മലപ്പുറം: കേരള വാട്ടർ അതോറിറ്റിയുടെ ക്വാളിറ്റി കൺട്രോൾ വിഭാഗം ജില്ലയിൽ ആറ് ജലപരിശോധന ലബോറട്ടറികൾ തുടങ്ങി. മഞ്ചേരി തുറക്കലിലെ പി.എച്ച് സബ് ഡിവിഷൻ കോമ്പൗണ്ടിൽ ക്വാളിറ്റി കൺട്രോൾ ജില്ല ലബോറട്ടറിയും മലപ്പുറം, പെരിന്തൽമണ്ണ, തിരൂർ, പരപ്പനങ്ങാടി, പൊന്നാനി എന്നിവിടങ്ങളിലെ വാട്ടർ അതോറിറ്റി ഓഫിസുകളിലായി ഉപജില്ല ലബോറട്ടറികളുമാണ് ആരംഭിച്ചിരിക്കുന്നത്.
ജില്ലയിലെ ആറ് ലാബുകളിലും എൻ.എ.ബി.എൽ (നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ലാബോറട്ടറീസ്) അംഗീകാരമുള്ള പരിശോധനകൾ ഉൾപ്പെടെ ഐ.എസ്.ഒ/ഐ.ഇ.സി 17025: 2017 നിലവാരത്തിലുള്ള കുടിവെള്ള പരിശോധനയാണ് നടക്കുന്നത്. പൊതുജനങ്ങൾക്കും വിവിധ സ്ഥാപനങ്ങൾക്കും ആവശ്യമായ കുടിവെള്ള പരിശോധനകൾക്കും വ്യാപാര-വ്യവസായ ആവശ്യങ്ങൾക്കുള്ള ജലപരിശോധനകൾക്കും ഈ ലാബുകളെ സമീപിക്കാം. പരിശോധന ഫീസ് ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.
ഉപഭോക്താക്കൾക്ക് നേരിട്ടോ ലബോറട്ടറികളിൽ കൂടിയോ www.kwa.kerala.gov.in ഓൺലൈൻ പോർട്ടൽ വഴി ഫീസ് അടച്ച് പരിശോധനക്കായി സാമ്പിളുകൾ എത്തിക്കാം. വാട്ടർ അതോറിറ്റിയുടെ ഹോം പേജിൽ കാണുന്ന ഉപഭോക്താക്കളുടെ ഭാഗം എടുത്ത് വാട്ടർ ക്വാളിറ്റി ടെസ്റ്റിങ് എന്ന ലിങ്ക് വഴിയാണ് പണം അടക്കേണ്ടത്.
ഉപഭോക്താക്കൾക്ക് വിവിധ ഫീസ് ഘടനകളിൽ ആവശ്യമുള്ളത് തെരഞ്ഞെടുക്കാം. മുഴുവൻ പരിശോധനകൾക്കുമായി ഗാർഹിക ഉപഭോക്താക്കൾക്ക് 850 രൂപയും ഗാർഹികേതര ഉപഭോക്താക്കൾക്ക് 2790 രൂപയുമാണ് അടക്കേണ്ടത്. ഭൗതിക രാസപരിശോധനക്ക് രണ്ടു ലിറ്ററിൽ കുറയാത്ത പുതിയ പ്ലാസ്റ്റിക് ക്യാനിലോ ബോട്ടിലിലോയാണ് സാമ്പിൾ നൽകേണ്ടത്. ബാക്റ്റീരിയോളജി പരിശോധനക്കുള്ള സാമ്പിൾ നൂറു മില്ലി ലിറ്ററിൽ കുറയാത്ത സ്റ്റെറിലൈസ്ഡ് ബോട്ടലിലാണ് നൽകേണ്ടത്.
എല്ലാ പ്രവൃത്തി ദിനങ്ങളിലും രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ സാമ്പിളുകൾ സ്വീകരിക്കും. പരിശോധന ഫലങ്ങൾ നേരിട്ടോ ഓൺലൈൻ പോർട്ടൽ വഴിയോ മൂന്നുമുതൽ ഏഴുദിവസങ്ങൾക്കകം ലഭിക്കും. വിവരങ്ങൾക്ക് 0483 2940072, 0483 2738735 നമ്പറുകളിലോ അടുത്തുള്ള വാട്ടർ അതോറിറ്റി ഓഫിസുകളിലോ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.