ന്യൂഡൽഹി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിൽ തർക്കമുണ്ടെന്ന മാധ്യമ വാർത്തയോട് പ്രതികരിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സ്ഥാനാർഥി നിർണയം സംബന്ധിച്ച് കോൺഗ്രസിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വേണുഗോപാൽ പറഞ്ഞു.
കോൺഗ്രസിൽ ഭിന്നതയുണ്ടെന്ന് വരുത്തി തീർക്കാനാണ് ശ്രമിക്കുന്നത്. സ്ഥാനാർഥിയാകാൻ താൽപര്യമുള്ള ചിലരുടെ ആഗ്രഹത്തെ ഊതിവീർപ്പിക്കുകയാണ്. തെരഞ്ഞെടുപ്പ് തീയതി വന്നുകഴിഞ്ഞാൽ ഉടൻ തന്നെ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. യു.ഡി.എഫ് സ്ഥാനാർഥി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി
അതേസമയം, രണ്ടു തവണ കൈവിട്ടുപോയ മണ്ഡലത്തിൽ ഇത്തവണ എല്ലാ ഘടകങ്ങളും അനുകൂലമാണെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോഴും കോൺഗ്രസ് സ്ഥാനാർഥി നിർണയം കീറാമുട്ടിയായി തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഈയാഴ്ചയുണ്ടാവുമെന്നാണ് കരുതുന്നത്. അന്നുതന്നെ സ്ഥാനാർഥിയെയും പ്രഖ്യാപിക്കാനാണ് കോൺഗ്രസ് തീരുമാനം.
ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയി, കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് എന്നിവരാണ് സ്ഥാനാർഥിപ്പട്ടികയിലുള്ളത്. രണ്ടുപേരും പിന്മാറാൻ സന്നദ്ധരല്ല. കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയ സർവേയിൽ ജോയിക്കാണ് കൂടുതൽ പിന്തുണ ലഭിച്ചത്. അതേസമയം, സീറ്റ് വേണമെന്ന വാശിയിലാണ് ആര്യാടൻ ഷൗക്കത്ത്. മണ്ഡലത്തിൽ പ്രധാന ഘടകമായ പി.വി. അൻവറിന്റെ പിന്തുണ തുടക്കം മുതൽ ജോയിക്കാണ്.
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും ഉപതെരഞ്ഞെടുപ്പിന്റെ യു.ഡി.എഫിന്റെ ചുമതലക്കാരനുമായ എ.പി. അനിൽകുമാർ എം.എൽ.എ പി.വി. അൻവറുമായി ചർച്ച നടത്തിയിട്ടുണ്ട്. ജോയിക്കു തന്നെയാണ് തന്റെ പിന്തുണയെന്നാണ് അൻവർ അറിയിച്ചതെന്നാണ് സൂചന. മുസ്ലിം ലീഗ് ആർക്ക് അനുകൂലമാവുമെന്നതും പ്രധാനമാണ്. ലീഗുമായി ഷൗക്കത്തിനേക്കാൾ ബന്ധം ജോയിക്കാണ്.
സ്ഥാനാർഥിനിർണയം കീറാമുട്ടിയായ സ്ഥിതിക്ക് കോൺഗ്രസ് പട്ടികയിൽ മൂന്നാമതൊരു സ്ഥാനാർഥിയെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. അങ്ങനെയെങ്കിൽ അവസാന നിമിഷം കോൺഗ്രസ് പട്ടികയിൽ ട്വിസ്റ്റ് ഉണ്ടാവും. കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദലിയെപ്പോലുള്ളവർ പട്ടികയിൽ ഇടം നേടാനും സാധ്യതയുണ്ട്.
ഭരണവിരുദ്ധവികാരം, അൻവർ ഫാക്ടർ, വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ വെള്ളപൂശിയ മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ എന്നിവയെല്ലാം മണ്ഡലത്തിൽ തങ്ങൾക്കനുകൂല ഘടകമാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ഇടതുമുന്നണിയുടെ സ്ഥാനാർഥി പ്രഖ്യാപനം കോൺഗ്രസ് പ്രഖ്യാപനത്തിനു ശേഷമേ ഉണ്ടാവൂ എന്നാണ് നേതാക്കൾ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.