നീലേശ്വരം: 'നോക്കിവളർത്തിയതാണ്, വിളവെടുക്കാൻ മാസങ്ങൾ മാത്രം പക്ഷേ, എല്ലാം കാട്ടുപന്നികൾ നശിപ്പിച്ചുവല്ലോ' എന്ന് കണ്ണീരോടെയാണ് ജോസഫ് എന്ന കർഷകൻ പറഞ്ഞു തീർത്തത്. കിനാനൂർ കരിന്തളം പഞ്ചായത്തിലെ പത്താം വാർഡിലെ കെ.ജെ. ജോസഫിന്റെ ഒരേക്കറിലധികം വരുന്ന കപ്പ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. കൃഷിക്ക് ചുറ്റും ഇരുമ്പുവേലിക്കൊണ്ട് വലയം തീർത്തിട്ടും ഇതെല്ലാം തകർത്തു. ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷിയാരംഭിച്ചത്.
ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ജോസഫ് പറഞ്ഞു. എല്ലാദിവസവും രാവിലെ തോട്ടത്തിലെത്തുന്ന ജോസഫ് കഴിഞ്ഞദിവസം എത്തിയപ്പോഴാണ് നെഞ്ചുതകർക്കുന്ന കാഴ്ച കണ്ടത്. രണ്ടുവർഷം നല്ലരീതിയിൽ വിളവ് ലഭിച്ചെങ്കിലും ഇത്തവണ ബാങ്കിൽ നിന്നെടുത്ത വായ്പ എങ്ങനെ തിരിച്ചടക്കുമെന്ന ആധിയിലാണ്.
വെള്ളരിക്കുണ്ട് ടൗണിലെ ഓട്ടോ ഡ്രൈവർ കൂടിയായ ഇദ്ദേഹം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനാണ് കാർഷിക വൃത്തിയിലേക്ക് തിരിഞ്ഞത്. മുന്നോട്ടുള്ള കൃഷിക്കായി പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജോസഫ്. മലയോരത്ത് വർധിക്കുന്ന വന്യജീവിശല്യം തടയാൻ അധികൃതർ മുന്നിട്ടിറങ്ങണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.