പമുള്ള റോഡ് ഷോയുടെ ഭാഗമായി.
ഒറ്റമശേരി പള്ളിക്ക് സമീപം ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ പങ്കെടുത്ത കുടുംബ സംഗമത്തിലും പങ്കെടുത്തു. സ്വീകരണങ്ങളിലും റോഡ്ഡോയിലും കുടുംബ സംഗമങ്ങളിലുള്ള ആൾക്കൂട്ടം മണ്ഡലത്തിൽ മാറ്റത്തിന്‍റെ ദിശ നിർണയിക്കുന്നതാണെന്നാണ് യു.ഡി.എഫ് പറയുന്നത്. യു.ഡി.എഫ് വിജയത്തിന് അനുകൂല ഘടകങ്ങളാണ് മണ്ഡലത്തിലുടനീളമുള്ളതെന്നാണ് ഇവരുടെ അവകാശവാദം. കെ.പി.സി.സി സെക്രട്ടറി എസ്. ശരത്, യു.ഡി.എഫ് കൺവീനർ സി.കെ. ഷാജിമോഹൻ, വി.എൻ. അജയൻ, ടി.എച്ച്. സലാം, രവിപ്രസാദ്, ആർ. ശശിധരൻ, ടി.ഡി. രാജൻ എന്നിവരാണ് സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.