ജസീല
കാസർകോട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട് പൊലീസ് ചോദ്യംചെയ്തതിന് പിന്നാലെ പൊലീസിനും ഭർതൃവീട്ടുകാർക്കും അയൽവീട്ടുകാർക്കുമെതിരെ മൊബൈൽ ഫോണിൽ വിഡിയോ റെക്കോഡ് ചെയ്തശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വാർത്തക്ക് ആധാരമായ വിഷയത്തിൽ ജില്ല പൊലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മാർച്ചിൽ കാസർകോട്ട് നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
ആലംപാടി നാൽത്തടുക്കയിൽ നബീസത്ത് ജസീലയാണ് ജീവനൊടുക്കിയത്. ഈ മാസം 15ന് വിഷം കഴിച്ച ജസീല ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭർത്താവിന്റെ ബോവിക്കാനം പൊവ്വലിലെ വീടിനു സമീപത്തുനിന്ന് ഒമ്പതര പവൻ സ്വർണം കാണാതെ പോയ സംഭവത്തിലാണ് ജസീലയെ പൊലീസ് ചോദ്യം ചെയ്തത്. അയൽവാസിയും ജസീലയുടെ ഭർതൃവീട്ടുകാരും ജസീലയുടെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയതിന് പിന്നാലെയാണ് വിഷം കഴിച്ചത്. താൻ മനോസംഘർഷം അനുഭവിക്കുകയാണെന്നും മോഷ്ടിച്ചിട്ടില്ലെന്നും ജസീല പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു.
കാസർകോട്: മോഷണം ആരോപിച്ചതിനെ തുടർന്ന് ജീവനൊടുക്കിയ നാൽത്തടുക്കയിലെ ജസീലയുടെ മരണത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്‍ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല യൂത്ത് ലീഗ് സംഘം ജസീലയുടെ കുടുംബത്തെ സന്ദർശിച്ചു.
ഈ കേസിൽ പൊലീസിന്റെ ഭാഗത്തുനിന്ന് നീതി നിഷേധിക്കപ്പെട്ടുവെന്നും ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും നേതാക്കൾ വിമർശിച്ചു. സംഭവത്തിൽ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് എടനീർ, ജില്ല ജനറൽ സെക്രട്ടറി സഹീർ ആസിഫ്, സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി. കബീർ, ജില്ല ഭാരവാഹികളായ എം.ബി. ഷാനവാസ്, എം.എ. നജീബ്, പൈച്ചു ചെർക്കള, ജമാഅത്ത് കമ്മിറ്റി ട്രഷറർ അഷാഫ് നാൽത്തടുക്ക, ഫാറൂഖ് ബെള്ളൂറടക്ക, യൂത്ത് ലീഗ് നാൽത്തടുക്ക ശാഖ ഭാരവാഹികളായ മച്ചു നാൽത്തട്ക്ക, ബച്ചി ബെർള, എം.ഡി. സാലിഹ്, ബാത്തിഷ എന്നിവർ സംസാരിച്ചു.
കാസർകോട്: ജില്ലയിലെ നാലത്തടുക്കയിൽ യുവതി ആത്മഹത്യചെയ്ത സംഭവം അതി ദുഃഖകരവും സമൂഹ മനഃസാക്ഷിയെ നടുക്കുന്നതുമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി. വ്യാജ മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിക്കപ്പെട്ടതാണ് യുവതിയെ ഇത്തരം ദാരുണതീരുമാനത്തിലേക്ക് നയിച്ചതെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവത്തോടെ അന്വേഷിക്കണം. സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും ജില്ല പ്രസിഡന്റ് സുബൈർ ദാരിമി പടന്ന, ജില്ല ജന. സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കാസർകോട്: ജസീലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട വിഷയത്തിൽ ദുരൂഹത പുറത്തുകൊണ്ടുവരാൻ ഉന്നതതല അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ ജില്ല പ്രസിഡന്റ് സി.എ. സവാദ്. നിരപരാധിയായ ജസീലയെ കള്ളിയാക്കിയതും ശേഷം പൊലീസിൽനിന്ന് നീതി ലഭിച്ചില്ലാ എന്നതും ഗൗരവമുള്ളതാണ്. ആത്മഹത്യക്ക് കാരണമായതിന് പിന്നിൽ പ്രവർത്തിച്ച വ്യക്തികൾക്ക് ബാഹ്യമായ ചില ഇടപെടലുള്ളതായി കുടുംബം ആരോപിക്കുമ്പോൾ ഭർത്താവ് അടക്കമുള്ള ആളുകളെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തി മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കാൻ ബന്ധപ്പെട്ട അധികാരികൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജസീലയുടെ വീട് ജില്ല പ്രസിഡന്റ് സി.എ. സവാദ്, ജില്ല ജന. സെക്രട്ടറി ഖാദർ അറഫ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.