സഫാരി സൈനുൽ ആബിദീൻ


കൂത്തുപറമ്പ് പിടിക്കാൻ പ്രവാസി വ്യവസായി; ദേശീയ വൈസ് പ്രസിഡന്റ് സഫാരി സൈനുൽ ആബിദീനെ കളത്തിലിറക്കാൻ ലീഗ്

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പ് മണ്ഡലം പിടിക്കാൻ പ്രവാസി വ്യവസായിയും മുസ്‍ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സഫാരി സൈനുൽ ആബിദീനെ രംഗത്തിറക്കാൻ ലീഗ്. 2021ൽ മത്സരിച്ച പൊട്ടൻകണ്ടി അബ്ദുല്ല മുൻ മന്ത്രി കൂടിയായ കെ.പി മോഹനനെതിരെ 9541 വോട്ടിനാണ് ഇവിടെ തോറ്റത്. ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ സ്വദേശത്തും വിദേശത്തും പ്രബലനായ ദേശീയ നേതാവിനെ തന്നെ രംഗത്തിറക്കി സീറ്റ് തിരിച്ചു പിടിക്കുകയാണ് മുസ്‍ലിം ലീഗും, യു.ഡി.എഫും ലക്ഷ്യമിടുന്നത്.

ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ ബിസിനസ് ശൃംഖലകളുടെ അധിപനായ സഫാരി സൈനുൽ ആബിദിനെ, ഏതാനും വർഷം മുമ്പാണ് മുസ്‍ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റായി നിയമിച്ചത്. ഇതോടൊപ്പം, സുപ്രഭാതം ദിനപത്രം വൈസ് ചെയർമാനായ ഇദ്ദേഹത്തിന് സമസ്തയുമായുള്ള അടുത്ത ബന്ധവും കൂടി ലീഗിന് തുണയാകും. കണ്ണൂർ ജില്ലയിലെ മേക്കുന്ന് സ്വദേശിയാണ് സൈനുൽ ആബിദ്. മണ്ഡലത്തിൽ യു.ഡി.എഫ് തോൽവിക്ക് ഇടയാക്കുന്ന ലീഗിനുള്ളിലെ ഗ്രൂപ്പ് വഴക്കിനും വിഭാഗീയതക്കും പരിഹാരമായാണ് സഫാരി സൈനുൽ ആബിദിനെ രംഗത്തിറക്കാനും ആലോചിക്കുന്നത്.

നേരത്തെ കെ.കെ ഷൈലജയും പി. ജയരാജനും ദീർഘകാലം കൈവശം വെച്ച മണ്ഡലത്തിൽ 2011ൽ കെ.പി മോഹനനിലൂടെ യു.ഡി.എഫ് ജയിച്ചിരുന്നു. എന്നാൽ, പിന്നീട് 2016ൽ കെ.കെ ഷൈലജയും, 2021ൽ ആർ.ജെ.ഡിയിലൂടെ എൽ.ഡി.എഫ് വീണ്ടും നിലനിർത്തി. ശക്തമായ വോട്ട് ബാങ്കുള്ള മണ്ഡലത്തിൽ മികച്ച സ്ഥാനാർഥിയും ഒത്തിണക്കമുള്ള പ്രവർത്തനവുമുണ്ടെങ്കിൽ ജയിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പുകൾ.

കൂത്തുപറമ്പിലെ പ്രാദേശിക വിഭാഗീയത പരിഹരിക്കാൻ ഇതുവഴി കഴിയുമെന്നും പ്രതീക്ഷിക്കുന്നു.  കഴിഞ്ഞ ദിവസം കൂത്തുപറമ്പിലെത്തിയ മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ, പൊട്ടകണ്ടി അബ്ദുല്ല ഉൾപ്പെടെ നേതാക്കളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

2008ന് മുമ്പത്തെ, പെരിങ്ങളം നിയോജക മണ്ഡലമാണ് പിന്നീട് കൂത്തുപറമ്പായി മാറിയത്. 1991ൽ മുസ്‍ലിം ലീഗിലെ കെ.എം സൂപ്പിയാണ് ഇവിടെ അവസാനമായി ജയിച്ച് ലീഗ് സ്ഥാനാർഥി.

Tags:    
News Summary - Safari Zainul Abidin will be the League candidate in the Kuthuparamba constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.