ചേർത്തല-അരൂക്കുറ്റി റൂട്ടിൽ രാത്രി ബസില്ല; നിയമനടപടിക്ക്​ യുവാക്കൾ

-കോവിഡ് സമയത്ത് നിർത്തലാക്കിയതിൽ പലതും പുനഃസ്ഥാപിച്ചിട്ടില്ല പൂച്ചാക്കൽ: ചേർത്തല-അരൂക്കുറ്റി റൂട്ടിൽ രാത്രി യാത്ര ദുരിതമാകുന്നതിൽ കോടതി കയറാൻ തയാറെടുക്കുകയാണ് ഏതാനും യുവാക്കൾ. കോവിഡ് സമയത്ത് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസുകൾ പലതും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പ്രൈവറ്റ് ബസുകളാകട്ടെ ലാഭകരമല്ലാത്ത സർവിസ്​ നടത്താതിരിക്കുകയും പാതിവഴിയിൻ ട്രിപ്പ് അവസാനിപ്പിക്കുകയും ചെയ്യുന്നു. ചേർത്തലയിൽനിന്ന് അരൂക്കുറ്റിയിലേക്കുള്ള അവസാന ബസായിരുന്ന കെ.എസ്.ആർ.ടി.സി നിലച്ചതോടെ യാത്രക്കാരുടെ അവസാന അത്താണിയാണ് ഇല്ലാതായത്. ഈ രാത്രിവണ്ടി നിലച്ചതോടെ പിന്നീടുള്ള ഏക ആശ്രയമായ പ്രൈവറ്റ് ബസുകൾ പാതിവഴിയിൽ ട്രിപ്പ് അവസാനിപ്പിക്കുന്നത് രാത്രിയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. രാത്രി ചേർത്തലയുടെ വടക്കൻ മേഖലകളിൽനിന്ന് തെക്കോട്ട് പരിമിതമെങ്കിലും സർവിസ് നടത്തുന്നുണ്ടെങ്കിലും ആ സമയങ്ങളിൽ ചേർത്തലയിൽനിന്ന് അരൂക്കുറ്റി ഭാഗത്തേക്ക് ബസ് ഇല്ല. ആലപ്പുഴ മെഡിക്കൽ കോളജ്, കോട്ടയം മെഡിക്കൽ കോളജ്, ചേർത്തല ജനറൽ ആശുപത്രികളിൽനിന്നൊക്കെ മടങ്ങുന്ന നിർധനരായ രോഗികൾ ഉൾപ്പെടെ ഇതുമൂലം വലയുകയാണ്. വീട്ടിലെത്താൻ 50 രൂപയുടെ സ്ഥാനത്ത് 750 രൂപയിലധികം മുടക്കി ഓട്ടോകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്. കോവിഡിന് മുമ്പ് രാത്രി 8.10വരെ ചേർത്തല പ്രൈവറ്റ് സ്റ്റാൻഡിൽനിന്ന് അരൂക്കുറ്റിവരെ ബസ് സർവിസ് ഉണ്ടായിരുന്നതാണ്. രാത്രി സർവിസ് പൂർണമായും നിലച്ചതോടെ ഈ റൂട്ടിലെ യാത്രക്കാരെ ആശ്രയിച്ച് ഇട റോഡുകളിൽ സർവിസ് നടത്തുന്ന ഓട്ടോ തൊഴിലാളികൾക്കും ഓട്ടമില്ലാതാകുന്ന അവസ്ഥയുമുണ്ട്. ചേർത്തല-അരൂക്കുറ്റി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ പുനഃസ്ഥാപിക്കുകയും ട്രിപ്പ്​ മുടക്കുന്ന ബസുകൾക്കെതിരെ നിയമനടപടി സ്വീകരിച്ച് ഗതാഗതം സുഗമമാക്കാൻ തയാറായില്ലെങ്കിൽ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കോടതിയിൽ പോകുമെന്ന് പാണാവള്ളിയിലുള്ള യുവാക്കൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.