ടോൾ പ്ലാസയിൽ യുവാവിനെ കാറിൽനിന്ന് വലിച്ചിറക്കി കൊണ്ടുപോയ പൊലീസ് എഫ്.ഐ.ആറിൽ വാസ്തവ വിരുദ്ധമായത് എഴുതിച്ചേർത്തു, സമ്മതിച്ച് ജില്ല പൊലീസ് മേധാവി

കാസർകോട്: കുമ്പള ടോളിൽ നിർത്തിയ കാറിൽനിന്നും പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്‍റെ പേരിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ എഴുതിച്ചേർത്തെന്ന് സമ്മതിച്ച് കാസർകോട് ജില്ല പൊലീസ് മേധാവി. എഫ്.ഐ.ആറിൽ കൃത്യമായ വസ്തുതകൾ എഴുതി ചേർക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായും കണ്ടെത്തി.

ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അടിയന്തിര അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എഫ്.ഐ.ആറിലെ പിഴവ് തിരുത്തി തുടർനടപടി സ്വീകരിക്കുമെന്നും കാസർകോട് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കാര്യങ്ങൾ വ്യക്തമാക്കി മുഖ്യമന്ത്രിക്ക് പരാതി നൽകിയ അഭിഭാഷകന് ജില്ല പൊലീസ് മേധാവി കത്ത് നൽകി. കുമ്പള ടോൾ ബൂത്തിൽ ഗതാഗതകുരുക്ക് ഉണ്ടാക്കിയതിനാണ് യുവാവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതെന്നും ടോൾ ബൂത്തിൽനിന്നും അധികൃതർ വിളിച്ച് പറഞ്ഞിട്ടാണ് പൊലീസ് സംഘം എത്തിയതെന്നും കത്തിൽ പറയുന്നു. കാറിന്‍റെ താക്കോൽ യുവാവ് നല്കാത്തത് കാരണം വാഹനം ടോൾ ബൂത്തിൽനിന്നും തള്ളിമാറ്റി ഗതാഗതകുരുക്ക് ഒഴിവാക്കുകയാണ് പൊലീസ് ചെയ്തതെന്നും കത്തിൽ വിശദീകരിക്കുന്നു.

രണ്ടാഴ്ച മുമ്പായിരുന്നു കാസർകോട് കുമ്പള ടോൾ പ്ലാസയിൽ വെച്ച് കുടുംബത്തോടൊപ്പം യാത്ര ചെയ്ത ബോവിക്കാനം സ്വദേശിയായ യുവാവിനെ പൊലീസ് ബലാൽക്കാരമായി കസ്റ്റഡിയിലെടുത്തത്. ആറ് മാസം പ്രായമുള്ള കുഞ്ഞും സ്ത്രീകളും വാഹനത്തിലുണ്ടായിരുന്നിട്ടും തന്നെ ബലമായി കാറിൽ നിന്ന് വലിച്ചിറക്കി കസ്റ്റഡിയിലെടുത്തുവെന്ന് യുവാവ് പറഞ്ഞിരുന്നു. കാറിൽനിന്ന് യുവാവിനെ പൊലീസ് വലിച്ചിറക്കുന്നതിന്‍റെയും എടുത്തുകൊണ്ടുപോയി പൊലീസ് വാഹനത്തിൽ കയറ്റുന്നതിന്‍റെയും ദൃശ്യം പുറത്തുവന്നിരുന്നു.

Tags:    
News Summary - kumbla toll plaza arrest FIR issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.