വഖഫ് ബോർഡ്: സംഘപരിവാർ അജണ്ടകൾക്ക് സർക്കാർ കീഴടങ്ങരുത് - ഐ.എസ്.എം


കോഴിക്കോട്: വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ മരവിപ്പിക്കാനുള്ള ഹരജികളെ സംസ്ഥാന സർക്കാർ പിന്തുണച്ചത് വഞ്ചനാപരമാണെന്നും, വഖഫ് വിഷയത്തിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കാനുള്ള യാതൊരു അവസരവും സർക്കാർ നൽകരുതെന്നും ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.

മുസ്‍ലിം സമുദായത്തിന്റെയും വഖഫ് സ്വത്തുക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക എന്ന സുപ്രധാന ലക്ഷ്യത്തോടെയാണ് വഖഫ് ബോർഡ് നിലകൊള്ളേണ്ടത്. എന്നാൽ വഖഫ് ബോർഡിൽ രാഷ്ട്രീയം കളിക്കാനും, അതിനെ രാഷ്ട്രീയ പകപോക്കലിനുള്ള വേദിയാക്കി മാറ്റാനുമുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. ബോർഡിന്റെ അടിസ്ഥാന ഉദ്ദേശലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന വിധത്തിൽ സർക്കാർ യാതൊരു കാരണവശാലും ഇടപെടാൻ പാടില്ല.

വഖഫ് ബോർഡിൽ മുസ്‍ലിമേതര പ്രതിനിധികളെ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയം നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതാണ്. അന്തിമ വിധി വരുന്നതിന് മുൻപ് തന്നെ ഇത് ധൃതിപ്പെട്ട് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുത്. പകരം, തമിഴ്നാട് മാതൃകയിൽ വഖഫ് ബോർഡിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അവസരമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്.

ബി.ജെ.പി ഇതര സംസ്ഥാനങ്ങളിൽ സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറരുത്. കേരളം സ്വീകരിക്കുന്ന ഇത്തരം നടപടികൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് റഫറൻസായി മാറുമെന്ന് തീർച്ചയാണ്. അതിനാൽ ഈ നീക്കത്തിനെതിരെ രാഷ്ട്രീയപരവും നിയമപരവുമായ പോരാട്ടം നടത്തേണ്ട ഉത്തരവാദിത്വം മുസ്ലിം ലീഗിനും കോൺഗ്രസിനും ഉണ്ടെന്നും ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയേറ്റ് വ്യക്തമാക്കി.

സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹാസിൽ മുട്ടിൽ, ട്രഷറർ അദീബ് പൂനൂർ, വൈസ് പ്രസിഡന്റുമാരായ ഡോ. സുഫിയാൻ അബ്ദുസത്താർ, ഡോ. മുബശിർ പാലത്ത്, റിഹാസ് പുലാമന്തോൾ, സാബിക്ക് മാഞ്ഞാലി, സെക്രട്ടറിമാരായ ഡോ. റജുൽ ഷാനിസ്, നസീം മടവൂർ, ഡോ. യൂനുസ് ചെങ്ങര, അബ്ദുൽ ഖയ്യൂം, മിറാഷ് അരക്കിണർ, ഡോ. ഷബീർ ആലുക്കൽ, ടി കെ എൻ ഹാരിസ്, സഹൽ മുട്ടിൽ, ഷരീഫ് കോട്ടക്കൽ, മുഹ്‌സിൻ തൃപ്പനച്ചി, റാഫി പേരാമ്പ്ര,ഷാനവാസ് ചാലിയം,അബ്ദുസ്സലാം ഒളവണ്ണ, ഫാദിൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - ISM: Govt should not surrender to Sangh Parivar agenda on Waqf Board issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.