ആശ ആച്ചി ജോസഫ് വനിതാ കമീഷനിലും പരാതി നൽകിയിരുന്നു, ആവശ്യപ്പെട്ടിട്ടും പൊലീസ് റിപ്പോർട്ട് നൽകിയില്ല -പി. സതീദേവി

കൊച്ചി: സംവിധായകനും മുന്‍ ഇടത് എം.എല്‍.എയുമായ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ ചലചിത്രപ്രവര്‍ത്തക ആശ ആച്ചി ജോസഫ് വനിത കമീഷനിൽ പരാതി നൽകിയിരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യക്ഷ പി സതീദേവി. വിഷയത്തിൽ പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചിട്ടില്ലെന്നും സതീദേവി പറഞ്ഞു.

പരാതി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നതായും അവർ പറഞ്ഞു. പ്രമുഖരായവർക്കെതിരെ പരാതി നൽകുമ്പോൾ പരാതിക്കാരെ നിശബ്‌ദരാക്കാൻ സമ്മർദ്ദങ്ങൾ ഉണ്ടാകാറുണ്ട്. ഒത്തുതീർപ്പിനുള്ള ശ്രമങ്ങൾ പൊതുസമൂഹത്തിൽ നിലനിൽക്കുന്ന ധാരണയുടെ ഭാഗമാണ്. ആശ ആച്ചി ജോസഫിന്‍റെ തുറന്നെഴുത്ത് സ്വാഗതാർഹമാണ്. യുവതി ധൈര്യപൂർവം ഇക്കാര്യം തുറന്ന് പറയാൻ തയ്യാറായത് അഭിനന്ദനാർഹമാണെന്നും സതീദേവി പറഞ്ഞു.

സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയെന്നും കുഞ്ഞുമുഹമ്മദ് നടത്തിയ അതിക്രമം ബോധപൂർവം ആയിരുന്നെന്നും മലയാള മനോരമയിലെ ലേഖനത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ട് ആശ ആച്ചി ജോസഫ് രംഗത്തെത്തിയിരുന്നു.

സഹതാപമല്ല സമൂഹത്തിന്‍റെ ഐക്യദാർഢ്യമാണ് വേണ്ടതെന്ന് ആശ ലേഖനത്തിലൂടെ വ്യക്തമാക്കുന്നു. നിഗൂഢമായ ഇടവഴിയിലോ ഇരുണ്ടതും ഒറ്റപ്പെട്ടതുമായ സ്ഥലത്തോ അല്ല, സർക്കാർ ഉടമസ്ഥതയിലുള്ള, പുരോഗമന മൂല്യങ്ങൾ അവകാശപ്പെടുന്ന സാംസ്കാരിക സ്ഥാപനമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഔദ്യോഗിക ചുമതല നിർവഹിക്കുമ്പോഴാണ് താന്‍ അപമാനിക്കപ്പെട്ടതെന്ന് ആശ പറയുന്നു.

നവംബർ 24ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും ചാനലുകളിൽ വാർത്ത വരുന്ന ഡിസംബർ എട്ട് വരെ പൊലീസ് എഫ്‌.ഐ.ആർ ഇട്ടില്ലെന്നും അവർ ആരോപിക്കുന്നു. ചരിത്രത്തിൽ മായ്ക്കപ്പെടാൻ താൻ തയാറല്ലെന്നും തന്‍റെ ശബ്ദം നാളെ മറ്റൊരു സ്ത്രീക്ക് സംസാരിക്കാൻ ഭയം കുറക്കുമെന്ന പ്രതീക്ഷയിലാണ് തുറന്നുപറച്ചിൽ നടത്തുന്നതെന്നും ആശ പറയുന്നു.

അതേസമയം, കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദമുണ്ടെന്ന് ആശ നേരത്തെ പറഞ്ഞിരുന്നു. കുഞ്ഞുമുഹമ്മദിന്‍റെ പ്രായം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് കേസിൽനിന്ന് പിൻമാറണമെന്നാണ് ഇടനിലക്കാർ മുഖേനയുള്ള ആവശ്യമെന്ന് അവർ പറഞ്ഞു. ഐ.എഫ്.എഫ്.കെയിൽ മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷനായിരുന്നു പി.ടി.കുഞ്ഞുമുഹമ്മദ്.

ഇതുമായി ബന്ധപ്പെട്ട യോഗത്തിനെത്തിയപ്പോള്‍ ചലച്ചിത്ര അക്കാദമിയുടെ അതിഥികളായാണു കുഞ്ഞുമുഹമ്മദും കേസിലെ പരാതിക്കാരിയും നഗരത്തിലെ ഹോട്ടലില്‍ താമസിച്ചത്. ഹോട്ടല്‍ മുറിയില്‍ വെച്ചു സമ്മതമില്ലാതെ ശരീരത്തില്‍ കടന്നുപിടിച്ചെന്നും അപമാനിച്ചെന്നുമാണ് പരാതി.

Tags:    
News Summary - Asha Aachi Joseph had also filed a complaint with the Women's Commission, but the police did not provide a report despite being asked - P. Sati Devi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.