തൃക്കരിപ്പൂരിലെ അടച്ചുപൂട്ടിയ ഏകാംഗ ട്രഷറി (ഫയൽ ചിത്രം)
തൃക്കരിപ്പൂര്‍: നിയമസഭയിൽ പ്രഖ്യാപിച്ച തൃക്കരിപ്പൂർ സബ് ട്രഷറി യാഥാർഥ്യമായില്ല. 2014 ജനുവരിയില്‍ ബജറ്റ് ചര്‍ച്ചക്കിടെയാണ് അന്നത്തെ ധനമന്ത്രി കെ.എം. മാണി തൃക്കരിപ്പൂരില്‍ സബ് ട്രഷറി അനുവദിച്ചതായി കെ. കുഞ്ഞിരാമന് എം.എല്‍.എയെ അറിയിച്ചത്. പിന്നീട് നടപടികള്‍ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ഏകാംഗ ട്രഷറി അടച്ചുപൂട്ടുകയും ചെയ്തു. 2004ലിലാണ് തൃക്കരിപ്പൂര്‍ സബ് ട്രഷറി അനുവദിച്ച് ഉത്തരവായത്. മുഴുവന്‍ സൗകര്യങ്ങളോടും കൂടിയ കെട്ടിടത്തിന്റെ സമ്മതപത്രം ഉൾപ്പെടെ തൃക്കരിപ്പൂര്‍ പഞ്ചായത്ത് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടും സബ് ട്രഷറി യാഥാർഥ്യമായില്ല.
അഞ്ചോളം പഞ്ചായത്തുകളിലെ നൂറുകണക്കിന് ഓഫിസുകള്‍ക്ക് തൃക്കരിപ്പൂരിലെ സബ് ട്രഷറി പ്രയോജനപ്പെടുത്താന്‍ സാധിക്കും. മാസത്തില്‍ ഒന്നോ രണ്ടോ ദിവസം ലഭിച്ചിരുന്ന ഏകാംഗ ട്രഷറിയുടെ സേവനം വിദ്യാര്‍ഥികള്‍ക്ക് ചലാനില്‍ ഫീസ് അടക്കുന്നതിനും നൂറുകണക്കിന് പെന്‍ഷന്‍കാര്‍ക്ക് വേതനം ലഭിക്കുന്നതിനും പ്രയോജനപ്പെട്ടിരുന്നു. പദവി ഉയർത്തിക്കിട്ടും എന്ന പ്രതീക്ഷകള്‍ക്കിടയിലാണ് ഏകാംഗ ട്രഷറിയും അടച്ചുപൂട്ടിയത്. ധനവകുപ്പിന്റെ 2011 ആഗസ്റ്റ് 24ന് ഇറങ്ങിയ 6538/11 എന്ന ഉത്തരവിലൂടെ 100 സബ് ട്രഷറികള്‍ അനുവദിച്ചപ്പോള്‍ തൃക്കരിപ്പൂരിലേത് ഉള്‍പ്പടെ ഏകാംഗ ട്രഷറികള്‍ പൂട്ടുകയായിരുന്നു. യു.ഡി.എഫ് മന്ത്രിസഭയാണ് സബ് ട്രഷറി അനുവദിച്ച് ഉത്തരവായത്. അന്നത്തെ ധനമന്ത്രി വക്കം പുരുഷോത്തമന് സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി അനുമതി മരവിപ്പിക്കുകയായിരുന്നു.
ആയിടക്ക് നൂറു ട്രഷറികള്‍ അനുവദിക്കപ്പെട്ടപ്പോഴും തൃക്കരിപ്പൂര്‍ തഴയപ്പെട്ടു. പിന്നീട് തൃക്കരിപ്പൂരില്‍ നിന്നുള്ള യു.ഡി.എഫ് പ്രതിനിധി സംഘം തിരുവനന്തപുരത്ത് ചെന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു.
തൃക്കരിപ്പൂര്‍ സബ് ട്രഷറി ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്ത കുറിപ്പുകളും നല്‍കിയിരുന്നു. ട്രഷറി ‘അനുവദിച്ച’ യു.ഡി.എഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് യു.ഡി.എഫ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മറ്റിയും ട്രഷറി ‘കൊണ്ടുവരാന്‍ പ്രയത്നിച്ച’ എം.എല്‍.എയെ മുന്നില്‍ നിര്‍ത്തി സി.പി.എമ്മും തൃക്കരിപ്പൂരില്‍ പ്രകടനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.