തിരുവനന്തപുരം: ലാത്വിയൻ വനിത ലിഗയുടെ മരണം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സംഭവത്തിൽ സർക്കാറിനെതിരെ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ലിഗയുടെ സഹോദരിക്ക് സംഭവത്തിൽ ഉത്കണ്ഠയുണ്ടാകുമെന്നത് സ്വാഭാവികമാണ്. അവർ തന്‍റെ ഒാഫീസിൽ വന്നപ്പോൾ വേണ്ട നടപടിയെടുത്തിട്ടുണ്ട്. അന്ന് താൻ ഒാഫീസിലുണ്ടായിരുന്നില്ല. എന്നാൽ ഡി.ജി.പിയുമായി സംസാരിച്ച് അവർക്ക് പൊലീസ് ക്ലബ്ബിൽ താമസ സൗകര്യമൊരുക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു. ടൂറിസ്റ്റുകൾക്ക് സുരക്ഷിത സംസ്ഥാനം തന്നെയാണ് കേരളം. അല്ലാതെ നടക്കുന്ന പ്രചാരണങ്ങൾ ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വരാപ്പുഴ കസ്റ്റഡി മരണത്തിൽ മനുഷ്യാവകാശ കമീഷൻ ചെയർമാന്‍റെ നിലപാടിനെ മുഖ്യമന്ത്രി നിശിതമായി വിമർശിച്ചു. മനുഷ്യാവകാശ കമീഷൻ ചെയർമാൻ സ്ഥാനത്തിരിക്കുന്നയാൾ അദ്ദേഹത്തിന്‍റെ ജോലി ചെയ്യണമെന്നും രാഷ്ട്രീയമായി പെരുമാറരുതെന്നും പിണറായി വ്യക്തമാക്കി.
ശ്രീജിത്തിന്‍റെ മരണം ദൗർഭാഗ്യകരം തന്നെയാണ്. വരാപ്പുഴയിൽ സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. പൊലീസിൽ മൂന്നാംമുറ പാടില്ലെന്ന് നിരവധി തവണ ആവർത്തിച്ചതാണ്. പൊതുവെ പൊലീസ് സൗമ്യമാണ് പെരുമാറുന്നത്. എന്നാൽ, ചിലർ ഇക്കാര്യം ശ്രദ്ധിക്കാറില്ല. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിണറായി വ്യക്തമാക്കി.
കുറ്റക്കാരെ ഒരിക്കലും സംരക്ഷിക്കില്ലെന്നതിന്‍റെ ഉദാഹരണമാണ് വരാപ്പുഴ കേസിൽ സർക്കാർ സ്വീകരിച്ച നടപടികൾ. പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. കേരളത്തിൽ മൂന്നാംമുറ ആരോപണം നേരത്തെയും ഉണ്ടായിട്ടുണ്ട്. ആദ്യമായാണ് ഇത്രയും വേഗത്തിൽ സർക്കാർ നടപടിയെടുക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
ചിലർ തെറ്റായ കാര്യങ്ങൾ സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. കഠ്വ സംഭവത്തിലെ ഹർത്താൽ അത്തരത്തിലുള്ളതാണ്. കേരളം ഒറ്റക്കെട്ടായി സംഭവത്തിൽ പ്രതിഷേധിച്ചതാണ്. എന്നാൽ ഹർത്താൽ നടത്തിയവർക്ക് കേരളത്തെ പ്രത്യേക രീതിയിലേക്ക് മാറ്റാനായിരുന്നു ഉദ്ദേശം. ഇതിന് പിന്നിൽ ആർ.എസ്.എസ് ആണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.