തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പില്‍ മലയോരത്ത് യു.ഡി.എഫിന്‍റെ തേരോട്ടം. ജില്ലാ പഞ്ചായത്ത് തിരിച്ച് പിടിക്കുക മാത്രമല്ല രണ്ട് നഗരസഭകൾ നില നിർത്തുകയും 36 പഞ്ചായത്തുകൾ കൈപ്പിടിയിലാക്കുകയും ചെയ്തു. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിൽ 14 ഇടത്തും യു.ഡി.എഫ് വൻ മുന്നേറ്റം നടത്തിയപ്പോൾ എൽ.ഡി.എഫിന് മൂന്ന് ഡിവിഷനുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എട്ട് ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏഴിടത്തും യു.ഡി.എഫ് കോട്ട തീർത്തു. കട്ടപ്പന, തൊടുപുഴ നഗരസഭകളിൽ യു.ഡി.എഫ് ഭരണം നില നിർത്തി.
തൊടുപുഴ നഗരസഭയിൽ 38 ൽ 21 സീറ്റില്‍ യു.ഡി.എഫ് നേട്ടം കൊയ്തപ്പോൾ ഒമ്പത് സീറ്റുകള്‍ നേടി എൻ.ഡി.എ ആദ്യമായി നഗരസഭയില്‍ പ്രതിപക്ഷമായി. കഴിഞ്ഞ തവണ നഗര സഭയിൽ നാലര വർഷത്തോളം ഭരണം നടത്തിയ എൽ.ഡി.എഫിന് ഇത്തവണ ആറുസീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് വൻ തിരിച്ചടിയായി. രണ്ടിടത്ത് യു.ഡി.എഫ് വിമതര്‍ക്കാണ് വിജയം. കട്ടപ്പന നഗര സഭയിൽ ആകെയുള്ള 35 സീറ്റിൽ 20 സീറ്റ് നേടിയാണ് യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയത്. എൽ.ഡി.എഫിന് 13 സീറ്റ് ലഭിച്ചപ്പോൾ എൻ.ഡി.എ രണ്ട് സീറ്റും പിടിച്ചെടുത്തു. 52 ഗ്രാമ പഞ്ചായത്തുകളില്‍ 36 ഇടങ്ങളില്‍ യു.ഡി.എഫ് ഭരണം സ്വന്തമാക്കിയപ്പോൾ എൽ.ഡി.എഫ് 11 ലെത്തി.
അഞ്ചിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ല. മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായ ഇ.എം.ആഗസ്തി കട്ടപ്പന നഗരസഭയില്‍ പരാജയപ്പെട്ടത് കനത്ത തിരിച്ചടിയായി. ഭൂ പ്രശ്നങ്ങൾ, വന്യ മൃഗ ശല്യം തുടങ്ങിയവും ഭരണവിരുദ്ധ വികാരവും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടിയായതായാണ് വിലയിരുത്തൽ. കേരള കോൺഗ്രസ് ജോസഫ് വിഭാഗവും തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി. ജില്ലാ പഞ്ചായത്തിൽ നാലിടത്തും തൊടുപുഴ നഗരസഭയിൽ മൂന്നിടത്തും കട്ടപ്പനയിൽ ഒരിടത്തും സീറ്റ് ഉറപ്പിച്ചു. മണക്കാട് പഞ്ചായത്തില്‍ ട്വന്‍റി ട്വന്‍റിയും രണ്ട് വാർഡുകളിൽ സാന്നിധ്യമറിയിച്ചു. കരിങ്കുന്നം പഞ്ചായത്തിലെ 13 ാം വാർഡിൽ ആം ആദ്മിയുടെ ബീന കുര്യൻ വിജയിച്ചു. ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ എൽ.ഡി.എഫാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.