മന്ത്രി കെ.രാജൻ, റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായർ
തൃശൂർ: അട്ടപ്പാടിയിൽ കർഷകന്റെ ആത്മഹത്യക്ക് പിന്നിൽ വ്യാജ ആധാരമുണ്ടാക്കി ഭൂമി തട്ടിയെടുക്കുന്ന ഭൂമാഫിയ സംഘമെന്ന് സംശയം. പാലക്കാട് ജില്ലയിലെ അഗളി വില്ലേജിലെ കാവുണ്ടിക്കൽ ഇരട്ടക്കുളത്തിലെ കർഷകനായ കൃഷ്ണസ്വാമിയുടെ മരണത്തിലേക്ക് നയിച്ച വിഷയങ്ങൾ പരിശോധിച്ച്, റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അനു.എസ്. നായരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങളാണ് മന്ത്രി കെ.രാജൻ നിയമസഭയിൽ വെളിപ്പെടുത്തയത്. റിപ്പോർട്ട് വിവരാവകാശനിയമപ്രകാരം നൽകാതെ റവന്യൂ വകുപ്പിന്റെ രഹസ്യ അറയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ നൽകിയ ശിപാർശകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചെന്നാണ് മന്ത്രി നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടി.
അവകാശത്തിന്റെയോ (ഉടമസ്ഥത) സ്ഥലപരിശോധനയുടെയോ വിശദ പരിശോധനകൾ കൂടാതെ മ്യൂട്ടേഷൻ നടപടികൾ ആരംഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വസ്തുവകകളുടെ കൈമാറ്റം നടക്കുമ്പോൾ, റവന്യൂ രേഖകളിൽ പഴയ ഉടമയുടെ പേര് മാറ്റി പുതിയ ഉടമയുടെ പേര് ചേർക്കുന്ന ഔദ്യോഗിക പ്രക്രിയയാണ് മ്യൂട്ടേഷൻ. അതിനാൽ ഇതേ സ്വഭാവത്തിലുള്ള മറ്റ് കേസുകളുണ്ടോയെന്ന് കണ്ടെത്തി അവയും അടിയന്തരമായി അന്വേഷിക്കാൻ ലാൻഡ് റവന്യൂ കമീഷണർക്ക് നിർദേശം നൽകി. ലൈസൻസുള്ള ആധാരം എഴുത്തുകാർ, സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ, ചില വില്ലേജ് ജീവനക്കാർ എന്നിവർ നിലവിലുള്ള നടപടിക്രമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചിരിക്കാമെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ വിശദമായ പരിശോധന നടത്തണം.
യഥാർഥ അവകാശമോ നിയമപരമായ കൈവശമോ ഇല്ലാതെ ഭൂമി കൈയേറുന്നതിനായി സമാന സ്വഭാവത്തിലുള്ള രേഖകൾ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും, അവയുടെ അടിസ്ഥാനത്തിൽ മതിയായ പരിശോധന കൂടാതെ മ്യൂട്ടേഷൻ അനുവദിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കാനും നിർദേശം നൽകി. ഈ കേസിൽ മ്യൂട്ടേഷൻ ആരംഭിച്ച സമയത്തെ വില്ലേജ് ഓഫീസറായിരുന്ന ഉദ്യോഗസ്ഥയെ, ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം പൂർത്തിയാകുന്നതുവരെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാൻ നിർദേശിച്ചു.
