തിരുവനന്തപുരം: ഭവന സെൻസസിന് സെൽഫ് എന്യൂമറേഷൻ തുടങ്ങാനിരിക്കെ, സംസ്ഥാനത്ത് വിവരശേഖരണത്തിനുള്ള അടിസ്ഥാന യൂനിറ്റുകളായ ബ്ലോക്കുകൾ (ഹൗസ് ലിസ്റ്റിങ് ബ്ലോക്ക്-എച്ച്.എൽ.ബി) സജ്ജമായി. സംസ്ഥാനത്താകെയുള്ള കെട്ടിടങ്ങളെ 59,300 ബ്ലോക്കുകളായി തിരിച്ചാണ് വിവരശേഖരണം നടക്കുക. ഏറ്റവും കുറഞ്ഞത് 200 കെട്ടിടങ്ങളാണ് ഓരോ ബ്ലോക്കിലും ഉൾപ്പെടുന്നത്.
ജനസംഖ്യ കണക്കാക്കിയാൽ ഒരു ബ്ലോക്കിൽ 800 പേരുണ്ടാകും. വിവരശേഖരണം എളുപ്പമാക്കാനും ഒരു വീടുപോലും വിട്ടുപോകാതിരിക്കാനുമാണ് വലിയ പ്രദേശങ്ങളെ ചെറിയ ബ്ലോക്കുകളായി തിരിക്കുന്നത്.
ഒരു വാർഡിൽതന്നെ ഒന്നിലധികം ബ്ലോക്കുകളുണ്ടാകാം.അതേസമയം, ഒരു ബ്ലോക്ക് രണ്ടു വാർഡുകളിലായി ചിതറാത്ത വിധം അതാത് വാർഡിൽതന്നെ നിലനിർത്തിയാണ് ക്രമീകരണം. ബ്ലോക്കുകൾ രൂപവത്കരിച്ച ശേഷം വാർഡിനുള്ളിൽ ശേഷിക്കുന്നത് ചെറിയ ഭാഗം മാത്രമാണെങ്കിലും അതൊരു ബ്ലോക്കായി പരിഗണിക്കും. പഞ്ചായത്ത് അതിർത്തികൾ, താലൂക്ക് അതിർത്തികൾ, ജില്ല അതിർത്തികൾ എന്നിവ മുറിച്ചുകടക്കാതെയാണ് ബ്ലോക്കുകളെല്ലാം തയാറാക്കിയത്. പുഴകൾ, വലിയ ജലാശയങ്ങൾ എന്നിവ മറികടക്കും വിധവും ബ്ലോക്കുകൾക്ക് വലിപ്പം കൂട്ടിയിട്ടില്ല.
ഓരോ ബ്ലോക്കിനും ഒരു എന്യൂമറേറ്റർക്ക് വീതം ചുമതല നൽകിയാണ് വിവരശേഖരണം. ആറ് എന്യൂമറേറ്റർമാർക്ക് ഒരു സൂപ്പർവൈസറുമുണ്ടാകും. സ്കൂൾ അധ്യാപകരും റവന്യൂ വകുപ്പിലെ ജീവനക്കാരുമടക്കം 64,500 പേരെയാണ് സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിച്ചത്.
ഇതിൽ 55,000 പേർ എന്യൂമറേറ്റർമാരാണ്. 9,500 പേർ സൂപ്പർവൈസർമാരും. ഭവന സെൻസിന് മുന്നോടിയായി എന്യൂമറേറ്റർമാരുടെ പരിശീലനം വെള്ളിയാഴ്ച ആരംഭിച്ചു.
ജൂലൈ ഒന്നിന് ഭവന സെൻസസ് തുടങ്ങുമെങ്കിലും ആദ്യ മൂന്ന് ദിവസം അതാത് ബ്ലോക്കുകൾ സന്ദർശിച്ച് ലേ ഔട്ട് മാപ്പ് തയാറാക്കണമെന്നാണ് എന്യൂമറേറ്റർമാർക്കുള്ള നിർദേശം. ഈ ഘട്ടത്തിൽ ചിലപ്പോൾ ബ്ലോക്കുകളിൽ നിശ്ചയിച്ച കെട്ടിടങ്ങളുടെ എണ്ണത്തിൽ മാറ്റം വരാം.
