ട്രെയിനിൽ ബി.ജെ.പി കൗൺസിലർമാരുടെ ദീനദയാൽ സ്മൃതി ദിനാചരണം; പൗരബോധമില്ലെന്ന് വിമർശനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരുന്നിൽ പ​ങ്കെടുക്കാനായി ന്യൂഡൽഹിയിലേക്ക് പോയ തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ ട്രെയിനിൽ നടത്തിയ സ്മൃതി ദിനാചരണത്തിനെതിരെ വിമർശനം.

തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട സംഘം ന്യഡൽഹിയിൽ എത്താനിരിക്കെയായിരുന്നു ഫെബ്രുവരി 11ന് ട്രെയിനിൽ വെച്ച് ആർ.എസ്.ആർ ആചാര്യനും ഭാരതീയ ജനസംഘം സ്ഥാപകനുമായ ദീനദയാൽ ഉപാ​ദ്ധ്യായ സ്മൃതി ദിനം ആചരിച്ചത്. ട്രെയിൻ യാത്രക്കിടെ, എ.സി ​കോച്ചിനുള്ളിൽ ദീനദയാലിന്റെ ചിത്രം വെച്ച് പുഷ്പങ്ങളർപ്പിച്ചായിരുന്നു ​കൗൺസിലർമാരുടെ നേതൃത്വത്തിൽ സ്മൃതി ദിനാചരണം. കൗൺസിലർമാർ ചിത്രത്തിൽ പൂക്കളർപ്പിക്കുന്നതിനൊപ്പം, ‘ഒരാദർശദീപം കൊളുത്തൂ...’ എന്ന ആർ.എസ്.എസ് ഗാനവും ആലപിക്കുന്നുണ്ട്.

ബി.ജെ.പി കേരള ഔദ്യോഗിക പേജിലും വീഡിയോ പങ്കുവെച്ചിരുന്നു. എന്നാൽ, കോൺഗ്രസ് കേരള ഉൾപ്പെടെ ‘എക്സ്’ പേജുകളിൽ ബി.ജെ.പി കൗൺസിലർമാർക്കെതിരെ കടുത്ത വിമർശനമുയർന്നു. അടുത്തി​ടെ ഒരു അഭിമുഖത്തിൽ രാജ്യത്തെ ജനങ്ങൾ പൗരബോധം മെച്ചപ്പെടുത്തണമെന്ന് ഓർമിപ്പിച്ച ധനമന്ത്രി നിർലമ സീതാരാമനെ ടാഗ് ചെയ്തുകൊണ്ടാണ് ‘കോൺഗ്രസ് കേരള’ പേജിൽ വീഡിയോ പങ്കുവെച്ചത്. ധനമന്ത്രി ആവശ്യപ്പെട്ട പൗരബോധത്തിന്, കേരള ബി.ജെ.പിയുടെ മറുപടിയെന്നായിരുന്നു കോൺഗ്രസ് പേജിന്റെ കുറിപ്പ്.

കോൺഗ്രസ് അനുകൂല സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളും കടുത്ത വിമർശനമുയർത്തി. തിരുവനന്തപുരത്തെ ബി.ജെ.പി കൗൺസിലർമാരുടെ ‘സീറോ’ പൗരബോധമെന്നായിരുന്നു വിജയ് തോട്ടത്തിൽ എന്ന ​ഫ്രൊഫൈൽ കുറിച്ചത്. പൊതുഇടത്തിൽ പൂജയും മറ്റും പരിപാടികളും അനുവദിക്കരുതെന്നും, നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിനെയും ഇന്ത്യൻ റെയിൽവേയെയും ടാഗ് ചെയ്തും വീഡിയോ പങ്കുവെച്ചു.

ബി​.ജെ.പിയുടെ ആദ്യകാല രൂപമായ ജനസംഘത്തിന്റെ സ്ഥാപകനായ ദീനദയാൽ ഉപാദ്ധ്യയയുടെ സ്മൃതി ദിനം ഫെബ്രുവരി 11നാണ് ആചരിക്കുന്നത്.

തിങ്കളാഴ്ച തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട്, ബുധനാഴ്ച ഡൽഹിയിലെത്തിയ മേയർ വി.വി രാജേഷും കൗൺസിലർമാരും ഉൾപ്പെടുന്ന സംഘം, കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വിരുന്നിൽ പ​ങ്കെടുത്തിരുന്നു. ​വ്യാഴാഴ്ച വൈകീട്ട് ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലായിരുന്നു പ്രധാനമന്ത്രിയുമായുള്ള കൂടികാഴ്ച.

ബി.ജെ.പി. ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ദേശീയ ജനറൽ സെക്രട്ടറിമാരായ ബി.എൽ. സന്തോഷ്, വിനോദ് താവഡേ, മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ, മന്ത്രിമാരായ ജോർജ് കുര്യൻ, സുരേഷ് ഗോപി, ശോഭ കരന്തലജെ, രാജ്യസഭാംഗം സി. സദാനന്ദൻ, ദേശീയ ഭാരവാഹികളായ അപരാജിത സാരംഗി, അനിൽ ആന്റണി, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്. സുരേഷ്, അനൂപ് ആന്റണി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കരമന ജയൻ, സംസ്ഥാന ഉപാധ്യക്ഷൻ എസ്. സോമൻ, ബി.ജെ.പി. സംസ്ഥാന മാധ്യമവിഭാഗം കൺവീനർ സന്ദീപ് സോമനാഥ് എന്നിവരും പങ്കെടുത്തു. ഡൽഹി സന്ദർശനം പൂർത്തിയാക്കി സംഘം വെള്ളിയാഴ്ച വിമാനമാർഗം തിരുവനന്തപുരത്ത് മടങ്ങിയെത്തും.

Tags:    
News Summary - BJP councilors observance Deendayal Smriti Diwas on train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.