സ്നേഹത്തള്ളലായാലും സ്നേഹതല്ലലായും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യും - കെ. മുരളീധരൻ

തൃശൂർ: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ ഉണ്ടായത് സ്നേഹത്തള്ളൽ ആണെന്ന പ്രസ്താവനക്കെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പുതുയുഗ യാത്രവേദിയിൽ നടന്ന ഉന്തും തള്ളുംവിവാദമായതിനെ തുടർന്നാണ് അവിടെ നടന്നത് സ്നേഹത്തള്ളൽ മാത്രമാണെന്ന് കോഴിക്കോട് ഡി.സി.സി അധ്യക്ഷന്‍ അഡ്വ. കെ പ്രവീൺകുമാർ പറഞ്ഞത്. ഈ പരാമർശത്തിനെതിരെയാണ് കെ. മുരളീധരൻ രംഗത്തെത്തിയത്.

സ്നേഹത്തള്ളൽ ആയാലും സ്നേഹത്തല്ലൽ ആയാലും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് മുരളീധരൻ പറഞ്ഞു. ഈ പ്രവണത അവസാനിപ്പിക്കണം. തെരഞ്ഞെടുപ്പ് വിജയമാണ് മുഖ്യം. ടി.വി ചാനലിൽ മുഖം കാണിക്കാൻ തള്ളുന്നവരോട് ജനത്തിന് പരിഹാസമാണെന്നും കെ. മുരളീധരൻ പറഞ്ഞു. സ്‌നേഹത്തിന്റെ ഭാഷയിലാണെങ്കിലും രൗദ്രത്തിന്റെ ഭാഷയിലാണെങ്കിലും ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല. ആ നേരം കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി കുറച്ച് അധ്വാനിച്ചാല്‍ അത്രയും വോട്ട് നമുക്ക് കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന്റെ പുതുയുഗ യാത്രാ സ്വീകരണ വേദിയില്‍ കുറ്റ്യാടിയിൽ സംസാരിക്കാന്‍ വിളിക്കാന്‍ വൈകിയതില്‍ ഷാഫി പറമ്പില്‍ എം.പി നീരസം പ്രകടിപ്പിപ്പിച്ചെന്ന വാർത്തയെ തുടർന്നാണ് ഡി.സി.സി പ്രസിഡന്‍റ് വിശദീകരണവുമായി എത്തിയത്. സംസാരിക്കാന്‍ വിളിക്കാന്‍ വൈകിയതോടെ ഡി.സി.സി സെക്രട്ടറിയോട് ഷാഫി വേദിയില്‍ വെച്ച് തന്നെ തര്‍ക്കിക്കുന്നത് കാണാമായിരുന്നു. വി.ഡി സതീശന് ശേഷം ഷാഫിയെ വിളിക്കാന്‍ ശ്രമിച്ച ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിലിനെ ബലമായി തടഞ്ഞ ഷാഫി താന്‍ സംസാരിക്കില്ലെന്ന് അറിയിച്ചു. പേര് വിളിച്ചതോടെ ഒറ്റ വാചകത്തില്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു. സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ ഷാഫി ഒറ്റ വാചകത്തില്‍ പ്രസംഗം അവസാനിപ്പിക്കുകയും ചെയ്തു.

കുറ്റ്യാടിയിൽ വേദിയിലുണ്ടായത് സ്നേഹത്തള്ളലായിരുന്നു എന്നായിരുന്നു കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാറിന്‍റെ വിശദീകരണം. 'ഈ വാര്‍ത്തകള്‍ മുഴുവന്‍ വാസ്തവിരുദ്ധമാണ്. ഒരു നീരസവും ഉണ്ടായിട്ടില്ല. പ്രവര്‍ത്തകര്‍ ഷാഫിയെ വിളിക്കണമെന്ന് പറഞ്ഞപ്പോള്‍ വിളിക്കരുതെന്ന് പറഞ്ഞ് ഒരു സ്‌നേഹ തള്ളല്‍ ഉണ്ടായതാണ്. ആ സ്‌നേഹ തള്ളല്‍ ഉന്തും തള്ളലുമായാല്‍ എന്തുചെയ്യാനാണ്. ഷാഫി തന്നെ എന്നോടാണ് പറഞ്ഞത് സമയം വൈകിയെന്നും എംപി എംകെ രാഘവനെയും പാറയ്ക്കല്‍ അബ്ദുള്ളയെയും വിളിക്കാന്‍' - എന്നാണ് ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞത്.

Tags:    
News Summary - Whether it is love or hate, it will harm the party in the elections - K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.