അട്ടപ്പാടി താലൂക്കിലെ എല്ലാ വില്ലേജുകളിലും ഡിജിറ്റൽ സർവേ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. റീസർവേ ശരിയായ താൽക്കാലിക നികുതി മ്യൂട്ടേഷൻ അടിസ്ഥാനമാക്കി നൽകിയതല്ലെങ്കിൽ നിലവിലുള്ള രേഖകളും രസീതുകളും അവകാശത്തിന്റെ ഉറപ്പായ തെളിവായി കണക്കാക്കാൻ കഴിയില്ല. അതിനാൽ, വകുപ്പ് ഒമ്പത് (രണ്ട്) പ്രകാരമുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് തയാറാക്കപ്പെടുന്ന അടിസ്ഥാന നികുതി രജിസ്റ്റർ (ബി.ടി.ആർ) റവന്യൂ ഉദ്യോഗസ്ഥ സംഘത്തിന്റെ പരിശോധനക്ക് വിധേയമാക്കണെന്നാണ് റിപ്പോർട്ടിലെ നിർദേശം.
അട്ടപ്പാടി താലൂക്കിലെ വില്ലേജുകളിൽ വകുപ്പ് ഒമ്പത് (രണ്ട്) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് സർക്കാർ അനുമതി നിർബന്ധമാണെന്ന് ഉറപ്പാക്കുന്നതിനായി കലക്ടർക്കും സർവെ ഡയറക്ടർക്കും (ഡി.എസ്.എൽ.ആർ) ആവശ്യമായ നിർദേശം നൽകിയെന്നും മന്ത്രി നിയമസഭയെ അറിയച്ചു. സർക്കാർ ഭൂമിയോ ആദിവാസി ഭൂമിയോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനും അവകാശ പരിശോധന നടത്തുന്നതിനുമായി, ഡിജിറ്റൽ സർവേ രേഖകൾ, എ ആൻഡ് ബി രജിസ്റ്ററുകൾ, സെറ്റിൽമെന്റ് രജിസ്റ്റർ എന്നിവയും കൈവശക്കാരുടെ രേഖകളും പരിശോധിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നൽകി.
നിയമ വിരുദ്ധമായ രീതിയിൽ ആധാരം രജിസ്റ്റർ ചെയ്ത് നൽകിയതിന് പിന്നിൽ രജിസ്ട്രേഷൻ വകുപ്പിലെ ജീവനക്കാരുടെയും, ലൈസൻസ്‌ഡ് ആധാരം എഴുത്തുകാരുടെയും പങ്കിനെ കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ രജിസ്ട്രേഷൻ വകുപ്പിനെ അറിയിച്ച് തുടർനടപടി സ്വീകരിക്കാൻ നികുതി വകുപ്പിനോട് അഭ്യർഥിച്ചു. അർഹരായ മുഴുവൻ കർഷകരുടെയും ഒരുതുണ്ട് ഭൂമിപോലും നഷ്ടപ്പെടാതെ മുഴുവൻ ഭൂമി കണ്ടെത്തി ലഭ്യമാക്കി അവരെ ചേർത്ത് പിടിക്കുക എന്നതാണ് സർക്കാർ നയം. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന ആരായാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മുഖം നോക്കാതെ കർശന നടപടി സ്വീകരിക്കണമെന്നാണ് നിർദേശമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സർക്കാർ നിർദേശ പ്രകാരം അഗളി വില്ലേജ് ഓഫിസർ കൃഷ്ണസ്വാമിയുടെ ഭൂമിക്ക് നികുതിയടച്ച് നൽകി. കർഷകൻ ഭൂമി വിറ്റിട്ടില്ല എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. കർഷകന്‍റെ ഭൂമിക്ക് ആര് വ്യാജരേഖയുണ്ടാക്കി, എങ്ങനെ ഭൂമി തട്ടിയെടുത്തു എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് റവന്യൂ വകുപ്പ് ഉത്തരം നൽകുന്നില്ല. സമാന റിപ്പോർട്ടാണ് സർക്കാരിന് റവന്യൂ സെക്രട്ടറി എം.ജി. രാജമാണിക്യം നൽകിയത്. അത് ചുവപ്പ് നാടയിൽ കുടുങ്ങി പൊടിപിടിച്ച് റവന്യൂ വകുപ്പിന്‍റെ അലമാരയിൽ ഉറങ്ങുമ്പോഴാണ് വീണ്ടും റിപ്പോർട്ട് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.