മനോജ്
വാടാനപ്പള്ളി (തൃശൂർ): കുടുംബത്തിനെതിരെ മന്ത്രവാദം ചെയ്തെന്ന് ആരോപിച്ച് വയോധികയായ മാതാവിനെ ക്രൂരമായി ആക്രമിച്ച് കൈ തല്ലിയൊടിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. ചേറ്റുവ സ്വദേശിനി തുളസിയെ (71) ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ മകൻ മനോജിനെ (46) യാണ് വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ആറിന് രാത്രി പത്തോടെയായിരുന്നു സംഭവം. മനോജിന്റെ കുടുംബത്തിനുണ്ടായ ദുരിതങ്ങൾക്ക് കാരണം അമ്മ മന്ത്രവാദം ചെയ്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചേറ്റുവയിലെ തറവാട് വീട്ടിൽ കസേരയിൽ ഇരിക്കുകയായിരുന്ന തുളസിയെ പ്രതി ബലംപ്രയോഗിച്ച് താഴെയിടുകയും കൈകൾ കൊണ്ട് മർദിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു.
തുടർന്നാണ് ഇടത് കൈ തിരിച്ച് ഒടിക്കുകയും അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്തത്. വധശ്രമത്തിനാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തത്. മനോജ് കഴിഞ്ഞ വർഷം വീട്ടിൽവെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും 2024ൽ വാർഡംഗത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലും പ്രതിയാണ്.
വാടാനപ്പള്ളി എസ്.ഐ ലാൽസൻ, എ.എസ്.ഐ കാജാ ഹുസൈൻ, ഗ്രേഡ് സീനിയർ സിവിൽ പൊലീസ് ഓഫിസർ മഹേഷ്, സിവിൽ പൊലീസ് ഓഫിസർ റിഷാദ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.