മേരി, ഷിബു, ബബിത
കാസർകോട്: സംസ്ഥാന സർക്കാറിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം പ്രഖ്യാപ്പിച്ചപ്പോള്‍ ജില്ലയെ തേടിയെത്തിയ പുരസ്‌കാരങ്ങളുടെ എണ്ണം മൂന്നാണ്. പാചക തൊഴില്‍ മേഖലയില്‍ മേരി മെല്‍ഡോ, കള്ള് ചെത്ത് മേഖലയില്‍ ഷിബു എ. ബാര്‍ബര്‍, ബ്യൂട്ടീഷന്‍ മേഖലയില്‍ ബബിത ബേബി എന്നിവരാണ് കാസര്‍കോടിന്റെ ആ കര്‍മയോഗികള്‍.
അതിജീവനത്തിന്റെ രുചിക്കഥ രചിച്ച് മേരി
മടക്കര ഹാര്‍ബറിലെ കാന്റീനിലെ ഏക പാചകക്കാരിയായ മേരിയൊരുക്കുന്ന ഭക്ഷണത്തിന്റെ രുചി ഒരിക്കല്‍ കഴിച്ചവര്‍ മറക്കില്ല. പുലര്‍ച്ച 5.30ന് ആരംഭിക്കുന്ന ജോലി വൈകീട്ട് അഞ്ചോടെയാണ് അവസാനിക്കുന്നത്. പൊറോട്ട, പൂരി, നെയ്പത്തല്‍, ഹാര്‍ബറിലെ മീന്‍കൊണ്ടുള്ള വിവിധതരം കറികള്‍, ചിക്കന്‍കറി, വെജിറ്റബിള്‍ കറി എന്നിവ ചൂടോടെ ലഭിക്കും. ഇതിനുപുറമെ ഉച്ചയൂണ്, നെയ്‌ച്ചോറ്, ചായ, നാടന്‍കടികള്‍ എന്നിവയും മേരിയുടെ വകയായി കാന്റീനിലുണ്ട്. കഴിഞ്ഞ മൂന്നര വര്‍ഷമായി ഈ കാന്റീന്‍ മേരിയുടെ വിശ്വസ്ത കരങ്ങളിലാണ് സുരക്ഷിതമായി മുന്നോട്ടുപോകുന്നത്.
എറണാകുളം തേവര സ്വദേശിയായ മേരി ബി.കോം ബിരുദധാരിയാണ്. പഠനത്തിനുശേഷം ഫിനാന്‍സ് മേഖലയിലായിരുന്നു ആദ്യം ജോലി ചെയ്തിരുന്നത്. ചെറുവത്തൂര്‍ സ്വദേശിയായ ജിനീഷിനെ വിവാഹം കഴിച്ചതോടെയാണ് മേരി ഇവിടേക്ക് വരുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജിനീഷ് ഹൃദയാഘാതം മൂലം അപ്രതീക്ഷിതമായി വിടപറഞ്ഞത്. കാടങ്കോട് ഗവ. ഫിഷറീസ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അമന്‍ ദയാലാണ് മകൻ. നിലവില്‍ ചെറുവത്തൂര്‍ നെല്ലിക്കാലിലാണ് മേരിയും മകനും താമസിക്കുന്നത്.