അടിസ്ഥാന സംഖ്യ 200 ആണെങ്കിലും ജനസാന്ദ്രതയനുസരിച്ച് കെട്ടിടങ്ങളുടെ എണ്ണം 250-260 വരെ വർധിക്കാം. അതിന് മുകളിൽ കെട്ടിടങ്ങൾ വർധിച്ചാൽ ബ്ലോക്ക് മുറിക്കുകയും അവ റിസർവ് എന്യൂമറേറ്റർമാർക്ക് കൈമാറുകയും ചെയ്യും.
സെൻസസ് നടപടികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ലേ ഔട്ട് മാപ്പ്. ഒരു സെൻസസ് ബ്ലോക്കിലെ വീടുകളെയും കെട്ടിടങ്ങളെയും കൃത്യമായി തിരിച്ചറിയാൻ എന്യൂമറേറ്റർ സ്വന്തം കൈപ്പടയിൽ തയാറാക്കുന്ന ഏകദേശ ഭൂപടമാണിത്. വിവരശേഖരണത്തിന് പോകുന്ന ഉദ്യോഗസ്ഥന് ഓരോ വീടും സന്ദർശിക്കാനും ഒരു വീടുപോലും വിട്ടുപോകാതിരിക്കാനുമാണ് ഈ സ്കെച്ച് തയ്യാറാക്കുന്നത്.
സെൻസസ് ബ്ലോക്കിന്റെ അതിരുകൾ കൃത്യമായി മാപ്പിൽ അടയാളപ്പെടുത്തും. വഴി തിരിച്ചറിയാൻ സഹായിക്കുന്ന പ്രധാന പൊതുസ്ഥലങ്ങളോ കെട്ടിടങ്ങളോ ഇതിലുണ്ടാകും.
എന്യൂമറേറ്റർമാർക്ക് മൂന്നു ദിവസം നീളുന്ന പരിശീലനമാണ് നൽകുക. 50 പേർ വീതമുള്ള ബാച്ചുകളായാണ് പരിശീലനം. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരെയാണ് പ്രധാനമായും സൂപ്പർവൈസർമാരായി നിശ്ചയിച്ചത്. പ്രൈമറി, ഹൈസ്കൂൾ അധ്യാപകരെ എന്യൂമറേറ്റർമാരായും നിയോഗിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്തെ ബ്ലോക്കുകളിലാണ് ഇവർക്ക് ചുമതല.
പ്രാഥമിക-ഹൈസ്കൂൾ തലങ്ങളിൽ വനിത അധ്യാപകർ കൂടുതലുള്ളതിനാൽ എന്യൂമറേറ്റർമാരിൽ വലിയൊരു വിഭാഗം സ്ത്രീകളായിരിക്കും. നേരത്തെ മാസ്റ്റർ ട്രെയിനർമാർ പരിശീലനം നൽകിയ 1,120 ഫീൽഡ് ട്രെയിനർമാരാണ് ഇനി അധ്യാപകർക്കുള്ള പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകുക.
രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന സെൻസിന്റെ ആദ്യഘട്ടമായ ഭവന സെൻസസ് ജൂലൈ ഒന്നുമുതൽ 30 വരെയാണ്. ഇതിന് മുന്നോടിയായി പൊതുജനങ്ങൾക്ക് പോർട്ടൽ വഴി സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താൻ സെൽഫ് എന്യൂമറേഷൻ ജൂൺ 16 മുതൽ 30 വരെ നടക്കും.
വീട്ടുനമ്പറും മുറികളും മേൽക്കൂരയും ശുചിമുറിയും ഗ്യാസ് കണക്ഷനും മുതൽ മൊബൈൽ ഫോണും ഇന്റർനെറ്റും വാഹനവും കഴിക്കാനുപയോഗിക്കുന്ന ധാന്യവും വരെ 33 ചോദ്യങ്ങൾക്കാണ് മറുപടി പൂരിപ്പിക്കേണ്ടത്. പോർട്ടൽ വഴി പൂരിപ്പിക്കുന്നവർ സബ്മിറ്റ് ചെയ്യുമ്പോൾ ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐ.ഡി സൂക്ഷിക്കണം.
ജൂലൈ ഒന്നു മുതൽ 30 വരെയാണ് എന്യൂമറേറ്റർമാർ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ സമാഹരിക്കുക. പോർട്ടൽ വഴി സമർപ്പിക്കാൻ കഴിയാത്തവർക്ക് ഈ ഘട്ടത്തിൽ വിവരങ്ങൾ നേരിട്ട് നൽകാം. പോർട്ടൽ വഴി സമർപ്പിച്ചവർ സെൽഫ് എന്യൂമറേഷൻ ഐ.ഡി വീട്ടിലെത്തുന്ന എന്യൂമറേറ്റർമാർക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.