അടൂർ പ്രകാശ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. യു.ഡി.എഫ് കൺവീനറും പത്തനംതിട്ട എം.പിയുമായ അടൂർ പ്രകാശിന്റെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് വെച്ചാണ് മൊഴിയെടുപ്പ്. കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിന് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും പുറത്തുവന്നു. സ്വർണക്കൊള്ളയിൽ സി.പി.എമ്മിനും സർക്കാരിനുമെതിരെ യു.ഡി.എഫ് പ്രചാരണം നടത്തി വരുന്നതിനിടെയാണ് എസ്.ഐ.ടിയുടെ നീക്കം. അടൂർ പ്രകാശിനെ എസ്.ഐ.ടി വിളിച്ചുവരുത്തുകയായിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം ഏത് തരത്തിലാണെന്ന് അടൂർ പ്രകാശ് വിശദീകരിക്കേണ്ടി വരും. അതേസമയം ഉണ്ണി കൃഷ്ണൻ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച അടൂർ പ്രകാശ് ശബരിമല കേസിലെ ബന്ധം നിഷേധിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ഡൽഹിയിൽ സോണിയ ഗാന്ധിയെ കാണാൻ പോയപ്പോഴും അടൂർ പ്രകാശ് ഒപ്പമുണ്ടായിരുന്നു. എന്നാൽ തന്റെ മണ്ഡലത്തിലെ വോട്ടറായ ഉണ്ണികൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുടെ അപ്പോയിന്റ്മെന്റ് എടുത്തപ്പോൾ തന്നെയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് അടൂർ പ്രകാശിന്റെ വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ മൊഴി എസ്.ഐ.ടി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അടൂർ പ്രകാശിലേക്കും അന്വേഷണം നീളുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങൾ നേരത്തെ തന്നെ രാഷ്ട്രീയ ആയുധമാക്കി സി.പി.എം രംഗത്തെത്തിയിരുന്നു. അതേസമയം അടൂർ പ്രകാശിനെ ചോദ്യം ചെയ്യുകയാണെങ്കിൽ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് നേരത്തെ പ്രതികരിച്ചത്. ഉണ്ണികൃഷ്ണൻ പോറ്റി മുഖ്യമന്ത്രിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.