പാലക്കാടുനിന്ന് 2007ലാണ് ഷിബു ഉപജീവനത്തിനായി പൊയിനാച്ചിയിലേക്ക് എത്തുന്നത്. കൈമുതലായി ഉണ്ടായിരുന്നത് അധ്വാനിക്കാനുള്ള മനസ്സും തെങ്ങുചെത്താനുള്ള നൈപുണ്യവും മാത്രം. നീണ്ട 19 വര്‍ഷത്തെ കഠിനാധ്വാനം ഷിബുവിനെ ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച കള്ള് ചെത്ത് തൊഴിലാളിയായി മാറ്റിയിരിക്കുന്നു. വിശ്രമമില്ലാത്ത അധ്വാനമാണ് അദ്ദേഹത്തിന്റെ വിജയരഹസ്യം. രാവിലെ ആറുമുതല്‍ എട്ടുവരെയും, പിന്നീട് ഉച്ചക്ക് പതിനൊന്നു മുതല്‍ രണ്ടര വരെയും വൈകീട്ട് അഞ്ചുമുതല്‍ ഏഴുവരെയും ജോലി നീളും. കളനാട് കള്ള് ഷാപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇദ്ദേഹം, പൊയിനാച്ചിയിലെ ലൈസന്‍സി തെങ്ങുകളിലാണ് ചെത്തുന്നത്. 70,000 മുതല്‍ 80,000 രൂപ വരെയാണ് ഈ അധ്വാനത്തിലൂടെ അദ്ദേഹം പ്രതിമാസം സ്വന്തമാക്കുന്നത്.
ഈ വിജയഗാഥയില്‍ പൂര്‍ണ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. പിതാവ് അപ്പുണ്ണി, മാതാവ് ലക്ഷ്മി, ഭാര്യ ചിക്കുമോള്‍, മക്കളായ അഭിദേവ്, അയാന്‍ദേവ്, ആയുഷ്ദേവ് എന്നിവരടങ്ങുന്നതാണ് പൊയിനാച്ചിയിലെ ഷിബുവിന്റെ കുടുംബം.
2022-23 വര്‍ഷത്തില്‍ ക്ഷേമനിധി ബോര്‍ഡിന്റെ 'ഏറ്റവും കൂടുതല്‍ കള്ളളക്കുന്ന ആള്‍' എന്ന ബഹുമതിയും ഷിബുവിനെ തേടിയെത്തിയിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും 27ന് തിരുവനന്തപുരത്തുവെച്ച് നടക്കുന്ന ചടങ്ങില്‍വെച്ച് തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി സമ്മാനിക്കും.
1997ല്‍ ബ്യൂട്ടീഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയെങ്കിലും 2011 മുതലാണ് ഈ രംഗത്ത് ബബിത സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. നീണ്ട 16 വര്‍ഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച ഈ അംഗീകാരത്തില്‍ ഏറെ അഭിമാനമുണ്ടെന്ന് ബബിത പറയുന്നു. തന്റെ ഈ വിജയയാത്രയില്‍ ഏറ്റവും വലിയ കരുത്തായി നിന്നത് ഭര്‍ത്താവ് എം.പി. മാത്യുവാണ്. തന്റെ ജീവിതത്തിലെ ഈ വലിയ സന്തോഷം പങ്കുവെക്കാന്‍ പ്രിയപ്പെട്ട അമ്മ കൂടെയില്ലാത്തത് ബബിതയുടെ മനസ്സില്‍ വിങ്ങുന്ന നൊമ്പരമാണ്. താന്‍ പരിശീലനം നല്‍കിയ ഒട്ടേറെ വിദ്യാര്‍ഥികള്‍ ഇന്ന് സ്വന്തം നിലയില്‍ തൊഴില്‍ സ്ഥാപനങ്ങള്‍ തുടങ്ങിയതില്‍ സംതൃപ്തിയുണ്ടെന്ന് അവര്‍ പറഞ്ഞു.
ലേബര്‍ ഓഫിസിൽനിന്ന് ലഭിച്ച അറിവ് വെച്ച് പുരസ്‌കാരത്തിന് അപേക്ഷിച്ച ബബിത, കടുത്ത മത്സരങ്ങള്‍ക്കൊടുവിലാണ് സംസ്ഥാനത്തെ ഏറ്റവും മികച്ച ബ്യൂട്ടീഷനായി തിരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് റസ്റ്റാറന്റ് നടത്തുന്ന ഭര്‍ത്താവ് മാത്യു, ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയായ മകള്‍ അലൈക്ക എലിസബത്ത്, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ മകന്‍ ആഷിക് മാത്യു എന്നിവരോടൊപ്പം കാഞ്ഞങ്ങാട്ടാണ് ബബിത താമസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.