കുട്ടനാട്: കാലാവസ്ഥ വകുപ്പിൻെറ മുന്നറിയിപ്പുകൾക്ക് അതീതമായി മാറിമറിയുന്ന കാലാവസ്ഥ. സംസ്ഥാനത്ത് റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ജില്ലയിൽ മഴയും കടലാക്രമണവും ശമിക്കുന്നില്ല. ബുധനാഴ്ച പുലർച്ച മുതൽ ജില്ലയുടെ പലഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. കായംകുളത്താണ് കൂടുതൽ മഴ രേഖപ്പെടുത്തിയിരുന്നത്. രാവിലെ 23 സെന്‍റിമീറ്റർ മഴ ലഭിച്ചിരുന്നു. ചെങ്ങന്നൂർ, ഹരിപ്പാട്, കുട്ടനാട്, അമ്പലപ്പുഴ താലൂക്കിൽ രാവിലെ മുതൽ ഇടവിട്ട് മഴപെയ്തു. കുട്ടനാട്ടിലെ നിരണം, തലവടി, മുട്ടാർ, എടത്വ, തകഴി, ചമ്പക്കുളം പഞ്ചായത്തുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ രേഖപ്പെടുത്തി. തകഴിയിൽ ചാറ്റൽമഴ ഒഴിയാത്ത ദിവസമായിരുന്നു. വൈകീട്ടോടെ മഴ ശക്തിപ്രാപിച്ചു. മഴക്കൊപ്പം ഇടവിട്ട് വീശിയടിക്കുന്ന കാറ്റും ആശങ്കയുണ്ടാക്കി. തിരുവല്ല താലൂക്കിലെ പെരിങ്ങര, കടപ്ര, നെടുമ്പ്രം ഭാഗങ്ങളിൽനിന്ന് വെള്ളം അല്പം ഇറങ്ങിയിട്ടുണ്ട്. അപ്പർ കുട്ടനാട്ടിലെ തലവടി, മുട്ടാർ പഞ്ചായത്തിൽ സ്ഥിതി മാറ്റമില്ലാതെ തുടരുന്നു. വീയപുരം, എടത്വ, തകഴി, ചമ്പക്കുളം പഞ്ചായത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മഴ ശമനമില്ലാതെ തുടർന്നാൽ കുട്ടനാട്ടിലെ ജനജീവിതം ദുസ്സഹമായിത്തീരും. 2018ലെ പ്രളയശേഷം തുടർന്ന് വന്ന വെള്ളപ്പൊക്കങ്ങളിൽ കുട്ടനാട്ടുകാർ ക്യാമ്പുകളിൽ അഭയം തേടേണ്ട അവസ്ഥയാണ്. തലവടി, മുട്ടാർ പഞ്ചായത്തിൽ ക്യാമ്പിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും മഴ കനത്താൽ മറ്റ് പഞ്ചായത്തുകളിലും തുടങ്ങേണ്ടിവരും. കാലാവസ്ഥ പ്രവചനത്തിന് അതീതമായാണ് ചില സ്ഥലങ്ങളിൽ മഴ ശക്തിപ്രാപിക്കുന്നത്. കോട്ടയം, പത്തനംതിട്ട ജില്ലയിൽ പെയ്യുന്ന മഴയുടെ തിക്തഫലങ്ങൾ കുട്ടനാട്ടിൽ ദിവസങ്ങളോളം നീളും. നെൽകൃഷി, പച്ചക്കറികൃഷി, പശുവളർത്തൽ, താറാവ് വളർത്തൽ എന്നിവയിൽ ഉപജീവനം തേടുന്ന കുട്ടനാട്ടുകാർക്ക് തോരാമഴ കണ്ണീർമഴയായി മാറുകയാണ്. ഓരോവർഷവും നാലും അഞ്ചും തവണയാണ് കുട്ടനാട്ടുകാർ ഈ ദുരിതം അനുഭവിക്കുന്നത്. ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും സർക്കാർ പുതിയ പ്രഖ്യാപനങ്ങൾ പുറപ്പെടുവിക്കുന്നതല്ലാതെ നടപ്പാക്കാൻ ശ്രമിക്കാറില്ലെന്നാണ് കുട്ടനാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.