കാഞ്ഞങ്ങാട്: സർക്കാർ, എയിഡഡ് മേഖലയിലെ അധ്യാപകരും മറ്റിതര വകുപ്പുകളിലെ ജീവനക്കാരും ജില്ലയിലെ വിവിധ ട്യൂഷൻ സെന്ററുകൾ, പി.എസ്.സി, എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ ക്ലാസെടുക്കുന്നതായി വിജിലൻസ് നടത്തിയ റെയ്ഡിൽ കണ്ടെത്തി. സർക്കാർ അധ്യാപകരടക്കം സ്വകാര്യ സ്ഥാപനങ്ങളിൽ ക്ലാസെടുക്കുന്നെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന മിന്നൽ പരിശോധനയിലാണ് ഉദ്യോഗസ്ഥരും അധ്യാപകരും ഗുരുതരമായ ചട്ടവിരുദ്ധ പ്രവർത്തനം നടത്തുന്നതും ഇതുവഴി പണം സമ്പാദിക്കുന്നതായും വിജിലൻസ് കണ്ടെത്തൽ. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നീലേശ്വരം, ചെറുവത്തൂർ തുടങ്ങിയ സ്ഥലങ്ങളിലെ ട്യൂഷൻ, കോച്ചിങ് സെന്ററുകളിലായിരുന്നു പരിശോധന. വിവിധ സെന്ററുകളിൽ സ്കൂൾ അധ്യാപകരും മറ്റ് ജീവനക്കാരും ഇടവേളകളിൽ ക്ലാസുകൾ എടുക്കുന്നതായി വിജിലൻസ് പരിശോധനയിൽ വ്യക്തമായി. സ്വകാര്യ സ്ഥാപനങ്ങളിൽ ട്യൂഷൻ എടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്കായി പരിശോധനയുടെ വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
സ്ഥാപനങ്ങളെ നിരീക്ഷിച്ച് വരുംദിവസങ്ങളിലും പരിശോധന തുടരാനാണ് വിജിലൻസ് തീരുമാനം. അന്വേഷണം നടത്തിയ വിജിലൻസ് സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ വി.എം. മധുസൂദനൻ, പി.വി. സതീശൻ, അസി. സബ് ഇൻസ്പെക്ടർമാരായ വി.ടി. സുഭാഷ് ചന്ദ്രൻ, പ്രിയ നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ മാരായ പി.കെ. രഞ്ജിത്കുമാർ, കെ.ബി. ബിജു, കൃഷ്ണൻ എന്നിവരും പെരിയ കൃഷി ഓഫിസർ സി. പ്രമോദ്കുമാറും ഉണ്ടായിരന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.