കോട്ടയം: മുന്നണിമാറ്റത്തിൽനിന്ന് കേരള കോൺഗ്രസ്-എം നേതൃത്വത്തെ തൽക്കാലം പിന്തിരിപ്പിച്ചത് ഭാവിയിൽ പാർട്ടിക്കുണ്ടായേക്കാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള ആശങ്ക. തങ്ങൾ എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുന്നെന്ന് പാർട്ടി ചെയർമാൻ ജോസ് കെ. മാണി മാധ്യമങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കുമ്പോഴും, മുന്നണിമാറ്റം സംബന്ധിച്ച് പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് സമ്മതിക്കുന്നു.
ഭരണമാറ്റമുണ്ടാകുമെന്ന് ഉറപ്പിക്കാനാകാത്തതാണ് മാണിവിഭാഗത്തെ കുഴപ്പിക്കുന്ന പ്രധാനപ്രശ്നം. കേരള കോൺഗ്രസ്-എം എവിടെയുണ്ടോ അവിടെയാകും ഭരണം എന്ന ജോസിന്റെ വാക്കുകൾ വരുംനാളിൽ മുന്നണിമാറ്റം ഉണ്ടായേക്കാമെന്ന സൂചനയാണ്. ഇപ്പോൾ എൽ.ഡി.എഫിന്റെ ഭാഗമായി നിന്നില്ലെങ്കിൽ അത് പാർട്ടിയുടെ പിളർപ്പിനുവരെ വഴിവെച്ചേക്കാമെന്ന വിലയിരുത്തലുമുണ്ടായി.
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണിമാറ്റമെന്ന ആവശ്യം പാർട്ടിയിൽ ശക്തമായിരുന്നു. അതിന് ഇന്ധനം പകരുന്ന നിലക്കായിരുന്നു ക്രിസ്ത്യൻ മതാധ്യക്ഷന്മാരുടെയും സംഘടനകളുടെയും ഇടപെടൽ. ജില്ല കമ്മിറ്റികളിൽ നാലെണ്ണം മുന്നണിമാറ്റത്തെ പിന്തുണക്കുന്ന നിലപാടും സ്വീകരിച്ചു. അതാണ് ജോസ് കെ. മാണിയെയും രണ്ട് എം.എൽ.എമാരെയും മുന്നണിമാറ്റത്തെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, യു.ഡി.എഫിലേക്കുള്ള മടക്കം ജോസ് കെ. മാണിക്ക് വലിയ താൽപര്യമുള്ള കാര്യമായിരുന്നില്ല.
ബാഹ്യസമ്മർദങ്ങൾ അദ്ദേഹത്തെയും മാറ്റിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചെന്നാണ് പാർട്ടിവൃത്തങ്ങൾ നൽകിയ വിവരം. ഇടുക്കിയിൽ വിജയം ഉറപ്പിക്കുന്ന റോഷി അഗസ്റ്റിനും റാന്നിയിൽ വീണ്ടും സാധ്യത പ്രതീക്ഷിക്കുന്ന പ്രമോദ് നാരായണനും മുന്നണി വിടില്ലെന്ന നിലപാട് സ്വീകരിച്ചതോടെ അത് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ടാക്കിയതാണ് ഈ പിന്മാറ്റത്തിന് പിന്നിൽ. ഒരിക്കൽ ചവിട്ടിപ്പുറത്താക്കിയവരെന്ന് പലകുറി ജോസ് പറയുന്ന യു.ഡി.എഫിലേക്ക് മടങ്ങിപ്പോയാൽ പണ്ടത്തെ പരിഗണന ലഭിക്കില്ലെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്, പ്രത്യേകിച്ച് കേരള കോൺഗ്രസ് നേതാക്കൾ നിരന്തരപരിഹാസം തുടരുന്ന സാഹചര്യത്തിൽ. മുന്നണി മാറിയാൽ എൽ.ഡി.എഫിൽനിന്ന് ലഭിച്ച പരിഗണനയും ലഭിക്കാൻ സാധ്യതയില്ല.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 12 സീറ്റാണ് മാണിവിഭാഗത്തിന് എൽ.ഡി.എഫ് നൽകിയതെങ്കിൽ യു.ഡി.എഫിലെത്തിയാൽ അത്രക്ക് സീറ്റുകൾ കിട്ടില്ലെന്നതും ഉറപ്പ്. കഴിഞ്ഞപ്രാവശ്യം അവസാനം നഷ്ടപ്പെട്ട കുറ്റ്യാടിക്ക് പകരം മലബാറിൽ മറ്റൊരു സീറ്റ് കിട്ടുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്. എന്നാൽ, മുന്നണി മാറിയാൽ പാലാ, കടുത്തുരുത്തി ഉൾപ്പെടെ മണ്ഡലങ്ങൾ കൈയിൽനിന്ന് പോകുകയും ചെയ്യും.
കേരള കോൺഗ്രസിനെപ്പോലെ കോട്ടയത്തെ കോൺഗ്രസുകാർക്കും മാണിവിഭാഗം എത്തുന്നതിനോട് വലിയ താൽപര്യമില്ല. അവരുടെ ‘പാര’യും നേരിടേണ്ടതായിവരും. മാണിവിഭാഗം എത്തിയാൽ മധ്യതിരുവിതാംകൂറിൽ മികച്ച നേട്ടം കൈവരിക്കാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നീക്കം. വരുന്ന തെരഞ്ഞെടുപ്പിൽ തങ്ങൾ യു.ഡി.എഫിനെയാകും പിന്തുണക്കുകയെന്ന ക്രൈസ്തവ സംഘടനകളുടെ മുന്നറിയിപ്പും മാണിവിഭാഗത്തിൽ ചാഞ്ചാട്ടമുണ്ടാക്കി.
16ന് നടക്കുന്ന കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ചയാകുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.