കക്കി ഡാം തുറന്നത്​ ആശങ്ക; കുട്ടനാട്ടിൽ ജാഗ്രത

ജലനിരപ്പ്​ കാര്യമായി താഴ്ന്നിട്ടില്ല* ക്യാമ്പുകളിൽ കഴിയുന്നത്​ 1771 പേർ ആലപ്പുഴ: മഴ മാറി നിൽക്കുകയാണെങ്കിലും കുട്ടനാട്ടിൽ ജലനിരപ്പ്​ കാര്യമായി താഴ്ന്നിട്ടില്ല. കക്കി ഡാം തുറന്നതോടെ അടുത്ത ദിവസങ്ങളിൽ വീണ്ടും വെള്ളപ്പൊക്കക്കെടുതിയിലാകുമെന്ന ആശങ്കയിലാണ്​ നാട്​. പമ്പയുടെ തീരത്തും അനുബന്ധ കൈവഴികളിലും താമസിക്കുന്നവർ അതിജാഗ്രത പുലർത്തണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. അപകട സാധ്യത മേഖലയിൽനിന്ന്​ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്​ കുടുംബങ്ങളെ മാറ്റിയിട്ടുണ്ട്​. ജില്ലയിൽ എട്ട്​ പ്രദേശങ്ങളിൽ ജലനിരപ്പ് ഇപ്പോഴും അപകടനിലക്ക്​ മുകളിൽ തുടരുകയാണ്. ഭൂരിഭാഗവും കുട്ടനാട്ടിലാണിത്​. ചെങ്ങന്നൂർ താലൂക്കിൽ നദികളിൽ ജലനിരപ്പ് താഴ്ന്നു തുടങ്ങി. പമ്പയുടെയും അച്ചൻകോവിലാറിന്റെയും തീരത്തുനിന്ന്​ വെള്ളമിറങ്ങുന്നത്​ പ്രദേശവാസികൾക്ക് ആശ്വാസമായി. ജില്ലയിൽ 44 ദുരിതാശ്വാസ ക്യാമ്പുകളിലായി 516 കുടുംബങ്ങളിലെ 1771 പേർ കഴിയുന്നു. അടിയന്തര ഘട്ടങ്ങൾ നേരിടാൻ ജില്ലയിൽ എൻ.ഡി.ആർ.എഫ് സംഘം ക്യാമ്പ്​ ചെയ്യുന്നുണ്ട്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പൊലീസ്, അഗ്നിരക്ഷാസേന എന്നിവരുടെ സേവനം ഉറപ്പാക്കാൻ കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ ഇതുവരെ രണ്ട്​ വീട്​ പൂർണമായും 28 എണ്ണം ഭാഗികമായും തകർന്നു. മടവീണ് ഏക്കറുകണക്കിന് കൃഷിയും വെള്ളത്തിലായി. ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നതിനാൽ എ.സി റോഡിൽ ഗതാഗതം മൂന്നാം ദിവസവും മുടങ്ങി. ഒന്നാംകര മുതൽ മനക്കൽചിറവരെ ഭാഗത്ത് 11 ഭാഗങ്ങളിലെ വെള്ളക്കെട്ട് മാറ്റമില്ലാതെ തുടരുകയാണ്. അമ്പലപ്പുഴ-തിരുവല്ല പാതയിൽ ഗതാഗതതടസ്സമില്ല. കക്കി തുറന്നതോടെ പമ്പയിൽ ജലനിരപ്പ്​ ഉയർന്നു ചെങ്ങന്നൂർ: വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറഞ്ഞു വരുന്നതിനിടെ പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് റിസർവോയർ തിങ്കളാഴ്ച രാവിലെ തുറന്നത് പമ്പാ നദിയിലെ ജലനിരപ്പുയർത്തി. ഡാമിൽനിന്ന്​ 35 മുതൽ 50വരെ ക്യുബിക് മീറ്റർ ജലമാണ് പമ്പയിലേക്ക്​ ഒഴുകുന്നത്​. 10 മുതൽ 15 സെന്റിമീറ്റർവരെ മാത്രമേ ജലവിതാനം ഉയരൂ എന്നാണ്​ നിഗമനം. തീരങ്ങളിൽ താമസിക്കുന്നവർക്ക്​ മുൻ കരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്​​. തിങ്കളാഴ്ച രാത്രി എട്ടോടെ ആറന്മുളയിൽ വെള്ളം എത്തും. ഡാം തുറന്ന ശേഷം ജലം എത്തുമെന്ന്​ കണക്കാക്കുന്ന സ്ഥലങ്ങളും മണിക്കൂറും: മുളക്കുഴ(15), ഇരവിപേരൂർ (15), ചെങ്ങന്നൂർ മുനിസിപ്പാലിറ്റി (12 ), കുറ്റൂർ (19 ), തിരുവണ്ടൂർ (23), പാണ്ടനാട് (21), ബുധനൂർ (23) മാന്നാർ (33), കടപ്ര (31), നെടുമ്പുറം (34), തലവടി (40), നിരണം (33), എടത്വ (43), ചെന്നിത്തല-തൃപ്പെരുന്തുറ (30), പള്ളിപ്പാട് (30), ഹരിപ്പാട് മുനിസിപ്പാലിറ്റി (53), കരുവാറ്റ (54), ചെറുതന ( 52), തകഴി ( 49), അമ്പലപ്പുഴ സൗത്ത് (54), വീയപുരം (34).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.