എൽ.ഡി.എഫ് പട്ടിക; തുടക്കം ഒന്നാം മണിക്കൂറിൽ, തീർത്തത് അവസാന നിമിഷം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ആദ്യമണിക്കൂറിൽതന്നെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചെങ്കിലും ഏറ്റവും ഒടുവിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കുന്നതും എൽ.ഡി.എഫ്. ശനിയാഴ്ച നാല് സ്വതന്ത്രരെ കൂടി തീരുമാനിച്ചതോടെയാണ് പട്ടിക പൂർത്തിയായത്. മാർച്ച് 15ന് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച കേന്ദ്ര കമീഷന്‍റെ വാർത്തസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് സിറ്റിങ് എം.എൽ.എമാരടക്കം 75 പേരുടെയും ആറ് സ്വതന്ത്രരുടെയുമുൾപ്പെടെ 81 പേരുടെ പട്ടിക സി.പി.എം പ്രഖ്യാപിച്ചത്. അന്നുതന്നെ സി.പി.ഐ തങ്ങളുടെ 25 സ്ഥാനാർഥികളെയും നിശ്ചയിച്ചു. ഇതോടെ 140 ൽ 106ഉം ഒന്നാംദിവസം അവതരിപ്പിച്ച് എൽ.ഡി.എഫിന് മേൽകൈ.

സി.പി.എം സ്വതന്ത്രർ മത്സരിക്കുന്ന അഞ്ച് സീറ്റുകളാണ് അന്ന് ഒഴിച്ചിട്ടത്. ഇവ പിന്നീട് നികത്തിയെങ്കിലും പിന്നാലെ ഘടകകക്ഷികളായ ജനാധിപത്യ കേരള കോൺഗ്രസിന് നൽകിയ തിരുവനന്തപുരം, ഐ.എൻ.എല്ലിന് നൽകിയ കാസർകോട്, ഇടത് സ്വതന്ത്രർക്കായി നീക്കിവെച്ച വള്ളിക്കുന്ന് എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയം വൈകി. ഇതിനുപുറമെ താനൂരിൽ സ്ഥാനാർഥിയായി പരിഗണിച്ചതിലെ നീരസത്തെ തുടർന്ന് മന്ത്രി വി. അബ്ദുഹ്മാൻ പ്രചാരണത്തിറങ്ങാതെ വിയോജിപ്പ് പ്രകടിപ്പിച്ചതോടെ പട്ടികയിൽ തിരുത്തിന് സി.പി.എം നിർബന്ധിതമായി. അബ്ദുറഹ്മാനെ താനൂരിൽനിന്ന് തിരൂരിലേക്ക് മാറ്റി. അതോടെ താനൂരിലും സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവന്നു. ഈ നാലിടങ്ങളിലാണ് പത്രിക സമർപ്പിക്കാൻ ഒരു പ്രവൃത്തിദിവസം മാത്രം ശേഷിക്കേ ശനിയാഴ് പ്രഖ്യാപനമുണ്ടായത്.

തൊണ്ടിമുതൽ മാറ്റിയ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആന്‍റണി രാജുവിന് എം.എൽ.എ സ്ഥാനം നഷ്ടമാകുകയും സ്ഥാനാർഥിത്വം വഴിയടയുകയും ചെയ്ത സാഹചര്യത്തിൽ തിരുവനന്തപുരം സീറ്റിൽ ചലച്ചിത്രതാരം സുധീർ കരമനയാണ് ഇടത് സ്വതന്ത്രൻ. കാസർകോട്ട് ഐ.എൻ.എൽ പിന്തുണയുള്ള സ്വതന്ത്രനായി ഷാനവാസ് പാദൂരിനെയും വള്ളിക്കുന്നിൽ നാഷനൽ ലീഗ് പിന്തുണയുള്ള അഡ്വ. സി.പി. മുസ്തഫയെയും താനൂരിൽ മുഹമ്മദ് സമീറിനെയും ഇടത് സ്വതന്ത്രരായി പ്രഖ്യാപിച്ചാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയത്.

സി.പി.എം ആദ്യഘട്ട പട്ടിക പ്രഖ്യാപിക്കുമ്പോൾ സ്ഥാനാർഥി നിർണയ ചർച്ചകളുടെ അനിശ്ചിതത്വത്തിൽ ഉരുകുകയായിരുന്നു കോൺഗ്രസ്. ഒരുദിവസം പിന്നിട്ട് ചൊവ്വാഴ്ച രാത്രിയാണ് സിറ്റിങ് എം.എൽ.എമാരടക്കം 55 പേരുടെ പട്ടിക കോൺഗ്രസ് അവതരിപ്പിച്ചത്. 

Tags:    
News Summary - LDF list; Started in the first hour, finalized at the last minute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.