രമ്യ
പ്ലസ് ടു കഴിഞ്ഞ് 15 വർഷം; നഴ്സ് രമ്യ ഇനി ഡോക്ടർ കുപ്പായത്തിലേക്ക്
എകരൂൽ (കോഴിക്കോട്): നഴ്സിന്റെ കുപ്പായമണിഞ്ഞ് ആശുപത്രി വാർഡുകളിലെ തിരക്കുകൾക്കിടയിലൂടെ രോഗികൾക്ക് മരുന്നും സ്നേഹവും പകർന്നുനൽകുമ്പോഴും ആ 32 വയസ്സുകാരിയുടെ മനസ്സിൽ 15 വർഷം മുമ്പ് സാഹചര്യങ്ങൾ കൊണ്ട് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്ന വലിയ സ്വപ്നമുണ്ടായിരുന്നു. ഡോക്ടറുടെ കുപ്പായമണിയുകയെന്നതായിരുന്നു ആ സ്വപ്നം. ഒടുവിൽ കഠിനാധ്വാനത്തിന്റെ വിയർപ്പും കണ്ണീരുംകൊണ്ട് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ നഴ്‌സിങ് ഓഫിസറായ വയനാട് കോട്ടത്തറ സ്വദേശി എം.സി. രമ്യ എം.ബി.ബി.എസ് സ്വന്തമാക്കുകയാണ്. ഇയ്യാട് കാവിൽ പ്രജീഷിന്റെ ഭാര്യയാണ്.
നീറ്റ് പരീക്ഷയിൽ സർവിസ് ക്വോട്ട വിഭാഗത്തിൽ ഒന്നാം റാങ്ക് എന്ന സുവർണ നേട്ടത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ രമ്യ എം.ബി.ബി.എസ് പ്രവേശനം നേടി. അമ്മയായും ഭാര്യയായും മകളായും കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ നോക്കുന്നതിനൊപ്പം സ്വന്തം സ്വപ്നം യാഥാർഥ്യമാക്കിയതിന്റെ വികാരനിർഭരമായ നിമിഷങ്ങളിലാണിപ്പോൾ രമ്യയും കുടുംബവും.
വയനാട് കോട്ടത്തറ സ്വദേശി രമ്യ 2011ൽ പിണങ്ങോട് ഡബ്ല്യു.ഒ എച്ച്.എസ്.എസിൽനിന്ന് പ്ലസ്ടു പാസായപ്പോൾ മുതൽ ഡോക്ടറാകണമെന്ന ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതിനാൽ 2015ൽ നഴ്‌സിങ് പഠനം പൂർത്തിയാക്കി 2020ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നഴ്‌സിങ് ഓഫിസറായി ജോലിയിൽ പ്രവേശിച്ചു. കോവിഡ് മഹാമാരിയുടെ കാലത്തെ കഠിനമായ ക്യാമ്പ് ഡ്യൂട്ടിക്കിടയിലാണ് നഴ്‌സിങ് ക്വോട്ട വഴിയുള്ള മെഡിക്കൽ പ്രവേശന സാധ്യതകൾ രമ്യ അറിഞ്ഞത്. തുടർന്ന് പകൽ മുഴുവൻ ആശുപത്രിയിലെ ജോലിയും രാത്രിയിൽ കുടുംബകാര്യങ്ങളുമായി തിരക്കിലായപ്പോഴും കിട്ടുന്ന ചെറിയ ഇടവേളകളിൽ ഉറക്കമിളച്ച് എൻട്രൻസ് പുസ്തകങ്ങളെ കൂട്ടുപിടിച്ചു.
32ാം വയസ്സിൽ, കൗമാരക്കാരായ കുട്ടികളോട് മത്സരിച്ച് സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് നേടിയ രമ്യയുടെ വിജയം സഹപ്രവർത്തകർക്കും വലിയ അഭിമാനമായി. ഈ വിജയ നിമിഷത്തിൽ കൂടെയില്ലാത്ത പിതാവ് ശ്രീനിവാസന്റെ ഓർമകൾ രമ്യയെ വികാരഭരിതയാക്കുന്നുണ്ട്. എങ്കിലും യാത്രയിൽ തണലായ അമ്മയുടെ പിതാവ് ഭാസ്‌കരൻ, അമ്മൂമ്മ രാധ, ഭർത്താവ് പ്രജീഷ് കാവിൽ, അമ്മ ഗീത, സഹോദരൻ വിഷ്ണു പ്രസാദ് എന്നിവരുടെ പിന്തുണ രമ്യക്കുണ്ടായിരുന്നു. ഇതിനിടയിലും നാലു വയസ്സുകാരനായ മകൻ ശിവദക്ഷതിനെ ചേർത്തുപിടിക്കാൻ മറന്നില്ല. ഈ മാസം 15ഓടെ നഴ്‌സിങ് യൂനിഫോം അഴിച്ചുവെച്ച് കൈകളിൽ സ്റ്റൈതസ്കോപ്പുമായി പുതിയൊരു പഠനകാലത്തിലേക്ക് രമ്യ ചുവടുവെക്കും. പ്രതികൂല സാഹചര്യങ്ങൾ കാരണം സ്വപ്നങ്ങൾ ഉപേക്ഷിക്കേണ്ടിവരുന്ന എല്ലാ സ്ത്രീകൾക്കും വലിയ പ്രചോദനമാണ് രമ്യയിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.