കോഴിക്കോട്ട് ഫാത്തിമ തഹ്‌ലിയയെ കളത്തിലിറക്കി യു.ഡി.എഫ്

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ ഭരണം പിടിക്കാൻ വനിത യുവ നേതാവിനെ കളത്തിലിറക്കി യു.ഡി.എഫ്. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ അഡ്വ. ഫാത്തിമ തഹ്‌ലിയയെ ആണ് മത്സരിപ്പിക്കുന്നത്. കോഴിക്കോട് കോർപ്പറേഷന്റെ കുറ്റിച്ചിറ ഡിവിഷനിൽ നിന്നാണ് ഫാത്തിമ തഹ്‌ലിയ ജനവിധി തേടുക.

യുവനേതാക്കളെ കളത്തിലിറക്കി തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന യു.ഡി.എഫിന്റെ നീക്കത്തിന്‍റെ ഭാഗമായാണ് തഹ്‌ലിയയുടെ സ്ഥാനാർഥിത്വം. തിരുവനന്തപുരം കോർപറേഷൻ പിടിക്കാൻ കെ.എസ്. ശബരിനാഥിനെയാണ് കോൺഗ്രസ് കളത്തിലിറക്കിയത്. സമാനരീതിയിൽ കോഴിക്കോടും പിടിച്ചടക്കാനാണ് യു.ഡി.എഫിന്റെ നീക്കം.

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാനിരിക്കെയാണ് തഹ്‌ലിയയുടെ കോർപറേഷൻ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത സ്ഥാനാർഥിത്വം. ആദ്യമായാണ് ഇവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്.

ആദ്യദിനം ലഭിച്ചത്​ 12 പത്രികകൾ

തിരുവനന്തപുരം: സംസ്ഥാനത്ത്​ തദ്ദേശതെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പണം ആരംഭിച്ചു. ആദ്യദിനത്തിൽ പത്ത്​ സ്ഥാനാർഥികളുടെ 12 പത്രികകളാണ്​ ലഭിച്ചത്​. തിരുവനന്തപുരത്ത്​ നാല്​ സ്ഥാനാർഥികളുടെ ആറും പാലക്കാട്​, മലപ്പുറം ജില്ലകളിൽ രണ്ടുവീതവും കോട്ടയം, തൃശൂർ ജില്ലകളിൽ ഒരോ പത്രികയുമാണ്​ വെള്ളിയാഴ്ച സമർപ്പിച്ചത്​. ഇവരിൽ എട്ട്​ പുരുഷന്മാരും രണ്ടു സ്ത്രീകളും ഉൾപ്പെടും.

വരണാധികാരിക്കോ ഉപവരണാധികാരിക്കോ ആണ് പത്രിക സമര്‍പ്പിക്കേണ്ടത്. 21 വരെ രാവിലെ 11 മുതല്‍ വൈകീട്ട്​ മൂന്നുവരെ​ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷ്മപരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം. പത്രികയോടൊപ്പം സ്ഥാവരജംഗമ സ്വത്തുക്കളുടെയും ബാധ്യത/ കുടിശികയുടെയും ക്രിമിനൽ കേസുകളുടെയും ഉൾപ്പടെ വിവരങ്ങൾ നൽകണം. സ്ഥാനാർഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയായിരിക്കണം. സ്ഥാനാർഥി ബധിര-മൂകനാകാൻ പാടില്ല. സ്ഥാനാർഥിയെ നാമനിർദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർഥിക്ക് മൂന്ന്​ സെറ്റ് പത്രിക സമർപ്പിക്കാം.

യുവാക്കൾക്ക്​ കൂടുതൽ പരിഗണന നൽകണം -ചെന്നിത്തല

തിരുവനന്തപുരം: തദ്ദേശ തെ​ര​ഞ്ഞെടുപ്പിൽ യുവാക്കൾക്ക്​ കൂടുതൽ പരിഗണന നൽകണമെന്നാണ്​ തന്‍റെ അഭിപ്രായമെന്ന്​ കോൺഗ്രസ് നേതാവ് രമേശ്​ ചെന്നിത്തല. യൂത്ത് കോൺഗ്രസ് പ്രസിഡന്‍റിന്‍റെ പരാതി പരിശോധിക്കുകയും അവർ തഴയപ്പെട്ടിട്ടുണ്ടെങ്കിൽ പരിഹരിക്കുകയും ചെയ്യുമെന്നാണ്​ തന്‍റെ വിശ്വാസം.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക്​ അവഗണനയുണ്ടായെന്ന്​ തുറന്നടിച്ച്​ യൂത്ത്​ കോൺഗ്രസ്​ സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സ്ഥാനാർഥി നിർണയത്തിൽ പാർട്ടി 30 വർഷം പിറകിലാണെന്ന പരാതി യൂത്ത് പ്രവർത്തകരിലുണ്ട്. പാർട്ടി നേതൃത്വത്തോട് ഇക്കാര്യം ഗൗരവമായി സംസാരിച്ചിട്ടുണ്ടെന്നും അ​ദ്ദേഹം വ്യക്​തമാക്കിയിരുന്നു.

Tags:    
News Summary - Kerala Local Body Election: Fathima Thahiliya contesting from Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.