നിറപുത്തരി: ഇല്ലംനിറക്കാൻ 'ഓണാട്ടുകര ഭാഗ്യ'

കായംകുളം: സമൃദ്ധിയുടെയും ഐശ്വര്യത്തി‍ൻെറയും അനുഷ്ഠാനമായ നിറപുത്തരി ചടങ്ങിന് പ്രിയം ഓണാട്ടുകരയുടെ 'ഭാഗ്യ'. സമൃദ്ധമായ വിളവും ഐശ്വര്യവും ലഭിക്കാനായി ക്ഷേത്രങ്ങളിൽ നടത്തുന്ന ഇല്ലംനിറക്കൽ ചടങ്ങിന് ഓണാട്ടുകര മേഖല കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്നുള്ള നെൽക്കതിരുകൾ ഇടംപിടിച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. ഓരോവർഷവും ആവശ്യക്കാരും വർധിക്കുന്നു. രണ്ട് മുതൽ 100 വരെ കറ്റകളാണ് ഓരോ ക്ഷേത്രങ്ങളിൽനിന്ന്​ ആവശ്യാനുസരണം കൊണ്ടുപോകുന്നത്. കുറഞ്ഞ വിളവുകാലമായതിനാലാണ് ഓണാട്ടുകരയിൽ വികസിപ്പിച്ചെടുത്ത 'ഭാഗ്യ'ക്ക് ക്ഷേത്ര ചടങ്ങിൽ പ്രാമുഖ്യം കിട്ടിയത്. 95 ദിവസമാണ് വിളവെടുപ്പ് പ്രായം. മറ്റുള്ള ഇനങ്ങൾ മൂപ്പെത്തണമെങ്കിൽ കുറഞ്ഞത് 120 ദിവസം വേണം. ഭാഗ്യ വിരിപ്പ് കൃഷിയായി ഏപ്രിലിൽ വിതച്ചാൽ നിറപുത്തരി ചടങ്ങിന് തൊട്ടുമുമ്പ് വിളവെടുക്കാനാകും. ഒരു ഏക്കറിലാണ് ജൈവരീതിയിൽ കൃഷിയിറക്കിയത്. പതിരില്ലാത്ത മികച്ച കതിരുകളാണ് ക്ഷേത്ര ചടങ്ങിന് 'ഭാഗ്യയെ' ആകർഷകമാക്കിയത്. ഏരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കടവൂർ ക്ഷേത്രം, പുതുങ്കര ശ്രീ ധർമശാസ്ത ക്ഷേത്രം, പുല്ലുകുളങ്ങര ധർമശാസ്ത ക്ഷേത്രം, കൊല്ലം മുളങ്കാടകം, ചെറുമണ്ണിൽ വിഷ്ണുക്ഷേത്രം തുടങ്ങിയ പ്രശസ്ത ക്ഷേത്രങ്ങളിലേക്ക് വർഷങ്ങളായി ഇവിടെനിന്നാണ് കറ്റകൾ എത്തിക്കുന്നത്. കൂടാതെ കർഷകർക്കാവശ്യമായ വിത്തും ഉൽപാദിപ്പിക്കുന്നു. ശാസ്ത്രീയ വിളപരിപാലന മുറകളാണ് ഇതിനായി അനുവർത്തിക്കുന്നത്. കൃഷിസ്ഥലം കീടരോഗ നിയന്ത്രണമാക്കിയശേഷമാണ് വിത്തിറക്കുന്നത്. 23 തൊഴിലാളികളുടെ പരിചരണമാണ് നിറപുത്തരി ചടങ്ങിന് ആവശ്യമായതരത്തിൽ കൃഷിയെ വിളവെടുപ്പിന് പാകമാക്കുന്നത്. കൊയ്​ത്തുത്സവം ഉദ്​ഘാടനം ഗവേഷണകേന്ദ്രം മേധാവി ഡോ. വി. മിനി നിർവഹിച്ചു. ഫാം സൂപ്രണ്ട് അജിത്കുമാർ, അസി. പ്രഫസർമാരായ ഡോ. പൂർണിമ യാദവ്, ജ്യോതിലക്ഷ്മി എന്നിവർ നേതൃത്വം നൽകി. ചിത്രം:APLKY1ONATTUKARA ഇല്ലംനിറ ചടങ്ങിനായി ഓണാട്ടുകര കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടത്തിയ വിളവെടുപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.