എ.വി. ഗോപിനാഥ് തോറ്റെങ്കിലും പെരിങ്ങോട്ടുകുറിശ്ശിയിൽ ഭരണം പിടിച്ച് എൽ.ഡി.എഫ് സഖ്യം; യു.ഡി.എഫ് കൈവിട്ടത് 60 വർഷത്തെ ഭരണം

പാലക്കാട്: പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിൽ 60 വർഷത്തെ ഭരണം കൈവിട്ട് യു.ഡി.എഫ്. എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യമാണ് പഞ്ചായത്തിൽ ഭരണം പിടിച്ചത്. എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തിന് എട്ട്, യു.ഡി.എഫ് ഏഴ്, ബി.ജെ.പി രണ്ട്, സി.പി.എം വിമത ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഇതിൽ സി.പി.എം വിമതയെ കൂടെ നിർത്താൻ ഇടത്, വലത് മുന്നണികൾ ശ്രമം നടത്തി വരികയായിരുന്നു. ഒടുവിൽ സി.പി.എം വിമത എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തെ പിന്തുണക്കാൻ തീരുമാനിക്കുകയായിരുന്നു.

എൽ.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി പ്രമോദ് ഒമ്പത് വോട്ടിന് വിജയിച്ചു. സി.പി.എം വിമത ഗ്രീഷ്മക്ക് വൈസ് പ്രസിഡന്‍റാകും. ആദ്യത്തെ രണ്ടര വർഷം സി.പി.എമ്മും ശേഷിക്കുന്ന രണ്ടര വർഷം എ.വി. ഗോപിനാഥിന്‍റെ ഐ.ഡി.എഫ് പ്രതിനിധിയും പ്രസിഡന്‍റ് പദം വീതം വെക്കും. സി.പി.എം വിമത അഞ്ച് വർഷനും വൈസ് പ്രസിഡന്‍റ് പദവിയിൽ തുടരും.

പെരിങ്ങോട്ടുകുറിശ്ശിയിൽ കോൺഗ്രസ് വിട്ട് സ്വതന്ത്ര ജനാധിപത്യ മുന്നണി സ്ഥാനാർഥിയായി തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച എ.വി ഗോപിനാഥ് കനത്ത പരാജയം നേരിട്ടിരുന്നു. യു.ഡി.എഫ് സ്ഥാനാർഥിയോട് 130 വോട്ടിനാണ് എ.വി ഗോപിനാഥ് തോറ്റത്. 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് പെരുങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്തില്‍ അവസാനം കുറിക്കുമെന്നും സി.പി.ഐയും മുസ്ലിംലീഗിലെ ഒരു വിഭാഗവും തങ്ങളോടൊപ്പമുണ്ടാകുമെന്ന് പ്രഖ്യാപിച്ചാണ് എ.വി ഗോപിനാഥ് മത്സരത്തിനിറങ്ങിയത്. എന്നാൽ പ്രതീക്ഷിച്ച നേട്ടം അവർക്കുണ്ടാക്കാൻ സാധിച്ചിട്ടില്ല.

2019 മുതല്‍ കോൺഗ്രസ് നേതൃത്വവുമായി അകലംപാലിച്ച എ.വി. ഗോപിനാഥ് 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് വിട്ടത്. 2023ല്‍ നവകേരള സദസ്സില്‍ പങ്കെടുത്തതോടെയാണ് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കിയത്.

25 വര്‍ഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ച എ.വി. ഗോപിനാഥ് 1991ല്‍ ആലത്തൂര്‍ നിയമസഭ മണ്ഡലത്തില്‍ 338 വോട്ടിന്റെ അട്ടിമറി വിജയം നേടിയിരുന്നു. കോൺഗ്രസ് വിട്ടതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനുമായും മുൻ മന്ത്രി എ.കെ. ബാലനുമായും അടുത്ത ബന്ധമായിരുന്നു ​എ.വി ഗോപിനാഥ് പുലർത്തിയിരുന്നത്. 

Tags:    
News Summary - LDF-IDF alliance takes power in Peringottukurissi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.