കോഴിക്കോട്: എക്കാലത്തും ഇടതുപക്ഷ ആഭിമുഖ്യം പ്രഖ്യാപിച്ച ജില്ലയാണ് കോഴിക്കോട്. പഞ്ചായത്ത് തല ഭരണസമിതികൾ ഉണ്ടായ കാലം തൊട്ട് കമ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുമുന്നണിക്കും മേൽക്കൈ ഉണ്ടായിരുന്നു ഇവിടെ. 1990ൽ ജില്ല കൗൺസിൽ വന്നപ്പോഴും 1995ൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിലേക്ക് മാറിയപ്പോഴും കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായില്ല. എന്നാൽ, 2010ലെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ആകെ ഒന്നുലഞ്ഞു. ഒഞ്ചിയത്തെ സി.പി.എമ്മിലുണ്ടായ പിളർപ്പും വിഭാഗീയ പ്രശ്നങ്ങളും ഭരണവും പാർട്ടിയും തമ്മിലുള്ള സംഘർഷങ്ങളുമെല്ലാം പ്രതിഫലിച്ചപ്പോൾ യു.ഡി.എഫിന് നില മെച്ചപ്പെടുത്താനായെങ്കിലും മേൽക്കൈ സാധ്യമായില്ല. പക്ഷേ, എൽ.ഡി.എഫ് കോട്ടകളായിരുന്ന പല പഞ്ചായത്തുകളും അന്ന് നിലംപൊത്തി. ജില്ല പഞ്ചായത്തിൽ ഒറ്റ സീറ്റിന്റെ വ്യത്യാസത്തിലാണ് യു.ഡി.എഫിന് ഭരണം നഷ്ടമായത്. കോഴിക്കോട് കോർപറേഷൻ ഭരണം എൽ.ഡി.എഫ് നിലനിർത്തിയത് ബേപ്പൂർ, ചെറുവണ്ണൂർ -നല്ലളം, എലത്തൂർ എന്നീ പഞ്ചായത്തുകൾ നഗരസഭയോട് കൂട്ടിച്ചേർത്തതുകൊണ്ടു മാത്രവും.
ഏറ്റവുമൊടുവിൽ 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ല പഞ്ചായത്തും കോർപറേഷനും വ്യക്തമായ മേധാവിത്വത്തോടെയാണ് എൽ.ഡി.എഫ് നിലനിർത്തിയത്. ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ എൽ.ഡി.എഫിന് 18, യു.ഡി.എഫിന് ഒമ്പത് എന്ന നിലയിലാണ്. 75 അംഗ കോർപറേഷൻ കൗൺസിലിൽ 50 അംഗങ്ങളാണ് ഇടതുപക്ഷത്തുള്ളത്. യു.ഡി.എഫിന് 18ഉം എൻ.ഡി.എക്ക് ഏഴും. 12 ബ്ലോക്ക് പഞ്ചായത്തുകളിൽ 10ഉം 70 ഗ്രാമ പഞ്ചായത്തുകളിൽ 42 ഉം ഭരിക്കുന്നത് എൽ.ഡി.എഫാണ്. യു.ഡി.എഫിന് ചെറിയ മേൽക്കൈ ഉള്ളത് മുനിസിപ്പാലിറ്റികളിലാണ്. ഏഴിൽ നാലിടത്ത് യു.ഡി.എഫ് ഭരണമാണ്. എൽ.ഡി.എഫ് മൂന്നിടത്തും.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തുല്യ അംഗബലമായിരുന്ന കായക്കൊടിയിൽ സി.പി.എമ്മിനും ഉണ്ണികുളത്ത് കോൺഗ്രസിനും നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം ലഭിച്ചു. പുറമേരി, കുറ്റ്യാടി, വില്യാപ്പള്ളി, ബാലുശ്ശേരി, നടുവണ്ണൂർ, കാക്കൂർ, കുന്ദമംഗലം, പെരുമണ്ണ എന്നീ പഞ്ചായത്തുകളിൽ യു.ഡി.എഫിനും അഴിയൂർ, ഒഞ്ചിയം, വാണിമേൽ, തിരുവള്ളൂർ, ചെറുവണ്ണൂർ, കാരശ്ശേരി പഞ്ചായത്തുകളിൽ എൽ.ഡി.എഫിനും നേരിയ വ്യത്യാസത്തിന് ഭരണം നഷ്ടമായി.
