തിരുവനന്തപുരം: 2025ലെ കേരള വനിത കമീഷൻ മാധ്യമ പുരസ്കാരം പ്രഖ്യാപിച്ചു. മികച്ച റിപ്പോർട്ട് (മലയാളം അച്ചടി മാധ്യമം) വിഭാഗത്തിൽ 'മാധ്യമം' സീനിയർ സബ് എഡിറ്റർ മുഹമ്മദ് സുൽഹഫ് പുരസ്കാരം നേടി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരം.
2025 ഏപ്രിൽ 13ന് 'മാധ്യമം' ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'എന്‍റെ വീട്, എന്‍റെ പ്രസവം: പക്ഷെ ഒരു പ്രശ്നമുണ്ട്' എന്ന അന്വേഷണാത്മക റിപ്പോർട്ടിനാണ് പുരസ്കാരം. ലേഖനത്തിൽ കാലിക പ്രസക്തിയുള്ള വിഷയം അർഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്തിരിക്കുന്നുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ ഉന്നമനത്തിനും സ്ത്രീ സൗഹൃദ സമൂഹം വളർന്നു വരുന്നതിനും പ്രചോദനമാകുന്ന മാധ്യമ പ്രവർത്തനത്തിനാണ് വനിത കമീഷൻ മാധ്യമ പുരസ്കാരങ്ങൾ നൽകുന്നത്.
കേരള മീഡിയ അക്കാദമിയുടെ 2022ലെ മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ്, ആരോഗ്യ പത്രപ്രവർത്തനത്തിനുള്ള റീച്ച്-യു.എസ് എയ്ഡ് മീഡിയ ഫെലോഷിപ്പ് (2020), മികച്ച എഡിറ്റോറിയലിനുള്ള കാമ്പിശ്ശേരി കരുണാകരൻ അവാർഡ് (2019), ഇന്ത്യ സയൻസ് മീഡിയ അവാർഡ് (2019), നാഷനൽ മീഡിയ അവാർഡ് (2018), കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഫെലോഷിപ്പ് (2017) എന്നിവയും സുൽഹഫിന് ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വണ്ടുർ സ്വദേശിയാണ് സുൽഹഫ്. കരുവാടൻ ബദറുദീന്‍റെയും സുലൈഖയുടെയും മകനാണ്. 2011ൽ മാധ്യമം പത്രാധിപ സമിതിയിൽ അംഗമാണ്. ഭാര്യ: ഹിബ തസ്നീം (അധ്യാപിക). മക്കൾ: ഫിദൽ അനാം, ഹർഷ് സമാൻ, ഇമാദ് ആലം.
മികച്ച ഫീച്ചർ (മലയാളം അച്ചടി മാധ്യമം) വിഭാഗത്തിൽ മാതൃഭൂമി ദിനപത്രം കോഴിക്കോട് യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ രജി ആർ. നായർ പുരസ്കാരം നേടി. 2025 മെയ് 6, 7, 14, 15 തീയതികളിലായി മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'അവൾ മാറി, പക്ഷെ...' എന്ന വാർത്താ പരമ്പരക്കാണ് പുരസ്കാരം.
ഇതേ വിഭാഗത്തിൽ ഗൃഹലക്ഷ്മി മാസിക 2025 ആഗസ്റ്റ് 16ന് പ്രസിദ്ധീകരിച്ച 'മരണക്കുരുക്കോ വിവാഹം' എന്ന ലേഖനത്തിലൂടെ റോസ് മരിയ വിൻസെന്‍റ് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.