ചേർത്തലയിൽ അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസ്
ചേർത്തല: ദേശീയപാതയിൽ ചേർത്തല കെ.വി.എം ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് ജെ.സി.ബിയിൽ ഇടിച്ച് 19 പേർക്ക് പരിക്ക്. ശനി രാത്രി 11.15 നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം തകർന്നു.
ദേശീയപാതയിൽ നിർമാണത്തിലേർപ്പെട്ടിരുന്ന ജെ.സി.ബിയിലേക്ക് ബസ് ഇടിച്ചു കയറുകയായിരുന്നു. പുനലൂരിൽ നിന്ന് സുൽത്താൻബത്തേരിക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസാണ് അപകടത്തിൽപെട്ടത്. ബസ് ഡ്രൈവർ വയനാട് സ്വദേശി അലി (47), കണ്ടക്ടർ ഗിരീഷ് കുമാർ (48) എന്നിവരും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു.
പരിക്കേറ്റവരിൽ ഏഴു പേരെ ചേർത്തല കെ.വി.എം ആശുപത്രിയിലും ഒരാളെ എക്സ്റേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നിസ്സാര പരിക്കേറ്റ ഇവരിൽ ചിലരെ പിന്നീട് ഡിസ്ചാർജ് ചെയ്തു. രണ്ടുവയസ്സായ കുട്ടിക്കും പരിക്കുണ്ട്.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗത തടസ്സം ഉണ്ടായി. പൊലീസ് എത്തി വാഹനങ്ങൾ മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തിൽ ചേർത്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, ദേശീയപാത നിർമാണം പലയിടത്തും പരാതികൾക്ക് ഇടയാക്കിയിട്ടുണ്ട്. നിർമാണം പൂർത്തിയാക്കി ഭാഗികമായി ഗതാഗതത്തിനു തുറന്നു നൽകിയ ചേർത്തലയിലെ മേൽപാതയിൽ അടുത്തിടെ മണ്ണിടിഞ്ഞ് ഗർത്തമുണ്ടായിരുന്നു. ഒടുവിൽ, കോൺക്രീറ്റ് മിശ്രിതം ഉപയോഗിച്ച് താൽക്കാലികമായി കുഴി അടച്ചാണ് ഇതിന് പരിഹാരം കണ്ടത്.
ജല അതോറിറ്റി നൽകിയ മുന്നറിയിപ്പ് ഗൗരവത്തിൽ എടുക്കാതിരുന്നതാണ് മേൽപാതയിൽ ഗർത്തമുണ്ടാകാൻ കാരണമെന്ന് റിപ്പോർട്ട്. സംഭവത്തിൽ ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും കലക്ടർക്ക് നൽകിയ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
ഒരു മാസം മുമ്പ് പൈപ്പ് പൊട്ടിയ സ്ഥലത്താണു മണ്ണിടിഞ്ഞു ഗർത്തമുണ്ടായത്. പൈപ്പുകൾ പൊട്ടിയാൽ കുറേ കഴിഞ്ഞായിരിക്കും ആഘാതം അറിയാൻ സാധിക്കുക. നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്ത പാതയിൽ മണ്ണിടിഞ്ഞ് ഗർത്തമുണ്ടായ സംഭവം ആശങ്കയുളവാക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.