കുന്നുമ്മൽ, തോടന്നൂർ, കുന്ദമംഗലം എന്നീ ബ്ലോക്ക് പഞ്ചായത്തുകളിലും ഫറോക്ക്, മുക്കം എന്നീ മുനിസിപ്പാലിറ്റികളിലും കഴിഞ്ഞ തവണ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ശക്തമായ സംഘടനാ സംവിധാനവും ക്ഷേമ പെൻഷനുകളുടെ വർധനയും ഇതര ഭരണനേട്ടങ്ങളും കൂടിയാകുന്നതോടെ കണക്കുപുസ്തകത്തിൽ മുന്നേറ്റമല്ലാതെ മറ്റൊന്നുമുണ്ടാകില്ലെന്ന് എൽ.ഡി.എഫ് ഉറപ്പിക്കുന്നു. അതേസമയം പതിവില്ലാത്തവിധം തുറയൂർ പഞ്ചായത്തിൽ എട്ട് വാർഡുകളിൽ സി.പി.ഐ സ്വന്തം നിലയിൽ മത്സരിക്കുന്നുണ്ട്. വോട്ടില്ലാത്തതല്ല, വോട്ടർമാരെ കണക്ട് ചെയ്യാനുള്ള മെഷീനറിയില്ലാത്തതാണ് യു.ഡി.എഫ് നേരിടുന്ന പ്രശ്നം. ഒരു തരംഗം ആഞ്ഞുവീശുമ്പോൾ മാത്രമേ അവരുടെ പെട്ടിയിൽ വോട്ട് വീഴുന്നുള്ളൂ എന്നതാണ് സമീപകാല തെരഞ്ഞെടുപ്പുകൾ വ്യക്തമാക്കുന്നത്.
മുൻകാലങ്ങളെ അപേക്ഷിച്ച് കോൺഗ്രസിൽ വിമതശല്യം കുറഞ്ഞപ്പോൾ മുസ്‌ലിം ലീഗിൽ പതിവില്ലാത്തവിധം അപസ്വരങ്ങളുയർന്നു. ഈവക പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കഴിഞ്ഞെന്നും തെരഞ്ഞെടുപ്പ് ഗോദയിൽ ഒറ്റക്കെട്ടായി മുന്നേറുകയാണെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു. ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിൽ ഭരണം പിടിക്കുമെന്ന അവകാശവാദം എൻ.ഡി.എ നേതാക്കൾക്കുപോലുമില്ല. പക്ഷേ, ജില്ലയിലെമ്പാടും തങ്ങളുടെ അംഗബലം വർധിക്കുമെന്ന് അവർ ഉറപ്പിക്കുന്നു. നഗര മേഖലകളിലാണ് ബി.ജെ.പി മികച്ച ഫലം പ്രതീക്ഷിക്കുന്നത്.
കോഴിക്കോട് ജില്ല
ജില്ല പഞ്ചായത്ത്
ഡിവിഷൻ -28
സ്ഥാനാർഥികൾ -111
കോർപറേഷൻ
വാർഡുകൾ -76
സ്ഥാനാർഥികൾ -326
ബ്ലോക്ക് പഞ്ചായത്തുകൾ (12)
ഡിവിഷനുകൾ -183
സ്ഥാനാര്‍ഥികള്‍ -604
ഗ്രാമ പഞ്ചായത്തുകൾ (70)
വാർഡുകൾ -1343
സ്ഥാനാര്‍ഥികള്‍ -4420
മുനിസിപ്പാലിറ്റികൾ (070
വാർഡുകൾ -273
സ്ഥാനാര്‍ഥികള്‍ -863
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.