കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതികളെ ക്രൂരമായി ആക്രമിച്ച് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതി വീടുമായി അടുത്ത ബന്ധമുള്ളയാളെന്ന് സംശയം. അടുത്ത പരിചയക്കാരെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നീങ്ങുന്നത്.
തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് പാറപ്പാടം ഷാനി മൻസിലിൽ മുഹമ്മദ് സാലി (65), ഭാര്യ ഷീബ (60) എന്നിവരെ വീട്ടിനുള്ളിൽ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഷീബ മരിച്ചത്. സാലിയുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.
ഷീബയുടെയും സാലിയുടെയും മൊബൈൽ ഫോണുകളും ഷീബയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും കാണാതായതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. വീട്ടിൽനിന്ന് മറ്റെന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്.
മറ്റ് സ്വർണാഭരണങ്ങൾ കൂടി കാണാതായതായി ബന്ധുക്കൾ പറഞ്ഞിട്ടുണ്ടെങ്കിലും തെളിവുകൾ ലഭിച്ചിട്ടില്ല. മോഷണം മാത്രമായിരുന്നു ലക്ഷ്യമെങ്കിൽ അതിക്രൂരമായി കൊലപാതകം നടത്തില്ലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വീട്ടിനുള്ളിൽ പ്രതി അരിച്ചുപെറുക്കിയതിെൻറ സൂചനകളുണ്ട്.
അടുക്കളവാതിൽ അകത്തുനിന്ന് പൂട്ടി മുന്നിലെ വാതിൽ തുറന്ന് പുറത്തിറങ്ങിയശേഷം വാതിൽ പൂട്ടിയാണ് പ്രതി സ്ഥലം വിട്ടത്. ദമ്പതികൾ ഒറ്റക്കാണെന്ന് അറിയാവുന്ന ആളാണ് പ്രതി. അപരിചിതർ വന്നാൽ ജനലിലൂടെ നോക്കിയശേഷം മാത്രമേ ഇവർ വാതിൽ തുറക്കാറുള്ളൂ എന്നാണ് അയൽക്കാർ പറയുന്നത്. പരിചയക്കാരായതിനാൽ ആയിരിക്കാം വാതിൽ തുറന്നുനൽകിയത്.
തിങ്കളാഴ്ച രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് കൊലപാതകം. അടുക്കളയിൽ ചപ്പാത്തിയും മുട്ടയും പകുതി പാകംചെയ്ത നിലയിലായിരുന്നു. എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാറിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു. ഷീബയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ഉച്ചയോടെ കോടിമതയിലെ തറവാട്ടുവീട്ടിൽ എത്തിച്ചു. തുടർന്ന് തിരുനക്കര താജ് പള്ളിയിൽ ഖബറടക്കി. മസ്കത്തിലുള്ള മകൾ ഷാനിക്കും മരുമകൻ സുധീറിനും എത്താനായില്ല. ടിക്കറ്റ് ലഭിച്ചാൽ അടുത്ത ദിവസം എത്തിയേക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.