കെ.കെ. ശൈലജയുടെ ആത്മകഥ സിലബസിൽ നിന്ന് മാറ്റില്ല; പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് കരിക്കുലം കമ്മിറ്റി കൺവീനർ

കണ്ണൂർ: വിവാദമായെങ്കിലും മുൻ മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ. ശൈലജയുടെ ആത്മകഥ കണ്ണൂർ സർവകലാശാല സിലബസിൽ നിന്ന് മാറ്റില്ലെന്ന് കരിക്കുലം കമ്മിറ്റി കൺവീനർ പ്രമോദ് വെള്ളച്ചാൽ. ആവശ്യമെങ്കിൽ അക്കാദമിക് കൗൺസിലിന് വിഷയം ചർച്ച ചെയ്യാമെന്നും കൺവീനർ പറഞ്ഞു.

കെ.കെ. ശൈലജയുടെ അനുമതി വാങ്ങിയല്ല ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയത്. സിലബസ് പരിഷ്കരിച്ചത് 27 വിഷയങ്ങളിലാണ്. ആരോപണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നും പ്രമോദ് വെള്ളച്ചാൽ ആരോപിച്ചു.

കണ്ണൂർ സർവകലാശാല ഒന്നാം സെമസ്റ്റർ ഇംഗ്ലീഷ് ഇലക്ടിവ് കോഴ്സിൽ കോർ റീഡിങ് വിഭാഗത്തിലാണ് കെ.കെ. ശൈലജയുടെ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (സഖാവെന്ന നിലയിൽ എന്‍റെ ജീവിതം) എന്ന പുസ്തകം ഉൾപ്പെടുത്തിയത്. പഠന ബോർഡുകൾ ഇല്ലാത്തതിനാൽ അഡ്ഹോക് കമ്മിറ്റിയാണ് സിലബസ് തയാറാക്കിയത്.

ചാൻസലറുടെ അനുമതിയില്ലാതെ രൂപവത്കരിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോടതിയാണ് പഠനബോർഡുകൾ റദ്ദാക്കിയത്. സിലബസ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കഴിഞ്ഞ ദിവസം പ്രചരിപ്പിച്ചത് വിവാദമായിരുന്നു.

അതേസമയം, സിലബസിൽ കമ്യൂണിസ്റ്റ്‍വത്കരണമാണ് നടക്കുന്നതെന്നും വിവാദ പാഠപുസ്തകം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തി. തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി സമിതി ഗവർണർക്ക് പരാതി നൽകി. പുസ്തകം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സർവകലാശാലയിലേക്ക് മാർച്ചും നടത്തി.

സിലബസിൽ പുസ്‌ത‌‌കം ഉൾപ്പെടുത്തിയതിനോട് യോജിക്കുന്നില്ലെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ലെന്നുമാണ് വിവാദത്തോട് കെ.കെ. ശൈലജ പ്രതികരിച്ചത്. 

Tags:    
News Summary - K.K. Shailaja's autobiography will not be removed from the syllabus - Curriculum committee convener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.