തിരുവനന്തപുരം: മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ ഫലപ്രദമായി തടയാനും അന്വേഷിക്കാനുമായി എക്സൈസ് വകുപ്പിന് കീഴിൽ കേരള സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രൂപവൽകരിച്ച് ഉത്തരവായി. ഇതിന്റെ പ്രവർത്തനത്തിനായി എക്സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരെ പുനർവിന്യസിച്ചും അധിക ചുമതല നൽകിയും ഉത്തരവിറക്കി. പുതിയ തസ്തികകൾ സൃഷ്ടിക്കാതെ 367 തസ്തികകൾ പുനർവിന്യസിക്കുകയും 22 തസ്തികകൾക്ക് അധിക ചുമതല നൽകുകയും ചെയ്ത് 389 തസ്തികകളോടെ ബ്യൂറോയുടെ പ്രവർത്തനം ആരംഭിക്കാനാണ് അനുമതി നൽകിയത്.
തിരുവനന്തപുരം എക്സൈസ് കമീഷണറേറ്റിലാകും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ ആസ്ഥാനം. എക്സൈസ് കമീഷണർ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ തലവനായി പ്രവർത്തിക്കും. അഡീഷനൽ എക്സൈസ് കമീഷണർ (അഡ്മിനിസ്ട്രേഷൻ), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ഫിനാൻസ് ഓഫീസർ എന്നിവർക്ക് ബ്യൂറോയിലും സമാന അധികചുമതലകൾ നൽകും. ഓപറേഷൻസ്, ഇന്റലിജൻസ്, റിസർച്ച് ആൻഡ് അനാലിസിസ്, സൈബർ ഇന്റലിജൻസ് ആൻഡ് സൈബർ ഓപറേഷൻസ് എന്നീ വിഭാഗങ്ങളും ഓരോ ജില്ലയിലും ഓപറേഷൻസ്, ഇന്റലിജൻസ് യൂനിറ്റുകളും പ്രവർത്തിക്കും.
ബ്യൂറോയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി സൈബർ സുരക്ഷ, ഡിജിറ്റൽ ഫോറൻസിക്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ വിദഗ്ധരുടെ സന്നദ്ധ ശൃംഖല രൂപവൽകരിക്കാനും വ്യവസ്ഥ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് കമീഷണർമാർക്ക് അതത് ജില്ലകളിലെ കൺട്രോൾ ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടറുടെ(ഓപറേഷൻസ്) അധികചുമതല നൽകും.
ഓരോ ജില്ലയിലും എക്സൈസ് ജില്ലാ ഐ.ബി യൂനിറ്റിലെ ഉദ്യോഗസ്ഥരുടെ സേവനവും ജില്ലാ ഇന്റലിജൻസ് യൂനിറ്റുകളിൽ ഉപയോഗിക്കും. എക്സൈസ് ഉദ്യോഗസ്ഥരുടെ പുനർവിന്യാസം പൂർത്തിയാക്കി സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ പ്രവർത്തനം ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എക്സൈസ് കമീഷണർക്ക് സർക്കാർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.