അടക്കത്ത്ബൽ മുഹിയിദ്ദീൻ ജുമാമസ്ജിദിന്റെ ഖുബ്ബ
വർണവിസ്മയം; കേരളത്തിലെ ഏറ്റവും വലിയ ‘ഖുബ്ബ’ കാസർകോട്ട്
കാസർകോട്: കുപ്പിച്ചില്ലുകൾകൊണ്ടുള്ള ‘ഖുബ്ബ’യാൽ വർണവിസ്മയം തീർത്ത് പുതുതായി നിർമിച്ച അടക്കത്ത്ബൽ മുഹിയിദ്ദീൻ ജുമാമസ്ജിദ്. ഒമ്പതുമാസംകൊണ്ടാണ് കുപ്പിച്ചില്ലുകൾകൊണ്ട് ഖുബ്ബ തയാറാക്കിയിരിക്കുന്നത്. ഇതിനുചുറ്റിലും അല്ലാഹുവിന്റെ 99 നാമങ്ങളുമുണ്ട്. മുഗൾ രാജാക്കന്മാരുടെ കാലത്ത് ഉത്തരേന്ത്യയിലെ മുസ്‍ലിം പള്ളികളിൽ ഇതുപോലെ ചെറിയ കുപ്പിച്ചില്ലുകൾ കൊണ്ട് നിർമിച്ച ഖുബ്ബകൾ കാണാറുണ്ടെന്നാണ് ചരിത്രന്വേഷികളും വിശ്വാസികളും പറയുന്നത്. എന്നാൽ, ഇത്രയും വലുത് ആദ്യമായാണ് കാണുന്നതെന്നും ഇവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പത്ത് മീറ്റർ നീളവും 15 മീറ്റർ വീതിയിലുമാണ് ഇത് പണിതിരിക്കുന്നത്. ഉത്തരേന്ത്യൻ വിദഗ്ധർ കാസർകോട്ടെത്തിയാണ് ഇത് പണിതതെന്ന് പള്ളിഭാരവാഹി അബ്‌ദുൽ കരീം പറഞ്ഞു. മൂന്നുനിറങ്ങളിലാണ് ഖുബ്ബ കാണാൻ കഴിയുക.
20 ലക്ഷം രൂപയാണ് ഖുബ്ബക്ക് മാത്രമായി ചെലവായത്. വിശുദ്ധ റമദാനിലാണ് ഇത് തുറന്നുകൊടുത്തിരിക്കുന്നത്. നഗരത്തിൽനിന്ന് മൂന്നു കിലോമീറ്റർ മാത്രം ദൂരമുള്ള ഇവിടേക്ക് വ്രതാരംഭത്തിന് തുടക്കമായതോടെ നിരവധി വിശ്വാസികളാണെത്തുന്നത്. കാസർകോട്ടുനിന്ന് മംഗളൂരു ഭാഗത്തേക്ക് മൂന്നു കിലോമീറ്റർ അടുത്താണ് പള്ളി.
കെ.എസ്. അലി തങ്ങൾ കുമ്പോലാണ് ഉദ്ഘാടനം നിർവഹിച്ചത്. മാലിക് ദീനാർ ഖതീബ് അബ്ദുൽ മജീദ് ബാഖവി കൊടുവള്ളി വഖ്ഫ് നിർവഹിച്ചു. കർണാടക നിയമസഭ സ്പീക്കർ യു.ടി. ഖാദർ മുഖ്യാതിഥിയായി. ആദ്യ ജുമാ നമസ്കാരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.