തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്‍റെ സംഘാടനച്ചെലവുമായി ബന്ധപ്പെട്ട് തെറ്റിധാരണ പരത്താൻ ശ്രമിക്കുകയാണെന്നും കണക്കുകൾ ആർക്കും പരിശോധിക്കാമെന്നും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്. അയ്യപ്പ സംഗമത്തിന്‍റെ സംഘാടനത്തിനായി ഇത് വരെ ചെലവഴിച്ചത് മൂന്ന് കോടി രൂപ മാത്രമാണ്. ഇത് പൂർണമായും സ്പോൺസർഷിപ്പായി കിട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കോടി രൂപ കൂടി സ്പോൺസർഷിപ്പായി വന്നിട്ടുണ്ട്. ‘മതപരമായ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ’ എന്ന ദേവസ്വം ബോർഡിന്‍റെ ഹെഡിൽ നിന്ന് മൂന്ന് കോടി രൂപ അഡ്വാൻസായി എടുത്തിരുന്നു. സ്പോൺസർഷിപ്പ് കിട്ടിയ മുറക്ക് കഴിഞ്ഞവർഷം ഒക്ടോബർ 17ന് കൃത്യമായി തിരിച്ചടക്കുകയും ചെയ്തു. ഇതല്ലാതെ ഒരു രൂപ പോലും ദേവസ്വം ബോർഡിൽ നിന്ന് ചെലവഴിച്ചിട്ടില്ലെന്നും സാമൂഹിക മാധ്യമത്തിലെ പോസ്റ്റിൽ പ്രശാന്ത് വ്യക്തമാക്കി.
ദേവസ്വം കമീഷണർ നവംബർ നാലിന് കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ചെലവ് 4.5 കോടിയും ജി.എസ്.ടിയും എന്നാണ്. എന്നാൽ, ഇപ്പോൾ വന്നിരിക്കുന്ന റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കേണ്ടതാണ്. ഇവന്‍റ് മാനേജ്‌മെന്‍റിനും അടിസ്ഥാന സൗകര്യവികസനത്തിനും 1.64 കോടി രൂപയാണ് ചെലവാക്കിയത്.
പ്രതിനിധികള്‍ക്കും മറ്റു ചെലവുകള്‍ക്കും -അഞ്ച് ലക്ഷം, ഭക്ഷണം -21.5 ലക്ഷം, ഉദ്യോഗസ്ഥരുടെ താമസം, ഭക്ഷണം -73780 രൂപ, ഗതാഗതം -10 ലക്ഷം, പബ്ലിസിറ്റി -25 ലക്ഷം, പ്രതിനിധികള്‍ക്കുള്ള കിറ്റ് -50 ലക്ഷം, മാര്‍ക്കറ്റിങ് ചെലവ് -25 ലക്ഷം, സാംസ്‌കാരിക പരിപാടികള്‍ -31 ലക്ഷം, ഗസ്റ്റ് ഹൗസിലേക്കുള്ള ഉപകരണങ്ങള്‍ -3.83 ലക്ഷം, മറ്റു ചെലവ് -11 ലക്ഷം എന്നിങ്ങനെയാണ് പ്രധാന ചെലവുകളെന്നും പി.എസ്. പ്രശാന്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.