തൃശൂർ: കേരളത്തിലെ ജനതാദൾ-എസ് മുന്നണിക്കുരുക്കിൽപെട്ടതോടെ കുടുങ്ങിയത് സ്ഥാനാർഥികൾ. ദേശീയതലത്തിൽ എൻ.ഡി.എക്കൊപ്പം നിലകൊള്ളുന്ന ജനതാദൾ-എസിന്റെ ചിഹ്നത്തിൽ മത്സരിക്കേണ്ട അവസ്ഥയിലാണ് ഇടതുമുന്നണിയുടെ ഘടകകക്ഷി. പുതിയ പാർട്ടിയുണ്ടാക്കലും മറ്റു പാർട്ടികളിൽ ലയിക്കലും അടക്കമുള്ള കാര്യങ്ങൾ വിജയിക്കാതായതോടെയാണ് എൻ.ഡി.എയിലെ ജനതാദൾ-എസിന്റെ ചിഹ്നമായ ‘നെൽക്കതിരേന്തിയ സ്ത്രീ’ അടയാളത്തിൽ മത്സരിക്കേണ്ടിവന്നത്.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നേതൃത്വം നൽകുന്ന ജനതാദൾ-എസ് 2023ലാണ് എൻ.ഡി.എയുടെ ഭാഗമായത്. എന്നാൽ, ദേവഗൗഡക്കൊപ്പമുണ്ടായിരുന്ന കേരളത്തിലെ ജനതാദൾ-എസ് ഇടതുമുന്നണിക്കൊപ്പം തുടർന്നു. ദേശീയ നേതൃത്വത്തോട് ബന്ധം വിച്ഛേദിച്ചെന്നും വ്യക്തമാക്കി.
എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും പുതിയ പാർട്ടി രൂപവത്കരിക്കാനോ ആർ.ജെ.ഡി, സമാജ്വാദി പാർട്ടി തുടങ്ങിയ മറ്റേതെങ്കിലും പാർട്ടിയിൽ ലയിക്കാനോ സാധിച്ചില്ല. ഇതോടെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ പഴയ ചിഹ്നത്തിൽ തന്നെ മത്സരിക്കേണ്ടിവരുന്നത്. ജയിച്ചാൽ കൂറുമാറ്റ നിയമം അടക്കമുള്ളവ സംബന്ധിച്ച് ആശങ്കകളും നിലനിൽക്കുന്നുണ്ട്.
അതേസമയം, രണ്ടു വർഷത്തിലധികം സമയം കിട്ടിയിട്ടും മുതിർന്ന നേതാക്കളായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും മാത്യു ടി. തോമസും പാർട്ടി രൂപവത്കരിക്കലടക്കം കാര്യങ്ങൾ ചെയ്തില്ലെന്ന് സംസ്ഥാന നേതാക്കളടക്കം കുറ്റപ്പെടുത്തുന്നുണ്ട്.
ഇരുവരെയും കുറ്റപ്പെടുത്തി ചില നേതാക്കൾ തുറന്ന കത്ത് നൽകുകയും ചെയ്തിരുന്നു. പുതിയ പാർട്ടി ഉണ്ടാക്കുമെന്ന് പറഞ്ഞ് അണികളെ പറ്റിക്കുകയാണ് സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ചെയ്തതെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു.
2006ൽ എച്ച്.ഡി. കുമാരസ്വാമി ബി.ജെ.പിയോടൊപ്പം ചേർന്നപ്പോൾ ഉടൻതന്നെ എം.പി. വീരേന്ദ്രകുമാർ പുതിയ പാർട്ടി പ്രഖ്യാപിച്ച കാര്യവും ഇവർ ഓർമിപ്പിക്കുന്നു. അതുപോലെ ജനതാദൾ യുനൈറ്റഡ് ആയിരുന്ന സമയത്ത് നിതീഷ് കുമാർ ബി.ജെ.പി സഖ്യത്തിലേക്ക് പോയപ്പോൾ വീരേന്ദ്രകുമാർ രാജ്യസഭാംഗത്വം രാജിവെച്ചതും ചൂണ്ടിക്കാട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.