1. പുന്നപ്ര തീരത്തടിഞ്ഞ ലൈഫ് ബോട്ട്, 2. വളഞ്ഞവഴി തീരത്തടിഞ്ഞ ടാങ്ക്
അമ്പലപ്പുഴ: കണ്ണൂർ തീരത്ത് കഴിഞ്ഞ ദിവസം തീപിടിച്ച സിംഗപ്പൂർ കപ്പൽ വാൻഹായിയിലെ ലൈഫ് ബോട്ടും ഗ്യാസ് ടാങ്കും അമ്പലപ്പുഴ തീരത്ത് രണ്ടിടങ്ങളിൽ അടിഞ്ഞു. ലൈഫ് ബോട്ട് അടിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് ടാങ്ക് അടിഞ്ഞത്. പുന്നപ്ര അറപ്പപ്പൊഴി കടൽതീരത്ത് ഞായറാഴ്ച രാത്രിയോടെയാണ് ലൈഫ് ബോട്ട് തീരത്തടിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ച പത്ത് കി.മീ. തെക്ക് വളഞ്ഞവഴി തീരത്ത് വെള്ള നിറത്തിലുള്ള ഗ്യാസ് ടാങ്കും അടിഞ്ഞു.
പുന്നപ്ര തീരത്തടിഞ്ഞ ചുവപ്പ് നിറത്തിലുള്ള ബോട്ടിന് ഏകദേശം അഞ്ച് മീ. നീളവും മൂന്ന് മീ. വീതിയും വരും. ശക്തമായ തിരമാലയിലും കാറ്റിലും തീരത്തുലയുന്ന ബോട്ട് ശ്രദ്ധയില്‍പെട്ട തീരദേശവാസികള്‍ പുന്നപ്ര പൊലീസിനെ വിവരമറിയിച്ചു. പുന്നപ്ര പൊലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ സി. പ്രേംജി, കോസ്റ്റൽ പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെ ജെ.സി.ബി ഉപയോഗിച്ച് കരയിൽ കയറ്റി കാറ്റാടിമരത്തില്‍ കെട്ടി സുരക്ഷിതമാക്കി. കപ്പല്‍ ജീവനക്കാരുടെ സുരക്ഷക്കായുള്ള ലൈഫ് ബോട്ടാണ് തീരത്ത് ഒഴുകിയെത്തിയത്. സിംഗപ്പൂർ കസ്റ്റംസിന് ലൈഫ് ബോട്ട് കൈമാറും.
കപ്പലിലെ 24600 ലിറ്റര്‍ ശേഷിയുള്ള പാചകവാതക ടാങ്കാണ് വളഞ്ഞവഴിയില്‍ അടിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ച തീരത്ത് തിരമാലയില്‍ ആടിയുലയുന്ന ടാങ്ക് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ വിവരം അമ്പലപ്പുഴ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഡിവൈ.എസ്.പി കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി വേണ്ട സുരക്ഷിതം ഒരുക്കി.
സിംഗപ്പൂരില്‍നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കസ്റ്റംസ് വിഭാഗം പരിശോധന നടത്തി ടാങ്ക് കാലിയാണെന്ന് ഉറപ്പാക്കിയശേഷം വൈകീട്ടോടെ വടംകെട്ടി രണ്ട് ജെ.സി.ബി ഉപയോഗിച്ച് ടാങ്ക് തീരത്ത് അടുപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.